ഞ്ച് വയസ്സുകാരി അനെറ്റിന്‌ ടോം ആൻഡ്‌ ജെറിയും ലൂണി ട്യൂൺസും ഒന്നുമായിരുന്നില്ല താല്പര്യം. ഇറ്റാലിയൻ സംഗീതജ്ഞൻ ലൂച്ചിയാനോ പാവ്അറോട്ടിയുടെ മാസ്റ്റർ ക്ലാസ് സീരീസ് കണ്ടുകൊണ്ടിരിക്കുമ്പോൾ അകമ്പടി സേവിച്ചിരുന്ന പിയാനിസ്റ്റിന്റെ വാദനവും ആംഗ്യവുമാണ് അവളെ ആകർഷിച്ചത്. താൻ പിയാനോ വായിക്കുന്നതായി അഭിനയിച്ചു നടന്നു അവൾ.  പിയാനൊ അവളെ കീഴടക്കി എന്ന് മനസ്സിലാക്കിയ അച്ഛൻ കണ്ടത്തിൽ പോത്തൻ ഫിലിപ്പും അമ്മ മേരി ഫിലിപ്പും ആ വഴിയിൽ സഞ്ചരിക്കുവാൻ പ്രേരിപ്പിച്ചു. പക്ഷെ ഏഴാം വയസ്സിൽ സിംഗപ്പൂരിലുള്ള സെയിന്റ് മാർഗരറ്റ് പബ്ലിക് സ്കൂളിലെ ബ്രാസ് ബാൻഡിൽ അവൾ വായിച്ചത് റിക്കോഡറും ട്രമ്പറ്റുമാണ്. തന്റെ അദ്ധ്യാപകർ അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്നും ഹാർമണി എന്തെന്ന് അവൾ പഠിച്ചു. ഡൽഹിയിൽ ജനിച്ച് സിംഗപ്പൂരിൽ ബാല്യം ചെലവഴിച്ച അനെറ്റ് ഫിലിപ്പ് എന്ന മലയാളി സംഗീതജ്ഞയുടെ ലോകം കീഴടക്കുന്ന യാത്ര തുടങ്ങുന്നത് അങ്ങനെയാണ്. 

ഇപ്പോൾ അനെറ്റ് ഫിലിപ്പിനെ ഇങ്ങനെ  സംഗ്രഹിക്കാം.
അസിസ്റ്റന്റ് പ്രോഫസർ (വോയ്‌സ്) 
ബെർക്കിലി കോളേജ് ഓഫ് മ്യൂസിക്ക്, ബോസ്റ്റൺ, അമേരിക്ക
നേട്ടങ്ങൾ:ബെർക്കിലി ഇൻഡ്യൻ ഓൺസൊംബിൾ സ്ഥാപക. അനെറ്റ് ഫിലിപ്പ് ക്വിന്റെറ്റ്, ആർട്ടിസ്റ്റ് അൺലിമിറ്റഡ് എന്നിവയിൽ ലീഡർ, വുമൻ ഓഫ് വേൾഡ് സംഘത്തിൽ അംഗം, എ.ആർ. റഹ്‌മാൻ, ഐർട്ടോ മോറ്റെ, ബസ്റ്റർ വില്യംസ്, തുടങ്ങിയവരുടെ സംഗീതസംഘങ്ങളിലെ സ്ഥിരം സാന്നിധ്യം. 

എല്ലാത്തിനും അനെറ്റ് ഫിലിപ്പ് നന്ദി പറയുന്നത് ലൂച്ചിയാനോ പാവ്അറോട്ടിയോടാണ്. അഞ്ചാംവയസ്സിൽ തന്റെ ഉള്ളിലെ ശ്രുതിശലഭങ്ങളെ പറത്തിവിട്ട സംഗീതജ്ഞന്.. പക്ഷേ അനെറ്റിനെ ഇതുവരെ മലയാള മാധ്യമങ്ങൾക്ക് പിടികിട്ടിയിട്ടില്ല. ഈ അഭിമുഖത്തിനായി സമീപിക്കുമ്പോൾ അനെറ്റ് ബോസ്റ്റണിലാണ്. സംഭാഷണം പൂർത്തിയാക്കുന്നതിനിടയ്ക്ക് ഇന്ത്യയിൽ വന്നുപോയി. തിരക്കിൽനിന്ന് തിരക്കിലേക്കും പാട്ടിൽ നിന്ന് പാട്ടുകളിലേക്കും പറക്കുന്നതിനിടയ്ക്ക് മലയാളത്തെ മറക്കുന്നില്ല, ഈ പെൺസ്വരം..

