തിരുവനന്തപുരം പൊന്മുടി റോഡിലൂടെ നാല്‍പ്പത്തിമൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെനിന്ന് നിബിഡവനത്തിനുള്ളിലെ ചെമ്മണ്ണുനിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നാല്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലെത്താം. വെറും ലക്ഷ്മിക്കുട്ടിയല്ല, പദ്മശ്രീ ലക്ഷ്മിക്കുട്ടി. ഒറ്റപ്പെട്ടനിലയില്‍ ഈറമേഞ്ഞ കൊച്ചുകൂര. ഈ കാടും കാട്ടറിവുകളുമാണ് ലക്ഷ്മിക്കുട്ടിക്ക് സ്വദേശത്തും വിദേശത്തും പ്രശസ്തി നേടിക്കൊടുത്തത്. നാട്ടുവൈദ്യത്തില്‍ പാണ്ഡിത്യം, പേരുകേട്ട വിഷഹാരി, ഇടയ്ക്കിടെ ഫോക്ലോര്‍ അക്കാദമിയില്‍ അധ്യാപിക, ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നയാള്‍... ഇങ്ങനെ നീളുന്നു ഈ കാട്ടിലെ വീട്ടമ്മയുടെ വിശേഷങ്ങള്‍. എഴുപത്തിനാലാം വയസ്സിലും കാടിന്റെ മുക്കും മൂലയും ഈ അമ്മയ്ക്ക് മനഃപാഠമാണ്. പദ്മശ്രീ കിട്ടിയതറിഞ്ഞ് വീട്ടുമുറ്റത്തെത്തിയ സന്ദര്‍ശകരുടെ തിരക്കിനിടയിലും വാരാന്തപ്പതിപ്പിനുവേണ്ടി ലക്ഷ്മിക്കുട്ടിയമ്മ വാചാലയായി.

''ആദ്യത്തെ അംഗീകാരം എനിക്ക് കിട്ടിയത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. 'നാട്ടുവൈദ്യരത്‌നം' അത് 1995ല്‍.'', അമ്മ പറഞ്ഞു. വിഷചികിത്സയിലെ മികവും പച്ചമരുന്നുവൈദ്യത്തിലെ വൈദഗ്ധ്യവുമാണ് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ കാരണം. കാടിനും കാടിനുപുറത്തുള്ളവര്‍ക്കും ലക്ഷ്മിക്കുട്ടി വൈദ്യറാണിയാണ്. വിഷദംശനമേറ്റെത്തിയ മുന്നൂറിലധികം പേരുടെ ജീവനാണ് കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചത്. 

ഗവേഷകവിദ്യാര്‍ഥികള്‍ക്കു പോലും ഇക്കാര്യത്തില്‍ ഒരു മാര്‍ഗദര്‍ശിയാണ് ഇവര്‍. വിദേശികള്‍ ഉള്‍പ്പെടെ കാട്ടറിവിനായി മല താണ്ടി ഒട്ടേറെപ്പേര്‍ ഇവിടെ എത്താറുണ്ട്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ക്കും ക്ലാസുകള്‍ക്കുമായി കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങി ഇതരസംസ്ഥാനങ്ങളിലും ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. പുതിയ പുതിയ പച്ചിലമരുന്നുകള്‍ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ലക്ഷ്മിക്കുട്ടിയുടെ യാത്രകള്‍. 

ജവാഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള സര്‍വകലാശാല, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠനകേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയുടെ കാടറിവിനെ അംഗീകരിച്ച് ഇതിനോടകം ആദരിച്ചുകഴിഞ്ഞു. ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ അറിവുകള്‍ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടി. ഇവര്‍ ശേഖരിച്ച കാട്ടറിവുകള്‍ വരുംതലമുറയ്ക്ക് വിലപ്പെട്ട ഖനിയാകും. 

