ലോകം അഞ്ചു മാസ്മരിക വലയത്തിലേക്ക് ചുരുങ്ങുകയും വലുതാവുകയും ചെയ്യുന്ന സമയമാണ് ഒളിമ്പിക്‌സ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം. ഫെല്‍പ്‌സെന്ന സുവര്‍ണ മല്‍സ്യവും വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും കുളവും കളവും നിറഞ്ഞ ഒളിമ്പിക്‌സ്. എന്നാല്‍ ഈ കായിക മാമാങ്കത്തിന്റെ ആദ്യ പന്ത്രണ്ടു ദിവസവും മെഡല്‍ പട്ടികയില്‍ ഇന്ത്യയെന്ന വലിയ രാജ്യം ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നിന്നു.

132 കോടി ജനങ്ങളുടെ അഭിമാനം ഉയര്‍ത്താന്‍ വേണ്ടി വന്നത് മൂന്നു പെണ്‍കുട്ടികളാണ്. സോഷ്യല്‍ മീഡിയയിലെ രസികന്മാര്‍ പറയുമ്പോലെ അതേ പെണ്ണുങ്ങള്‍. ദിപ കര്‍മാകര്‍, സാക്ഷി മാലിക്, പി വി സിന്ധു. ജിംസാസ്റ്റിക്‌സിലും ഫ്രീസ്റ്റൈല്‍ ഗുസ്തിയിലും ബാഡ്മിന്റണിലും ഇവര്‍ കളം നിറഞ്ഞു കളിച്ചു ജേതാക്കളായി. മെഡല്‍ നേടാനായില്ലെങ്കിലും ദിപയുടെ നേട്ടത്തിന് സ്വര്‍ണ മെഡലിന്റെ പ്രഭയുണ്ടായിരുന്നു. 

പി വി സിന്ധു
പുസര്‍ല വെങ്കട്ട സിന്ധു, ഇത്രയും മനോഹരമായ ഒരു പേര് ഇത്രയും കാലത്തിനിടയ്ക്ക് ഇന്ത്യ കേട്ടിട്ടുണ്ടാവില്ല. കളത്തിലിറങ്ങിയ മഞ്ഞക്കുപ്പായക്കാരിക്കു വേണ്ടി ആര്‍ത്തു വിളിച്ചിട്ടുണ്ടാവില്ല. ഇന്ത്യയിലേക്ക് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ കൊണ്ടുവന്നതിന്, രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിച്ചതിനായിരുന്നു ആ അഭിനന്ദനം അത്രയും.

പതിനേഴാം വയസില്‍ ബി എഫ് ഡബ്ല്യവിന്റെ ആദ്യ ഇരുപതില്‍ വന്നതോടെയാണ് സിന്ധു ശ്രദ്ധേയയാകുന്നത്. മുന്‍വോളിബോള്‍ താരങ്ങളായ പി.വി. രമണയും പി. വിജയയുമാണ് സിന്ധുവിന്റെ മാതാപിതാക്കള്‍. എട്ടാമത്തെ വയസു മുതലാണ് സിന്ധു റാക്കറ്റ് ഏന്തിത്തുടങ്ങിയത്. മുന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദിന്റെ അക്കാദമിയിലായിരുന്നു സിന്ധുവിന്റെ പരിശീലനം.

P.v Sindhu

2009 ല്‍ കൊളംബോയില്‍ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് സിന്ധുവിന്റെ രാജ്യാന്തരതലത്തിലുള്ള മെഡല്‍ വേട്ട ആരംഭിക്കുന്നത്. 2013 ല്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടവും സിന്ധു സ്വന്തമാക്കി.

2014 ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിഫൈനലില്‍ യോഗ്യത നേടാനും സിന്ധുവിനു സാധിച്ചു. 2016 ജനുവരിയില്‍ നടന്ന മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടവും സിന്ധു നേടി. സ്‌കോട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മോറിനെയാണ് അന്ന് സിന്ധു പരാജയപ്പെടുത്തിയത്.

ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ പ്രവേശിച്ചത്. സ്‌പെയിന്റെ കരോളിനാ മാരിനായിരുന്നു ഫൈനലിലെ എതിരാളി. ആദ്യ സെറ്റ് വിജയിക്കാനായെങ്കിലും തൊട്ടടുത്ത റൗണ്ടുകളില്‍ ആധിപത്യം പുലര്‍ത്താന്‍ സിന്ധുവിനായില്ല. എങ്കിലും ഒന്നുറപ്പാണ് സ്വര്‍ണത്തെക്കാള്‍ തിളക്കമുണ്ട് ഈ വെള്ളിക്ക്. 