പാടുവാൻ കഴിവുണ്ടെന്ന് മനസ്സിലാക്കിയത് എപ്പോളാണ് ?

പതിനൊന്നു വയസ്സ് വരെ സിംഗപ്പൂരിലായിരുന്നു. പക്ഷേ അന്നൊക്കെ പിയാനിസ്റ്റായിരുന്നു. പിന്നീട് നേരെ ഡൽഹിയിൽ. അവിടെ അമ്മ പഠിപ്പിച്ചിരുന്ന കാർമ്മൽ കോൺവെന്റ് സ്കൂളിൽ ചേർന്നു . സ്കൂളിൽ പിയാനോ വായിക്കുവാൻ അറിയാവുന്ന ഏക വിദ്യാർത്ഥിനി ആയിരുന്നു ഞാൻ. കൂടുതൽ പഠിക്കാനുള്ള ആഗ്രഹത്തോടെ ഡൽഹിയിലെ പ്രമുഖ പിയാനോ അദ്ധ്യാപകനായ വിശ്വാസ് വർഗീസിന്റെ അടുത്തെത്തി. പതിമൂന്ന് വയസ്സുള്ളപ്പോൾ അദ്ധ്യാപകൻ റെജിനാൾഡ് സാമുവൽ എന്നോട് പാടുവാൻ പറഞ്ഞു. ബാൻഡിന്റെ  കൂടെ റിഹേഴ്സൽ ചെയ്തിരുന്ന ഞാൻ മൈക്കിന്റെ മുന്നിൽ നിന്ന് മടിച്ചുമടിച്ച് പാടി. എന്നെത്തന്നെ ഞാൻ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം. ആക്കപ്പെല്ല, ജാസ്,  ഗോസ്പൽ സംഗീത ശാഖകളിലേക്ക്‌ എന്നെ പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്. വോക്കൽ രംഗത്ത് കൂടുതൽ മനോധർമ്മം ഉപയോഗിക്കുന്നതിനു നിർദ്ദേശിച്ചതും റെജിനാൾഡ് തന്നെ.  ഞാൻ ഇന്നും സഞ്ചരിക്കുന്ന പാതയിൽ എത്തിച്ചേരാൻ കാരണം റെജിനാൾഡ് സാമുവൽ എന്ന അദ്ധ്യാപകനാണ് .

കുടുംബാംഗങ്ങളുടെ സംഗീതാഭിരുചിയും പ്രോത്സാഹനവും  ?

എന്റെ അമ്മൂമ്മയുടെ അമ്മ ഹാർമോണിയം വായിച്ചു പാടുമായിരുന്നു. അച്ഛന്‌ എല്ലാത്തരം സംഗീതവും ഇഷ്ടമാണ്. ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. മാതാപിതാക്കൾ എന്റെ സംഗീതത്തെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. സ്കൂൾ സമയം കഴിഞ്ഞുള്ള റിഹേഴ്സലുകൾക്കും പിൽക്കാലത്ത് റിക്കോഡിംഗ് സ്റ്റുഡിയോകളിലും അമ്മ എന്റെ കൂടെ വന്നു. ഡൽഹി മ്യൂസിക്കൽ തീയറ്റർ പോലെയുള്ള പ്രാദേശിക പ്രൊഡക്‌ഷനുകളുടെ കൂടെയും ഞാൻ പങ്കെടുത്തു. ജോർജ്, ഇവാൻ പുലിൻകല തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കുവാനും സാധിച്ചു.

ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജിൽ നിന്നും ഡിഗ്രി എടുത്തതിനു ശേഷം ‘ആർട്ടിസ്റ്റ്സ് അൺലിമിറ്റഡ്’ എന്ന പ്രസ്ഥാനം തുടങ്ങുവാൻ സഹായിച്ചത് എന്റെ മാതാപിതാക്കളാണ്. പിന്നീട് ആർട്ടിസ്റ്റ്സ് അൺലിമിറ്റഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന തുടങ്ങുവാനും അതുവഴി സംഗീതത്തിലൂടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് സഹായമാകുവാനും അവർ എനിക്കൊപ്പം നിന്നു. എന്റെ മാതാപിതാക്കൾ, അവരുടെ വീക്ഷണം, എന്റെ കഴിവിൽ അവർക്കുള്ള വിശ്വാസം, എന്റെ സ്വപ്നസാക്ഷാത്കാരങ്ങൾക്ക് വേണ്ടിയുള്ള യജ്ഞങ്ങളിൽ അവരുടെ സംഭാവനകൾ ഇത്രയുമില്ലെങ്കിൽ ഞാനില്ല.
 

സംഗീത രംഗത്ത് ആരെയാണ് ആരാധിക്കുന്നത് ? 


ഒരുപാട് ഒരുപാട് പേരെ..അതിലൊരാളെ അല്ലെങ്കിൽ ചിലരെ തിരഞ്ഞെടുക്കുക അസാദ്ധ്യം. അവരിൽ നിന്നൊക്കെ ഞാൻ പലതും പഠിച്ചു. പക്ഷേ അതൊക്കെ വളരെ കുറച്ചു മാത്രം . 

ഗുരുക്കന്മാർ?


ആരും ഇതുവരെ എന്നോട് ചോദിക്കാത്ത ഒരു ചോദ്യം. വളരെ നന്ദി ഈ ഒരവസരത്തിന്. സിംഗപ്പൂർ ഉള്ള സി റ്റോൺ എന്ന പിയാനോ കമ്പനിയിലെ  മിസ്‌ റ്റാൻ ആണ് എന്നെ പിയാനോയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. പിന്നീട് സെയിന്റ് മാർഗരറ്റ് സ്കൂളിലെ മിസ്സിസ് ചീ. ആ ചെറിയ പ്രായത്തിൽ തന്നെ വളരെ ഉത്തരവാദിത്വത്തോട് കൂടി  ബാൻഡ് ലീഡർ എന്ന നിലയിലുള്ള കാര്യങ്ങൾ ചെയ്യുവാൻ എന്നെ ശീലിപ്പിച്ചത് അവരാണ്. പിന്നെ കടന്നു വരുന്നത് ഒരു നീണ്ട നിര. ആദ്യം വിശ്വാസ് വർഗീസ്, പിന്നെ ഗ്ലെൻ അമ്രേഡ്. സംഗീതം എങ്ങനെ കേൾക്കണം എന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. റെജിനാൾഡ് സാമുവലിനെ കുറിച്ചു ഞാൻ പറഞ്ഞുവല്ലോ. ഗീതാ ദേവ്, രാജി രമണൻ, സിത് സിംഗ് ബ്യൂളെർ, അഞ്ജലി മാതാ, പിന്നെ ബെർക്കിലിയിലെ അനേകം അദ്ധ്യാപകരും. ഈ അടുത്ത കാലത്ത് എന്നെ സ്വാധീനിച്ച നാല് പേരുണ്ട്. അവരെയും ഞാൻ എന്റെ ഗുരുക്കന്മാരിൽ പെടുത്തുന്നു . 

