prerana

കാമാത്തിപ്പുര,മുംബൈയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവ്. ഓടുന്ന വാഹനങ്ങള്‍ക്ക് പിറകെയും നടന്നുപോവുന്ന വഴിയാത്രക്കാര്‍ക്ക് പിറകെയും വിളിച്ചുകൊണ്ട് പായുന്ന കുട്ടികള്‍ ഒരുകാലത്ത് അവിടുത്തെ പതിവ് കാഴ്ചയായിരുന്നു. ശരീരം വില്‍ക്കാന്‍ കാത്തിരിക്കുന്ന തങ്ങളുടെ അമ്മമാരുടെയോ സഹോദരിമാരുടെയോ അരികിലേക്ക് പുരുഷന്മാരെ അന്വേഷിക്കുന്നവരായിരുന്നു ആ കുട്ടികള്‍. തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാന്‍ പോലും പ്രയാമാകാത്തവരായിരുന്നു അവരില്‍ പലരും.

ഇന്ന് കാമാത്തിപ്പുരയുടെ തെരുവുകളില്‍ അത്തരം കുട്ടികളില്ല. ചുവന്നതെരുവിലെ ജന്മം കൊണ്ടോ താമസം കൊണ്ടോ ജീവിതം തന്നെ ദുരിതത്താല്‍ ചുവന്നുപോവുമായിരുന്ന എത്രയോ കുട്ടികളെ വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെ മുഖ്യധാരയുടെയും ഭാഗമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒരു പ്രസ്ഥാനമുണ്ട, പ്രേരണ. പ്രീതി പട്കര്‍ എന്ന സോഷ്യോളജി ബിരുദധാരി 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്  പ്രേരണയ്ക്ക് തുടക്കമിടുമ്പോള്‍ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഇന്ന് പക്ഷേ ആ ചോദ്യങ്ങളെല്ലാം ഉത്തരങ്ങളായിരിക്കുന്നു,അതും ജീവിക്കുന്ന തെളിവുകളായി.

prerana

ബിരുദവിദ്യാര്‍ഥിനിയായിരിക്കെ കാമാത്തിപ്പുരയിലെ തെരുവുകളിലൂടെ സഞ്ചരിച്ചതായിരുന്നു പ്രീതി പട്കറുടെ ജീവിതത്തിലെ വഴിത്തിരിവ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിരുദം സ്വന്തമാക്കി പുറത്തിറങ്ങുമ്പോഴേക്കും പ്രീതി ഉറപ്പിച്ചിരുന്നു തന്റെ വഴി സാമൂഹ്യസേവനത്തിന്റേതാണെന്ന്. ചുവന്ന തെരവിലെ കുട്ടികളുടയെും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് പ്രേരണ എന്ന എന്‍ജിഒയ്ക്ക് തുടക്കമായത്.

1986ലാണ് പ്രേരണ പ്രവര്‍ത്തനം തുടങ്ങിയത്‌. അന്നൊക്കെ ചുവന്ന തെരുവിലെ കുട്ടികള്‍ക്ക് അവിടെത്തന്നെ തുടരുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ അമ്മമാരുടെ വഴിയേ നീങ്ങിയപ്പോള്‍ ആണ്‍കുട്ടികള്‍ പിമ്പുകളായി വളര്‍ന്നു. വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇവരെ ഇതിലേക്ക് തന്നെ എത്തിക്കുന്നതെന്ന തിരിച്ചറിവില്‍ കുട്ടികളെയും അമ്മമാരെയും ബോധവല്‍ക്കരിക്കുകയായിരുന്നു പ്രേരണ ഏറ്റെടുത്ത ആദ്യ ചുമതല.

സമൂഹം നിരവധി ചോദ്യങ്ങളുമായാണ് പ്രേരണയുടെ തുടക്കത്തെ എതിരിട്ടത്. ചുവന്ന തെരുവിലെ കുട്ടികള്‍ വിദ്യാഭ്യാസം ലഭിച്ചാല്‍ മറ്റൊരു മാര്‍ഗം ജീവിക്കാന്‍ തിരഞ്ഞെടുക്കുമെന്ന് എന്താണുറപ്പ് എന്ന് ചോദിച്ചവരില്‍ പോലീസുദ്യോഗസ്ഥര്‍ പോലുമുണ്ടായിരുന്നെന്ന് പ്രീതി ഓര്‍ക്കുന്നു. ശരീരത്തിന് വില പേശി വില്‍ക്കുക എന്നത് അവിടുത്തെ കുട്ടികളുടെ രക്തത്തിലലിഞ്ഞു പോയതാണെന്ന മുന്‍വിധിയായിരുന്നു മറ്റ് ചിലര്‍ക്ക്.

