ചെന്നൈയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് വെളങ്കാട് എന്ന ഗ്രാമം. അവിടെയാണ് ആ ശ്മശാനമുള്ളത്. പൂന്തോട്ടവും മത്സ്യക്കുളവും വൈഫൈ സംവിധാനവുമൊക്കെയുള്ള ശ്മശാനം. കാട്പിടിച്ച് പ്രേതാലയം പോലെ കിടന്ന ഈ ശ്മശാനഭൂമിയെ ഹൈടെകാക്കി മാറ്റിയതിനു പിന്നിലുള്ളത് ഒരു സ്ത്രീയാണ്,പ്രവീണ സോളമന്‍.

സ്ത്രീകള്‍ ശ്മശാനം കാവല്‍ക്കാരാവുക എന്നത് അത്രയധികം കേട്ടുകേള്‍വിയുള്ള സംഗതിയല്ല. അതുകൊണ്ട് തന്നെ മൂന്ന് വര്‍ഷം മുമ്പ് വെളങ്കാട്ടിലെ പൊതുശ്മശാനത്തിന്റെ മാനേജരായി  പ്രവീണ ചുമതലയേറ്റപ്പോള്‍ എല്ലാവരും നെറ്റിചുളിച്ചു. പ്രേതങ്ങള്‍ക്ക് അപ്രിയമാകും എന്നതു മുതല്‍ സാമൂഹ്യവിരുദ്ധര്‍ അക്രമിക്കും എന്നുവരെയുള്ള ഭീഷണികള്‍ പ്രവീണയ്ക്ക് നേരെ ഉണ്ടായി. പക്ഷേ, അതുകൊണ്ടൊന്നും പിന്മാറാന്‍ ആ 34കാരി തയ്യാറായില്ല.

praveena solomon

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രവീണയ്ക്ക് ഒരു ജോലി ആവശ്യമായിരുന്നു. ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന് ഉറച്ചുവിശ്വസിച്ച പ്രവീണ ഒരു പെണ്ണ് ശ്മശാനം നടത്തിപ്പുകാരിയാകുന്നത് ആരെയാണ് പ്രകോപിപ്പിക്കുന്നതെന്ന് ഉറക്കെ ചോദിച്ചു. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എതിര്‍പ്പുമായി വന്നവരൊക്കെ പത്തിമടക്കി. അങ്ങനെ വലിയൊരു വെല്ലുവിളിയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പ്രവീണ ശ്മശാനത്തിന്റെ ചുതലക്കാരിയായി.

ആദ്യമൊക്കെ ജോലി പ്രവീണയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. ശ്മശാനത്തിലെ ജോലിക്കാര്‍ തന്നെ പ്രവീണയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായിരുന്നു. തികച്ചും സൗജന്യമായി നടത്തിക്കൊടുക്കേണ്ടുന്ന ശവദാഹകര്‍മ്മത്തിനായി ഈ ജോലിക്കാര്‍ മരിച്ചവരുടെ ബന്ധുക്കളോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പ്രവീണ ഇത് ചോദ്യം ചെയ്തതാണ് എതിര്‍പ്പിന് കാരണമായത്. പക്ഷേ,അതിനെയൊക്ക തെരണം ചെയ്ത് ജീവനക്കാരെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പ്രവീണയ്ക്കായി. പ്രവീണ നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നം മരിച്ചവരുടെ ബന്ധുക്കളുടെ സങ്കടം കണ്ടുനില്‍ക്കാനാവില്ല എന്നതായിരുന്നു. അവരുടെ കൂടെക്കരഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മനോധൈര്യം സംഭരിച്ച് അതിനെ അതിജീവിക്കാന്‍ പ്രവീണയ്ക്കായി.

praveena solomon
photo/bbc

വീട്ടുകാരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ജോലിയില്‍ പ്രവീണ പിന്നീട് കൈവരിച്ച നേട്ടങ്ങള്‍. കാട്പിടിച്ചു കിടന്ന ശ്മശാനഭൂമിയും പരിസരവും വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ പ്രവീണ തന്നെ മുന്നിട്ടിറങ്ങി. നാട്ടുകാര്‍ അനധഝികൃതമായി മാലിന്യം നിക്ഷേപിച്ചിരുന്ന ശ്മശാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം തിരിച്ചുപിടിച്ചു. 

ശ്മശാനത്തിന്റെ കോമ്പൗണ്ടില്‍ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനും മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കാനും പ്രവീണയുടെ സാരഥ്യത്തില്‍ സാധിച്ചു. ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വേല്‍ഫെയര്‍ അസോസിയേഷന്‍ എന്ന എന്‍ജിഒ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവീണയ്ക്ക് പിന്തുണ നല്കി. ശ്മശാനത്തിലെ കെട്ടിടങ്ങളുടെ ചുവരുകളില്‍ ആഗോളതാപനത്തെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിംഗിന്റെ ആവശ്യകതയെക്കുറിച്ചും പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുമെല്ലാം വിവരിക്കുന്ന സന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്തു.

praveena solomon
photo/betterindia

നാലര ഏക്കറോളം വിസ്തൃതിയാണ് ഈ ശ്മശാനത്തിനുള്ളത്. ഇതിനുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധരെ കോമ്പൗണ്ടില്‍ കടക്കുന്നതില്‍ നിന്ന് വിലക്കി. പൂന്തോട്ടവും മത്സ്യക്കുളവുമൊക്കെയായി ഇവിടം മനോഹരമാക്കി. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന സ്ഥിതിയിലേക്ക് ശ്മശാനത്തിലെ സൗകര്യങ്ങള്‍ ഉയര്‍ത്താനും പ്രവീണയ്ക്ക് സാധിച്ചു.

മാലിന്യസംസ്‌കരണത്തിനും പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ ദിവസവും സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഉപയോഗിച്ച് ബാക്കിയാവുന്നത് 200 മുതല്‍ 250 കിലോ വരെ പൂക്കളാണ്. ഇവ സംസ്‌കരിച്ച് വളമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പ്രവീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്മശാനം ജീവനക്കാരിയായ ദിവ്യ രാജു എന്ന 28 കാരിയാണ് ഇപ്പോള്‍ പ്രവീണയുടെ സഹായിയായി കൂടെയുള്ളത്.