വീശിയടിച്ച കാറ്റിനെയും മഞ്ഞുവീഴ്ചയെയും വകവെക്കാതെ മുത്തശ്ശിക്കും മകള്‍ക്കുമൊപ്പം കാറില്‍ ഡ്രൈവ് ചെയ്തുപോകുകയായിരുന്നു ഫിയോണ. പെട്ടെന്നാണ് കാറിന്റെ ജനല്‍പ്പാളിയിലൂടെ മഞ്ഞ്  അതിശക്തമായി അകത്തേക്ക് പതിച്ചത്. മുന്നോട്ട് ഒരിഞ്ച് നീങ്ങാനാകാത്ത വിധം നടുറോഡില്‍ അവര്‍ അകപ്പെട്ടു. 

സംഹാര താണ്ഡവമാടിയ കാറ്റില്‍ നിന്നും  മഞ്ഞുവീഴ്ചയില്‍ നിന്നും മകളെ രക്ഷിക്കാനായി ഫിയോണയുടെ ശ്രമം. കുഞ്ഞിന്റെ നേര്‍ക്കു കാറ്റും മഞ്ഞുകട്ടകളും പാഞ്ഞു വരുന്നതു കണ്ടു  തന്റെ ശരീരം കൊണ്ടവള്‍ മകളെ പൊതിഞ്ഞുപിടിച്ചു. ഫിയോണയുടെ ശരീരത്തില്‍ ചതവുകളും മുറിവുകളുമേല്‍പ്പിച്ചാണ് കാറ്റ് വിടവാങ്ങിയത്. മകളെ രക്ഷിക്കാനായെങ്കിലും ഫിയോണക്ക് അതിഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. 

അത്ഭുതകരമായാണ്  ഫിയോണക്കും കുഞ്ഞിനും മുത്തശ്ശിക്കും ജീവന്‍ തിരിച്ചു കിട്ടിയത്. 

തെക്കുകിഴക്കന്‍  ക്യൂന്‍സ്‌ലാന്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രദേശത്തു ശക്തമായ ചുഴലിക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുകയായിരുന്നു. ശക്തമായ കാറ്റില്‍ വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കുരകള്‍ തകരുകയും പലതും കാറ്റത്ത് പറന്നു പോകുകയും ചെയ്തു. വന്‍മരങ്ങള്‍ വഴിയിലേയ്ക്ക് കടപുഴകി വാഹനങ്ങളുടെ മുകളില്‍ പതിക്കുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്തിരുന്നു.

മകളേയും മടിയിലിരുത്തി മുറിവേറ്റ ദേഹവുമായി ഫിയോണ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. ഫിയോണ തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചത്. അതിശക്തമായ കാറ്റില്‍ മുന്നറയിപ്പുകളെ അവഗണിച്ച് കാര്‍ ഡ്രൈവ് ചെയ്യരുത് എന്ന പാഠം താന്‍ പഠിച്ചുവെന്ന് ഫിയോണ പറയുന്നു.