കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തിൽ കൊട്ടാരം വിട്ടിറങ്ങി ആശുപത്രിയിൽ സേവനം നടത്താൻ സ്വീഡിഷ് രാജകുമാരി സോഫിയ. 

മുപ്പത്തിയഞ്ചുകാരിയായ സോഫിയ ത്രിദിന ഓൺലൈൻ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് സ്റ്റോക്‌ഹോമിലെ സോഫിയാ ഹെമ്മെറ്റ് ആശുപത്രിയില്‍ സന്നദ്ധസേവകയായെത്തിയത്. കോവിഡ് രോഗികളെ നേരിട്ട് പരിചരിക്കില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് സോഫിയയുടെ ചുമതല. 

മെഡിക്കല്‍ രംഗത്തു നിന്നല്ലാത്ത വ്യക്തികള്‍ക്കായാണ് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നത്. വൃത്തിയാക്കല്‍, അടുക്കളയിലെ സേവനം, ഉപകരണങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലിഭാരം കുറയ്ക്കാനായി ആഴ്ച്ചയില്‍ എണ്‍പതോളം പേര്‍ക്ക് പരിശീലനം നല്‍കിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. 

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വളണ്ടിയർ വേഷത്തില്‍ നില്‍ക്കുന്ന സോഫിയയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2015ല്‍ പ്രിന്‍സ് കാള്‍ ഫിലിപ്പിനെ വിവാഹം ചെയ്തതോടെയാണ് മുന്‍ മോഡലും അവതാരകയുമായ സോഫിയ രാജകുടുംബത്തിന്റെ ഭാഗമായത്. അലക്‌സാണ്ടര്‍, ഗബ്രിയേല്‍ എന്നീ രണ്ടു മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 

Content Highlights: Princess Sofia Of Sweden Starts Work At Hospital Treating COVID Patients