കഥയിങ്ങനെ

ഊരുമൂപ്പനായിരുന്ന ശതങ്കന്‍ കാണിയുടെ കൊച്ചുമകളും അറിയപ്പെടുന്ന വയറ്റാട്ടിയുമായിരുന്ന കുഞ്ചുതേവിയുടെ മകളുമാണ് ലക്ഷ്മിക്കുട്ടി. അച്ഛന്‍ ചാത്താടിക്കാണി ലക്ഷ്മിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നെ നാലുമക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും അമ്മയുടെ തുച്ഛമായ വരുമാനത്തില്‍. അമ്മ മകളെ വിതുരയിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. അവിടെ എത്തണമെങ്കില്‍ ഒന്‍പതു കിലോമീറ്റര്‍ ദൂരം താണ്ടണം. അതും ഉള്‍വനത്തില്‍കൂടി. അഞ്ചാംക്ലാസുവരെ അവിടെയാണ് പഠിച്ചത്. തുടര്‍പഠനം കല്ലാറില്ലേക്കു മാറ്റി. കല്ലാറില്‍ തിരുവിതാംകൂര്‍ രാജവംശത്തിന് വലിയൊരു കുതിരപ്പുരയുണ്ടായിരുന്നു. രാജകല്പനപ്രകാരം പിന്നീട് പള്ളിക്കൂടമായി. ഇഞ്ചിയം ഗോപാലന്‍ എന്ന കര്‍ക്കശക്കാരനായ അധ്യാപകന്‍ ആദ്യമായി ഇവിടെ എത്തിയതോടെയാണ് ലക്ഷ്മിയും കൂട്ടരും വിതുരയില്‍നിന്ന് കല്ലാറിലെ പള്ളിക്കൂടത്തിലേക്ക് എത്തിയത്. മൊട്ടമൂട് ഊരില്‍നിന്ന് ആദ്യമായി പഠിക്കാന്‍ പോയ ആദിവാസി പെണ്‍കുട്ടിയും ലക്ഷ്മിയാണ്.  

പള്ളിക്കൂടത്തിലേക്കുപോയ മൂവര്‍സംഘത്തിലെ മൂത്തയാള്‍ അമ്മാവന്റെ മകനായ മാത്തനായിരുന്നു. കുടിലില്‍ നിന്നിറങ്ങുമ്പോള്‍ കുഞ്ഞുതേവി പറഞ്ഞു: 'മാത്താ, ലക്ഷ്മിയെ നന്നായി നോക്കിക്കോണേ, മൃഗങ്ങളൊക്കെയുള്ള കാടാണ്'. അവര്‍ കാട്ടിനുള്ളിലൂടെ പരസ്പരം കൈത്താങ്ങായി നീങ്ങും. കിലോമീറ്ററുകളോളം സഞ്ചരിക്കണം, ആള്‍താമസമുള്ള ഇടങ്ങള്‍ തീരെ കുറവ്. വഴിയില്‍ ആനയെയും പുലിയെയുമൊക്കെ കണ്ടെന്നുവരാം. പക്ഷേ, അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മാവന്റെ മകന്‍ മാത്തന്‍ കാണി ഭാവിജീവിതത്തിലും കൈത്താങ്ങായി. 16 വയസ്സില്‍ തുടങ്ങിയ ദാമ്പത്യത്തില്‍ ഒരുദിവസം പോലും ഇവര്‍ പിരിഞ്ഞിരുന്നിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് മാത്തന്‍ കാണി മരിച്ചത്. മക്കളായ ധരണീന്ദ്രന്‍ കാണിയെയും ലക്ഷ്മണനെയും ശിവപ്രസാദിനെയും കാട്ടിലൊതുക്കിനിര്‍ത്താന്‍ ഈ ദമ്പതിമാര്‍ ആഗ്രഹിച്ചില്ല. എല്ലാവരെയും നന്നായി പഠിപ്പിച്ചു. മാത്തന്റെ ആ കരുതല്‍ രണ്ടുവര്‍ഷം മുമ്പുവരെ ലക്ഷ്മിക്കുണ്ടായിരുന്നു. 2016 ഫെബ്രുവരിയിലാണ് ലക്ഷ്മിയെ തനിച്ചാക്കി മാത്തന്‍ പോയത്.
   
