ട്രാൻസ്ജെൻഡർ ലോകത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് അമേരിക്കൻ നടിയും ​ഗായികയുമായ എംജെ റോഡ്രി​ഗസ് എന്ന മിഷേല അന്റോണിയ ജേ റോഡ്രി​ഗസ്. ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ അഭിനേത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുപ്പത്തിയൊന്നുകാരിയായ റോഡ്രി​ഗസ്.

79ാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പട്ടികയിലാണ് നെറ്റ്ഫ്ളിക്സ് ഷോ ആയ പോസിലെ അഭിനയത്തിലൂടെ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള പുരസ്കാരം റോഡ്രി​ഗസ് നേടിയത്. കഴിഞ്ഞ വർഷം എമ്മി നോമിനേഷനിൽ ഇടംനേടുന്ന ആദ്യ ട്രാൻസ് അഭിനേത്രി എന്ന നേട്ടവും റോഡ്രി​ഗസിനെ തേടിയെത്തിയിരുന്നു. ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ സന്തോഷം അറിയിച്ച് റോഡ്രി​ഗസ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. 

ഈ നേട്ടം എൽ‍ജിബിടിക്യു സമൂഹത്തിന് അർപ്പിക്കുന്നു എന്നു പറഞ്ഞാണ് റോഡ്രി​ഗസ് പോസ്റ്റ് ചെയ്തത്. പ്രതിഭാധനരായ നിരവധി യുവതീ  യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഈ നേട്ടമെന്നും അവർക്കും സാധ്യമാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും റോഡ്രി​ഗസ് കുറിക്കുന്നു. ചെറുപ്പക്കാരിയും ന്യൂജേഴ്സിയിൽ നിന്നുള്ള കറുത്ത വർഗക്കാരിയായ ലാറ്റിൻ അമേരിക്കൻ പെൺകുട്ടിക്ക് സ്നേഹത്തോടെ മറ്റുള്ളവരുടെ മനസ്സു മാറ്റാനുള്ള സ്വപ്നം ഉണ്ടായിരുന്നതായി അവർ കാണും. എന്റെ ചെറുപ്പക്കാരായ എൽജിബിടിക്യു കുഞ്ഞുങ്ങളേ, നാം ഇവിടെ എത്തിച്ചേർന്നു. വാതിൽ ഇപ്പോൾ തുറന്നിരിക്കുകയാണ്, ഇനി നക്ഷത്രങ്ങളെ കീഴടക്കാം- റോഡ്രി​ഗസ് കുറിച്ചു. 

ഏഴാം വയസ്സു മുതലാണ് റോഡ്രി​ഗസ് തിരശ്ശീലയ്ക്ക് മുന്നിലേക്ക് വരുന്നത്. നാടക അഭിനയവും ​സം​ഗീതവുമൊക്കെ പാഷനായ റോഡ്രി​ഗസിന് അന്നുതൊട്ടേ സ്ത്രീയാകണമെന്നും മനസ്സിൽ ​ആ​ഗ്രഹമുണ്ടായിരുന്നു. പതിനാലാം വയസ്സിലാണ് റോഡ്രി​ഗസ് മാതാപിതാക്കളോട് തന്റെ സ്വത്വത്തെക്കുറിച്ച് തുറന്നു പറയുന്നത്. സ്ത്രീ കഥാപാത്രങ്ങളെയും ട്രാൻസ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചുള്ള റോഡ്രി​ഗസിന്റെ അഭിനയ പാടവത്തിന് ഏറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. 

Content Highlights: pose star mj rodriguez, transgender actress, golden globe