കൊച്ചുകുട്ടിയെന്ന പോലെ സംഗീതത്തെ സമീപിക്കുവാൻ എന്നെ പഠിപ്പിച്ചത് ഏ.ആർ. റഹ്‌മാനാണ്. യാതൊരു മുൻ ധാരണകളും ഇല്ലാതെ ആരുടേയും ഹൃദയം കവരാൻ ശ്രമിക്കാതെ സംഗീതത്തെ സമീപിക്കുക. ശബ്ദത്തെ കുറിച്ചു എ.ആർ. റഹ്‌മാനിൽ നിന്നും ധാരാളം പഠിച്ചു . അദ്ദേഹത്തോടൊപ്പം ചെലവഴിക്കുമ്പോൾ ഒന്നിന് പുറകെ ഒന്നൊന്നായി പുതിയ പുതിയ ആശയങ്ങൾ ഒഴുകി വരും. ഐറിഷ് സെൽറ്റിക്ക് സംഗീതത്തിലേക്ക്‌ എന്നെ അടുപ്പിച്ചത് ബിൽ വീലർ ആണ് . അദ്ദേഹം വഴി ഞാൻ ധാരാളം സംഗീതജ്ഞരെ പരിചയപ്പെട്ടു. നോന ഹെൻഡ്രിക്സിൽനിന്ന് രസകരമായ കാര്യങ്ങൾ പലതും പഠിച്ചു. സംഗീതസംവിധാനം ചെയ്യുമ്പോൾ ധാരാളം കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചത് രഞ്ജിത്ത് ബാരോട്ടിൽ നിന്നാണ്. 

ഇഷ്ട സംഗീതം? സംഗീതജ്ഞർ?


ബാൾക്കൻ സംഗീതം, ഇസ്രായേലി, ഗോസ്പൽ, സൂഫി, ബംഗാളി നാടൻ സംഗീതം, സെനംഗ്ലീസ് സംഗീതം..അങ്ങനെ ധാരാളം. ഞാൻ ശബ്ദത്തെ  ആസ്വദിക്കുന്നു.

മത്സരങ്ങളെ കുറിച്ച് ?


തുടർച്ചയായി ഞങ്ങളുടെ ബാൻഡ് സമ്മാനങ്ങൾ നേടിയിരുന്ന സമയത്തും സംഗീതം കൂടുതൽ പഠിക്കുവാൻ ആയിരുന്നു ശ്രദ്ധയും ശ്രമവും. മത്സരങ്ങൾ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കി. മാത്രമല്ല സമാന ചിന്താഗതിയുള്ളവരെ കണ്ടു മുട്ടിയതും മത്സരങ്ങളിലൂടെയാണ് .  മത്സരങ്ങളിലെ ശത്രുതയൊന്നും എനിയ്ക്ക് മനസ്സിലായിട്ടില്ല. കോളേജിൽ നിന്നും ഇറങ്ങിയ ശേഷം ആർട്ടിസ്റ്റ്സ് അൺലിമിറ്റഡ് ഉണ്ടാക്കി. ഡൽഹിയിലെ പെർഫോമിംഗ് ആർട്ടിസ്റ്റുകൾ അവിടെ ഒത്തു ചേർന്നിരുന്നു. കലയെ ഗൌരവമായി കണ്ട എൺപത് പേർ . അതും വ്യത്യസ്ത പ്രായത്തിലുള്ളവർ .  അക്കപ്പെല്ല, ഗോസ്പൽ ജാസ്, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി സംഗീതം സൂഫി സംഗീതം  തുടങ്ങി എല്ലാ സംഗീതവും ഞങ്ങൾ അവിടെ പരീക്ഷിച്ചു . താമസിയാതെ കൂടുതൽ പേർ ഇതിലേക്ക്‌ കടന്നുവന്നു. ഡൽഹിയിൽ ഇതൊരു വിപ്ലവമായി മാറി. ഓരോ അംഗവും മത്സരങ്ങൾ ജയിച്ചപ്പോൾ മറ്റുള്ളവർ  സ്വന്തം വിജയമായി കണ്ടു ആഹ്ലാദത്തോടെ സ്വീകരിച്ചു. 

സാമൂഹിക ദൗത്യങ്ങൾ?