എട്ടാംക്ലാസുവരെയുള്ള പഠനം കൊണ്ട് സംസ്‌കൃതവും ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാന്‍ ലക്ഷ്മിക്കുട്ടി പഠിച്ചു. വൈദ്യനായിരുന്ന മാത്തന്റെ പിതാവാണ് ലക്ഷ്മിയിലെ കഴിവുകള്‍ തിരിച്ചറിഞ്ഞതും വഴികാട്ടിയായതും. ചികിത്സാരംഗത്ത് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ലക്ഷ്മിയുടെ ഓര്‍മപ്പുസ്തകത്തില്‍ അഞ്ഞൂറിലേറെ മരുന്നുകളുണ്ട്. എല്ലാം മനഃപാഠം. 

കാട്ടിലെ ഏത് ചെടികള്‍ കണ്ടാലും അതിന്റെ ഗുണവും പേരും വിശേഷങ്ങളും പറയാനാകും. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് 2007ല്‍ 'നാട്ടറിവുകള്‍ കാട്ടറിവുകള്‍' എന്ന പുസ്തകം പുറത്തിറങ്ങിയത്. നാട്ടിന്‍പുറത്തെ കവിയരങ്ങുകളില്‍ സജീവമായ ലക്ഷ്മിയുടെ കവിതകള്‍ വായിച്ചറിഞ്ഞ സുഗതകുമാരി ഇങ്ങനെ മറുപടി എഴുതി: ''എഴുത്ത് നിര്‍ത്തരുത്, തുടരണം ഈ പോരാട്ടം''.

ഈ വിജയങ്ങള്‍ക്കിടയിലും മനസ്സിനെ മുറിപ്പെടുത്തുന്ന അനുഭവങ്ങളും ലക്ഷ്മിക്കുട്ടിക്കുണ്ട്. ചില ചിത്രങ്ങള്‍ ഇനിയും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. അതിലൊന്നാണ് മൂത്തമകന്‍ ധരണീന്ദ്രന്റെ ദാരുണമരണം. വനത്തിനുള്ളില്‍ കാവിലെ കൊടുതിക്ക് പോയതായിരുന്നു മകന്‍. വഴിമധ്യേ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടു, രക്ഷപ്പെടാനായില്ല. കാട്ടാനയുടെ കുത്തേറ്റുള്ള മകന്റെ ആ കിടപ്പ് ഇന്നും കണ്ണുകളില്‍നിന്ന് മാഞ്ഞിട്ടില്ല. ആ കാഴ്ച പിന്നീട് അമ്മ കടലാസില്‍ കുറിച്ചിട്ടത് ഇങ്ങനെ;

'കാട്ടുപാതയിലതി ദാരുണമാംവണ്ണം
ശാന്തനിദ്രപോല്‍ കിടന്നൊരു രംഗം
കണ്ടവരാരും മറക്കുമോ മര്‍ത്യന്റെ
ദുഃസ്ഥിതിയോര്‍ത്താല്‍ നടുങ്ങാതിരിക്കുമോ!' 

മൂത്തമകന്‍ പോയതിന്റെ ദുഃഖം മാറും മുമ്പേ ഇളയമകന്‍ ശിവപ്രസാദിനെയും മരണം കൂട്ടിക്കൊണ്ടുപോയി. ''എല്ലാംതരണ കാട് ഇങ്ങനെയാ, 
ചെലപ്പം നമുക്ക് പ്രിയപ്പെട്ടതിനെ അങ്ങ് എടുക്കും''. കണ്ണുകള്‍ ഈറനണിഞ്ഞിട്ടും മുഖത്തെ പുഞ്ചിരി നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണ്. ഇപ്പോള്‍ എന്തിനും ഏതിനും കൊച്ചുമകള്‍ പൂര്‍ണിമ അടുത്തുണ്ട്. വര്‍ത്തമാനത്തിനിടെ ചികിത്സതേടി ഒരു ഫോണ്‍വിളിയെത്തി. ലക്ഷ്മിക്കുട്ടി വിശദവിവരങ്ങള്‍ ചോദിച്ചറിയുന്നു. ഉടന്‍ മറുപടിയും നല്‍കുന്നു: ''നീല അമരിയുടെ ഇല അരച്ചെടുത്ത് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂന്നുദിവസം പുരട്ടൂ, അതിനുമുമ്പ് വേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കാല് നന്നായി കഴുകണം കേട്ടോ.''  

