തെരുവുനായ്ക്കളുടെ ഭീഷണിയിലും ഭീതിയിലുമായി നാട് പകച്ചുനില്ക്കുമ്പോള് പാലക്കാടു സ്വദേശിനിയായ ശകുന്തളയ്ക്ക് ഓര്മ വരുന്നത് തന്റെ മുന്‍കാല ജീവിതവൃത്തിയെ കുറിച്ചാണ്. പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരില്‍ നമ്പാടത്ത് ലക്ഷംവീട്ടില്‍ താമസിക്കുന്ന ശകുന്തള ഒരിക്കല്‍ ചെയ്തിരുന്ന ജോലി നായപിടുത്തമായിരുന്നു. 45-കാരിയായ ഇവര്‍ ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുത്താണ് ജീവിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത നായപിടിത്തക്കാരനായിരുന്ന അറുമുഖന്റെയും തങ്കത്തിന്റെയും ഏകമകളാണ് ശകുന്തള. അച്ഛനും അമ്മയും മകളും സംസ്ഥാനത്തുടനീളം നഗരസഭകള്‍ക്കും ഗ്രാമപ്പഞ്ചായത്തുകള്‍ക്കും വേണ്ടി തെരുവുനായ്ക്കളെ പിടിച്ചിരുന്നു.
1998-99ല്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ പേവിഷ നിര്‍മാര്‍ജനയജ്ഞം നടത്തിയിരുന്നു. അറുമുഖനും ഭാര്യ തങ്കവും മകള്‍ ശകുന്തളയുമടങ്ങിയ എട്ടംഗസംഘം 5000-ത്തോളം തെരുവുനായ്ക്കളെ പിടികൂടി. അന്ന് വെറ്ററിനറി സര്‍ജനായിരുന്ന ഡോ. രാജന് ചുങ്കത്തിനായിരുന്നു പദ്ധതിയുടെ നേതൃത്വം. ഉടമസ്ഥനുള്ള നായ്ക്കളെ വന്ധ്യംകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഈ കാലത്ത് ശകുന്തളയ്ക്ക് നായപിടിത്തത്തിന്റെ അംഗീകാരമായി ഒരു സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് ജോലി നല്‍കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. തൃത്താലയിലെ പേ നിര്മാര്ജനയജ്ഞത്തെക്കുറിച്ച് ഡോ. രാജന് ചുങ്കത്തിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ലേഖനത്തിലൂടെ ഇതേ കുറിച്ച് അറിഞ്ഞ മന്ത്രി മേനകാഗാന്ധി അന്ന് അറുമുഖന് കത്തെഴുതി. നായ്ക്കളെ കൊന്നൊടുക്കാന്‍ പാടില്ലെന്നും നിങ്ങള്‍ അതില്‍നിന്നും പിന്മാറണമെന്നും അലഞ്ഞുതിരിയുന്ന നായ്ക്കളെ സ്പോണ്‍സര്‍മാര്‍ വഴി വളര്‍ത്തുകയാണ് വേണ്ടതെന്നുമായിരുന്നു കത്തിലെ ചുരുക്കം. ഇതോടെ അറുമുഖന് ഈ ജോലിയെടുക്കാന്‍ പേടിയും ആധിയുമായി. ഒന്‍പത് വര്‍ഷം മുന്‍പ് അറുമുഖന് മരിച്ചു.
ശകുന്തളയ്ക്ക് ഒപ്പമുള്ള അമ്മ തങ്കത്തിന്റെ ആശ്രയം വിധവാപെന്ഷന് മാത്രമാണ്. ഏത് ശൗര്യമുള്ള നായ്ക്കളെയും പിടിക്കാന്‍ കഴിവും തന്റേടവുമുള്ള ശകുന്തള ഇപ്പോഴും സ്വപ്നം കാണുന്നത് സര്‍ക്കാര്‍ ജോലിയാണ്. ജോലി കിട്ടിയാല്‍ നായപിടിത്തത്തിന് തയ്യാറാണെന്നും ശകുന്തള ഉറപ്പ് നല്കുന്നു. ഭര്‍ത്താവും മൂന്ന് കുട്ടികളുമൊത്ത് ഓങ്ങല്ലൂരിലെ ലക്ഷംവീട്ടില്‍ കഴിയുകയാണ് ശകുന്തള.