2006ൽ മാതാപിതാക്കളുടെ സഹായത്തോടെ ആർട്ടിസ്റ്റ്സ് അൺലിമിറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിനു രൂപം നൽകി. കാൻസർ, എയിഡ്സ് രോഗികൾക്കുള്ള സഹായം മുതൽ ചെറിയ കുട്ടികൾക്കുള്ള ധന സഹായം വരെ ട്രസ്റ്റ് നൽകുന്നു. പാകിസ്താനിലേക്കും അത് എത്തിക്കഴിഞ്ഞു .മറ്റൊരു സംരംഭമാണ് ഷെയർ ആൻഡ്‌ കെയർ ഇന്ത്യ. ഭൂമിയിലെ എല്ലാവർക്കുമുള്ള ഭക്ഷണം ഭൂമിയിൽ തന്നെ ഉണ്ടെന്നുള്ള വിശ്വാസം. അതാണ്‌ ഷെയർ ആൻഡ്‌ കെയർ ഇന്ത്യയുടെ അടിസ്ഥാനം. ജനക്പുരിയിലെ പള്ളിയിൽ ഫുഡ് ആൻഡ്‌ ബിവറേജസ് എടിഎം സ്ഥാപിച്ചു. ഒരു റെഫ്രിജറേറ്റർ ആണത്.  ആവശ്യക്കാരന് ഉപയോഗിക്കുവാൻ സാധിക്കുന്ന വിധത്തിൽ ജലവും പഴവർഗങ്ങളും അതിൽ നിങ്ങൾക്ക് സൂക്ഷിക്കാം . സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും  ജലവും അടിസ്ഥാന പോഷകാഹാരവും പങ്ക് വെയ്ക്കാൻ തീരുമാനിച്ചാൽ തന്നെ ദരിദ്ര കുടുംബങ്ങളെ സഹായിക്കുവാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഈ സംഘടന ഉണ്ടായത് തന്നെ.

പെർഫോർമൻസുകൾക്കിടയിൽ തെറ്റുകൾ സംഭവിച്ചാൽ ?


ഒരിയ്ക്കൽ എന്റെ മാർഗദർശിയും ഗുരുവുമായ മാർക്ക് കോഹ്ലർ ചോദിച്ചു: ഒരു വഞ്ചിയിൽ സ്വയം തുഴഞ്ഞു പോകുമ്പോൾ വിശന്നുവെന്നിരിക്കട്ടെ, നിങ്ങൾ കഴിക്കുവാനായി ഒരു സാന്റ് വിച്ച് എടുക്കുന്നു. എന്നാൽ പെട്ടെന്ന് അത് വെള്ളത്തിൽ വീഴുന്നു. നിങ്ങൾ എന്ത് ചെയ്യും? ആ നനഞ്ഞ സാന്റ് വിച്ച് വീണ്ടെടുത്ത് കഴിക്കുമോ. ഇല്ല എന്നാണ് ആരുടേയും ഉത്തരം. ആർക്കും ഒരു നനഞ്ഞ സാന്റ് വിച്ച് ആവശ്യമില്ല. ഒരു നിമിഷത്തെ ആ തെറ്റിനെ മറന്നുകൊണ്ട് മുന്നോട്ടു പോവുക. പക്ഷേ ചില കാര്യങ്ങൾ മനസ്സിൽ കുറിച്ചിടണം. 

സഭാകമ്പം ഉണ്ടാകാറുണ്ടോ ?

കൈകാലുകൾ വിറയ്ക്കും വിധവും ശബ്ദം ഇടറും വിധവും ചാഞ്ചല്യപ്പെടുമായിരുന്നു. പിന്നീട് അത് മാറി. എന്നാൽ പത്ത് വർഷം മുൻപ് അത് വീണ്ടും എന്നെ ശല്യപ്പെടുത്തുവാൻ തുടങ്ങി. പക്ഷേ ഇപ്പോൾ ഞാൻ സദസ്യരോട് പറയാറുണ്ട്: ‘പരിഭ്രമം ഉണ്ടെനിക്ക്‌, നിങ്ങൾ എനിക്ക്‌ അനുരോധ ഊർജം പകരൂ’. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞാൻ സാധാരണ നില കൈവരിക്കുകയും ചെയ്യും.    എലിസബത്ത്‌ ഗിൽബർട്ടിന്റെ ബിഗ്‌ മാജിക്കിലെ വാചകങ്ങൾ ഞാൻ എന്നെ സ്വയം ഓർമ്മപ്പെടുത്തും. ‘ധീരത എന്നത് ഭയമില്ലായ്മ അല്ല, ഭയത്തിൽ ചാരി അതിനോടൊപ്പം ജീവിക്കുക എന്നുള്ളതാണ്. ഭയത്തിനെ നിങ്ങൾ ആലിംഗനം ചെയ്യണമെന്നില്ല, പക്ഷേ അത് ഉണ്ടെന്നു നിങ്ങൾ അംഗീകരിക്കണം’

മലയാളഗാനങ്ങൾ ?