സാക്ഷി മാലിക് 
ഇന്ത്യയുടെ മാനം കാത്ത പെണ്‍കൊടിയെന്ന് സാക്ഷിയെ വിശേഷിപ്പിക്കാം. ജിംനാസ്റ്റിക്‌സില്‍ ദിപയ്ക്കു മെഡല്‍ നഷ്ടപ്പെട്ട്‌ വിയര്‍ത്തു പോയ ഇന്ത്യയെ വെങ്കലം കൊണ്ട് സന്തോഷിപ്പിച്ചവള്‍.

ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടെങ്കിലും റപ്പഷാഗെ റൗണ്ടിലൂടെയാണ് സാക്ഷി 58 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി മാറി.

sakshi

ഹരിയാനയിലെ റോഹ്ടാക്കിലാണ് സാക്ഷിയുടെ ജനനം. മുത്തശ്ശനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണത്രെ പന്ത്രണ്ടാം വയസു മുതല്‍ സാക്ഷി ഗുസ്തി പിടിക്കാനിറങ്ങിയത്. 2010 മുതലാണ് മല്‍സരരംഗത്ത് സജീവ സന്നിദ്ധ്യമാകുന്നത്. ഈശ്വര്‍ ദാഹിയയാണ് പരിശീലകന്‍.

2014 ല്‍ ഡാവേ ഷല്‍ട്‌സ് ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ 60 കിലോ വിഭാഗത്തില്‍ സാക്ഷി സ്വര്‍ണം നേടി. 2015 ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും സ്വന്തമാക്കി.

നിലവില്‍ റെയില്‍വേയുടെ ഡെല്‍ഹി ഡിവിഷനില്‍ കൊമേഴ്‌സ്യല്‍ ഡിപാര്‍ട്‌മെന്റില്‍ ഉദ്യോഗസ്ഥയാണ് സാക്ഷി. പെണ്‍ഭ്രൂണഹത്യ അസാധാരണമല്ലാത്ത ഹരിയാനയില്‍നിന്നാണ് സാക്ഷിയുടെ വരവെന്നതും ശ്രദ്ധേയമാണ്.   

ദിപ കര്‍മാകര്‍
മെഡല്‍ നേടിയില്ലെങ്കിലും പ്രകടനം കൊണ്ട് ഒരു രാജ്യത്തെയാകെ വിസ്മയിപ്പിച്ച താരമാണ്‌ ദിപ കര്‍മാകര്‍, ഇന്ത്യയുടെ നാദിയാ കോമനേച്ചി. ത്രിപുരയിലെ അഗര്‍ത്തലയിലാണ് ദിപയുടെ ജനനം. വയസ് 23. ജിംനാസ്റ്റില്‍ മല്‍സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന പ്രത്യേകതയും ദിപയ്ക്കാണ്.

2014 ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടുന്നതോടെയാണ് ദിപ ശ്രദ്ധേയയാകുന്നത്. ഇതോടെ കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ ജിംനാസ്റ്റിക് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഇവര്‍ മാറി.

dipa 2

ഏഷ്യന്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കല മെഡല്‍ നേടി. ആറാം വയസുമുതലാണ് ജിംനാസ്റ്റിക് പരിശീലനം ആരംഭിക്കുന്നത്. ബിസ്വേശ്വര്‍ നന്ദിയായിരുന്നു പരിശീലകന്‍. ഒളിമ്പിക്‌സില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു ദിപ.

വോള്‍ട്ട്, അണ്‍ ഈവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ലോര്‍ എക്‌സെര്‍സൈസ് എന്നീ വിഭാഗങ്ങളിലാണ് ദിപ മല്‍സരിച്ചത്. ഇതില്‍ വോള്‍ട്ട് വിഭാഗത്തിലാണ് ഫൈനല്‍ യോഗ്യത നേടിയത്. ഫൈനലിന്റെ ഒരു ഘട്ടത്തില്‍ മെഡല്‍ ഉറപ്പിച്ചിരുന്നെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 15.066 പോയിന്റാണ് ഫൈനലില്‍ ദിപ കരസ്ഥമാക്കിയത്. 

ഇവരുടെ പേരുകള്‍ക്കൊപ്പം മെഡല്‍ പട്ടികയില്‍ വരണമെന്ന് നമ്മള്‍ ആഗ്രഹിച്ച മറ്റു ചില വനിതാ താരങ്ങള്‍ കൂടിയുണ്ടായിരുന്നു റിയോ സംഘത്തില്‍. ടിന്റുവും സൈനയും സാനിയയും അങ്ങനെ പലരും. എന്തായാലും ഒരു കാര്യം ഉറപ്പാണ് അടുത്തവട്ടം ടോക്കിയോയില്‍ നിന്ന് സ്വര്‍ണ മെഡലുകളുമായി സാക്ഷിക്കും സിന്ധുവിനും ദിപയ്ക്കുമൊപ്പം അവരുമെത്തും... തീര്‍ച്ച.