''എന്റെ ഒരു രോഗിയാ... ഓപ്പറേഷന്‍ചെയ്ത മുറിവ് രണ്ടുമാസമായിട്ടും കരിയുന്നില്ലെന്ന്, പൊറുക്കാപുണ്ണ് ആയിരിക്കും'', ഫോണ്‍ വെച്ചശേഷം കാട്ടിലെ ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറയുന്നു. 

എന്താണ് വൈദ്യം എന്നു ചോദിച്ചാല്‍ മറുപടി സ്വന്തം കവിതയാണ്.
'വിദ്യയിതു വിളങ്ങണേല്‍ വേണം ശ്രദ്ധ ശുദ്ധിയും
വിരാട് ഗുരുവിങ്കല്‍ ഭക്തി പിന്നെ ധര്‍മചിന്തയും
ഇത്യാതി ഗുണമില്ലാത്തോര്‍ക്ക് ഇതധര്‍മമായ് ഭവിച്ചീടാം
ഭാവിയില്‍ കാലദോഷം കൊണ്ട് വംശക്കുറ്റിയറ്റുപോം' 
 
തന്റെ വംശപാരമ്പര്യം നിലനിര്‍ത്തുന്നതിനായി കണ്ടത്തിയതും ശിവപ്രസാദിന്റെ മകള്‍ പൂര്‍ണിമയെയാണ്. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ പൂര്‍ണിമ പഠനവഴികളില്‍ ഒരു നിഴല്‍പോലെ അമ്മൂമ്മയുടെ ഒപ്പമുണ്ട്. 

തനിക്കു പറയാനുള്ളതില്‍ കൂടുതലും ലക്ഷ്മിക്കുട്ടി കവിതയിലൂടെയാണ് എഴുതിത്തീര്‍ക്കുന്നത്. എല്ലാവരും ഉറങ്ങുമ്പോഴാണ് ഈ സാഹിത്യരചന. അരികെല്ലാം കീറിത്തുടങ്ങി നിറംകെട്ടുപോയ കുറേ നോട്ടുബുക്കുകള്‍ ഇപ്പോഴും ബാക്കിയുണ്ട്. ഇവര്‍ എഴുതിക്കൂട്ടിയ സാഹിത്യവിസ്മയങ്ങളത്രയും ഇതിനുള്ളിലുണ്ട്. കഥയും കവിതയും കോര്‍ത്തിണക്കിയ കഥാപ്രസംഗവും വില്‍പ്പാട്ടുകളും താളത്തിലും ഈണത്തിലും ചൊല്ലാവുന്നവ തന്നെ. ലക്ഷ്മിക്കുട്ടിയെഴുതിയ കഥകള്‍ പറഞ്ഞ് നിരവധികുട്ടികള്‍ കലോത്സവങ്ങളില്‍ സമ്മാനം നേടിയിട്ടുള്ള കാര്യവും അധികമാര്‍ക്കും അറിയില്ല.