എല്ലാ സംഗീതവും എനിയ്ക്ക് ഇഷ്ടമാണ്. കാറ്റിൽ ഇളം കാറ്റിൽ, വെളിച്ചമേ നയിച്ചാലും, തുടങ്ങിയവയൊക്കെ ക്ലാസിക്കുകൾ ആണ് 

കേരളത്തിലേക്ക്?

ഇവിടെ സംഗീതശില്പശാലകൾ നടത്തുവാൻ ആഗ്രഹിക്കുന്നു. എന്റെ മനോഹരമായ നാട്ടിലേക്ക്‌ ബെർക്കിലിയിലെ വൈവിധ്യമാർന്ന കലാകാരന്മാരുമായി വരുവാനാണ്‌ മോഹം

റഹ്‌മാൻ 

റഹ്‌മാൻ നമ്മളിൽ ആശ്ചര്യം ജനിപ്പിക്കും. മാത്രമല്ല നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യും. റഹ്‌മാന്റെ വിനയവും സ്ഥിരോത്സാഹവും നർമ്മബോധവും..അതിൽനിന്ന് ഞാൻ  ഇപ്പോഴും ധാരാളം പഠിച്ചു കൊണ്ടിരിക്കുന്നു റോജയിലെ ചോട്ടി സി ആശ എന്ന ഗാനം മുതൽ റഹ്‌മാന്റെ സംഗീതം എന്നെ വിടാതെ പിന്തുടരുന്നു. അച്ചം എമ്പത്‌ മടമൈയെടാ എന്ന ചിത്രത്തിൽ രാസാളി എന്ന ഗാനം ഈ കഴിഞ്ഞ ദിവസം ഞാൻ കേട്ടു. ആ മനസ്സ് സഞ്ചരിക്കുന്ന വഴികൾ അത്ഭുതമുളവാക്കുന്നു .

അദ്ദേഹമൊത്തുള്ള ഓരോ  ഇടപെടലുകളും ജീവിതത്തിനാവശ്യമായ പാഠങ്ങൾ നിറഞ്ഞതാണ്‌ . കഠിനാദ്ധ്വാനിയാണ് റഹ്‌മാൻ. ശബ്ദം അദ്ദേഹത്തിനു തീക്ഷ്ണമായ ഒരു ആവേശമാണ്. ഓരോ നിമിഷവും പരീക്ഷണത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുകയും പഠിച്ചത് പരീക്ഷിക്കുകയും ചെയ്യുന്നു റഹ്‌മാൻ . തനിയ്ക്ക് വഴങ്ങുന്ന കലയിൽ ഒരേ സമയം കാലത്തിനെ അതി ജീവിച്ച പാരമ്പര്യ സമ്പ്രദായങ്ങളേയും പുതു പുത്തൻ സാങ്കേതികതയേയും ഉൾപ്പെടുത്തുവാൻ റഹ്‌മാന്  കഴിയുന്നു . മെലഡിയെ എങ്ങനെ ബഹുമാനിക്കണമെന്ന് റഹ്‌മാനറിയാം . എന്നാൽ പാരമ്പര്യ രീതിയിൽ ഉറച്ചു നിൽക്കുമെന്ന് വാശിയുമില്ല . വളരെ ചെറിയ കാര്യങ്ങളിൽ വിശദാംശങ്ങൾ ധാരാളം. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും നവ്യാനുഭവം . നൂറുകണക്കിന് പ്രതിഭകൾക്ക് പ്രചോദനമായും അവസരങ്ങൾ നൽകിയും റഹ്‌മാൻ സംഗീതജ്ഞരുടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നു. ആ സംഗീതമില്ലാതെയുള്ള ജീവിതത്തെ കുറിച്ചു ചിന്തിക്കാനേ കഴിയുന്നില്ല.

lekshmiprabha28@gmail.com