prerana

എന്നാല്‍,ഇവയെയെല്ലാം പ്രേരണ മറികടന്നു. നിരവധി പരിപാടികള്‍ കാമാത്തിപ്പുരയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഏര്‍പ്പെടുത്തി. മക്കളെ വിദ്യാഭ്യാസം നല്കി അവിടെ നിന്ന് രക്ഷപെടുത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിസഹായത മൂലം അതിന് കഴിയാത്തവരായിരുന്നു ഏറിയ പങ്ക് അമ്മമാരും. പ്രേരണ അവര്‍ക്കൊക്കെ വഴികാട്ടി. കുട്ടികള്‍ പഠിക്കാനെത്തിത്തുടങ്ങി. അവരെ പഠിക്കാന്‍ വിടാന്‍ ഏജന്റുമാര്‍ക്കും താല്പര്യം. നാലക്ഷരം പഠിച്ചാല്‍ കുട്ടികള്‍ ബിസിനസ്സില്‍ തിളങ്ങുമല്ലോ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍!

ആ ധാരണയുടെ പേരില്‍ പ്രേരണയും പ്രീതിയും കേട്ട കുറ്റപ്പെടുത്തലും കുറച്ചൊന്നുമല്ല. കാമാത്തിപ്പുരയിലെ ബിസിനസ് പരിപോഷിപ്പിക്കാനാണ് പ്രേരണ ശ്രമിക്കുന്നതെന്ന് വരെ ആരോപണമുയര്‍ന്നു. എന്നാല്‍,അതൊന്നും കേട്ട് തളരാന്‍ പ്രീതിക്കും കൂടെയുള്ളവര്‍ക്കും നേരമില്ലായിരുന്നു. അവര്‍ കുട്ടികളെ പഠിപ്പിച്ചു,അമ്മമാരെയും ബോധവല്ക്കരിച്ചു. കുട്ടികള്‍ക്കായി രാത്രികാല സുരക്ഷാ കേന്ദ്രം ഒരുക്കി.

prerana

അങ്ങനെ തുടങ്ങിയ പ്രേരണയുടെ യാത്ര ക്രമേണ  ലോകമാകെ അറിയപ്പെട്ടു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനയ്ക്കായി നാട് കടത്തുന്നതിനെതിരെ പ്രേരണ ശക്തമായി രംഗത്ത് വന്നു. എയ്ഡ്‌സ ബാധിതരായവരെ സംരക്ഷിക്കാനംു അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായി. എയ്ഡ്‌സ ബാധിതരായ കുട്ടികളെക്കുറിച്ച് പ്രേരണ തയ്യാറാക്കിയ പരിപാടിയും അതു സംബന്ധിച്ച ഡോക്യുമെന്ററിയും ലോകത്തെ തന്നെ അത്തരത്തിലുള്ള ഏറ്റവും മികച്ച ഏഴു പരിപാടികളില്‍ ഒന്നായി വാഷിംഗടണ്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുത്തു.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പ്രീതി പട്കര്‍ തയ്യാറായി. രാജ്യത്ത് ഇതു സംബന്ധിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ ഫയല്‍ ചെയ്തിട്ടുള്ളതും പ്രേരണ തന്നെ. ഇന്ന് പ്രേരണയ്ക്ക കീഴില്‍ നാല് ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. പ്രീതിയും ഭര്‍ത്താവ് പ്രവീണ്‍ പട്കറും മുഴുവന്‍ സമയവും സേവനപ്രവര്‍ത്തനങ്ങളുമായി പ്രേരണയിലെ അംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നു.

prerana

നഗരത്തിലെ പല പ്രശസ്ത സ്‌കൂളുകളിലും പ്രേരണയിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും നിരവധി കുട്ടികള്‍ക്ക് പ്രേരണ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുന്നു. പണ്ട് സംശയത്തോടെയും ആശങ്കയോടെയും പ്രേരണയുടെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടവര്‍ക്കുള്ള മറുപടി കാമാത്തിപ്പുരയില്‍ നിന്ന് ജീവിതം തുടങ്ങി  പല വിദേശ സര്‍വ്വകലാശാലകളിലും പഠിക്കുന്നവരും രാജ്യത്തെ മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യുന്നവരും ഒക്കെയാണെന്ന ചാരിതാര്‍ഥ്യമാണ് പ്രേരണയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

കടപ്പാട്: ദി ഗാര്‍ഡിയന്‍