കാടുതന്നെ ജീവിതം

ഉള്ളില്‍ കത്തുന്ന പ്രതിഭയും അതിനെ വെല്ലുന്ന കഠിനപ്രയത്‌നവുമുണ്ടെങ്കില്‍ ഉള്‍ക്കാടിനുള്ളിലും പദ്മശ്രീ തേടിച്ചെല്ലും എന്നതിന് നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അടയാളമാണ് കാടിന്റെ കാവലാളായ ലക്ഷ്മിക്കുട്ടി. എന്തെഴുതിയാലും കാലഘട്ടത്തിനു നേരേ പിടിച്ച കണ്ണാടി പോലെ ഉറവ വറ്റാത്ത ചിന്തകളുണ്ട് ഓരോ വരിയിലും. ശീതീകരിച്ച മുറികളിലെ സാങ്കേതികവിദ്യകളില്‍ ഒതുങ്ങിപ്പോയ പുതിയ ആയുര്‍വേദത്തിന് പ്രാക്തന ദ്രാവിഡസംസ്‌കാരം കൊണ്ട് മറുപടിപറയുകയാണ് ലക്ഷ്മിക്കുട്ടിയെന്ന ഈ വനമുത്തശ്ശി. ആധുനികകാലത്ത് രോഗാതുരമായ ശരീരത്തോടെ അമ്മയെത്തേടിയെത്തുന്നവര്‍ ഇവിടെനിന്ന് മടങ്ങുന്നത് പ്രകൃതിയിലേക്കാണ്. 

ഓരോ വര്‍ഷവും കല്ലാര്‍ കടന്ന് മലയിടുക്കുകള്‍ താണ്ടി ആയിരക്കണക്കിന് ആളുകളാണ് ശിവജ്യോതിയെന്നു പേരിട്ട ഈ ഈറക്കുടിലിലെത്തുന്നത്. വരുന്നവരില്‍ നാട്ടുകാര്‍മാത്രമല്ല കടല്‍കടന്നെത്തുന്ന വിദേശികളുമുണ്ട്. ദേശദൂര വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്വീകരിക്കുന്നതുകൊണ്ടുതന്നെ ഫ്രാന്‍സില്‍നിന്നുള്ള സില്‍വിയാ റോസ് ഉള്‍പ്പെടെ നിരവധി ശിഷ്യഗണങ്ങളും കൂട്ടത്തിലുണ്ട്. ഏത് കൊടിയവേനലിലും ആശ്വാസത്തിന്റെ പച്ചപ്പും സ്‌നേഹത്തിന്റെ തെളിനീരും പകരുന്ന ഇടമാണ് ലക്ഷ്മിക്കുട്ടിയുടെ കാട്. 

കാട്ടില്‍ അലഞ്ഞുകിട്ടുന്നത് എന്തും മരുന്നോ, ഭക്ഷണമോ ആക്കാം. നൂറാനും മരച്ചീനിയും മലവെള്ളരിയും കാട്ടുകിഴങ്ങും എന്തുമായ്‌ക്കോട്ടെ അത് വനവിഭവം തന്നെയാണ്.  ഊളന്‍ തകരയെന്ന ചെടി വറുത്തു പൊടിച്ചു കരുപ്പെട്ടിയും ചേര്‍ത്ത് കാപ്പിയുണ്ടാക്കാം. കൃഷിപ്പണിയും ഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ വഞ്ചിപ്പാറ ആറ്റിലെത്തി ഒരുകുളി അതാണ് ശീലം. ചീവീടുകള്‍ ചിലയ്ക്കുന്ന കാട്ടിലെ അരുവിയുടെ കളകളാരവം ആസ്വദിച്ചുള്ള കുളിയും ഊര്‍ജം പകരുന്നതാണ്.

പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും പദ്മശ്രീയുടെ പകിട്ടില്‍ ഒതുങ്ങുന്നതല്ല ലക്ഷ്മിക്കുട്ടിയുടെ ചിന്തകള്‍. ആഗ്രഹങ്ങള്‍ക്ക് നാടിന്റെ വികസനമുഖമുണ്ട്. കാടിന്റെ മക്കള്‍ക്ക്  കല്ലാറ് കടക്കാന്‍ വഞ്ചിപ്പാറക്കടവില്‍ ഒരു പാലം വേണം. ഒപ്പം കിട്ടിയ അംഗീകാരങ്ങളെല്ലാം സുരക്ഷിതമായി വയ്ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടും. കാടിന്റെ കാവലാളായ ലക്ഷ്മിക്കുട്ടിയുടെ ആഗ്രഹം പൂര്‍ത്തിയാകണമെങ്കില്‍ ഇനി മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ മനസ്സുവെച്ചേ മതിയാകൂ. 

thennooranaosk@gmail.com