യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം.
ഒരു നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനിയുടെ മറുപടിയെത്തി. 'അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് അതുകണ്ടുവരുന്നത്. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ അവസരവും നല്‍കപ്പെടണം, അതുകൊണ്ട് ഈ പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല.' നിറഞ്ഞ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് സോസിബിനി ടുന്‍സിയുടെ മറുപടി കാണികള്‍ ഏറ്റെടുത്തത്.
മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സി സ്വന്തമാക്കിയത് ഈ ഉത്തരത്തിലൂടെയാണ്. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
<Final Word: SOUTH AFRICA#MissUniverse2019 LIVE on @FOXtv. Airing in Spanish on @Telemundo. pic.twitter.com/kk1ySPXxXU
— Miss Universe (@MissUniverse) December 9, 2019
സ്ത്രീയെന്നതിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും അതിക്രമങ്ങളെയും തടയുന്നതിന് വേണ്ടി നിരവധി സോഷ്യല്‍ മീഡിയാ കാമ്പെയിനുകള്‍ സോസിബിനി നടത്തിയിട്ടുണ്ട്. സ്വഭാവിക സൗന്ദര്യത്തിന്റെ വക്താവ് കൂടിയാണ് ഇവര്‍. തന്റെ ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും പഠിക്കണമെന്നാണ് സോസിബിനിയുടെ പക്ഷം.
മത്സരത്തില്‍ മിസ് യൂണിവേഴ്‌സ് പ്യൂര്‍ട്ടോറിക്കോ, മിസ് യൂണിവേഴ്‌സ് മെക്‌സികോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി. ആദ്യപത്തില്‍ ഇടം നേടാന്‍ ഇന്ത്യന്‍ സുന്ദരി വര്‍തിക സിങ്ങിന് കഴിഞ്ഞില്ല. ഞായറാഴ്ച അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തരം എന്നീ റൗണ്ടുകളിലൂടെയാണ് തൊണ്ണൂറോളം മത്സരാര്‍ഥികളില്‍ നിന്ന് മിസ് യൂണിവേഴ്‌സിനെ ജഡ്ജസ് കണ്ടെത്തിയത്.
സോസിബിനിയെ അഭിനന്ദിച്ചുകൊണ്ട് ടെലിവിഷന്‍ അവതാരകയും അഭിനേത്രിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ ഓപ്ര വിന്‍ഫ്രിയും രംഗത്തെത്തിയിരുന്നു. ചോദ്യോത്തര റൗണ്ടില്‍ സോസിബിനി നല്‍കിയ ഉത്തരത്തെയും ഓപ്ര അഭിനന്ദിച്ചിരുന്നു.
Content Highlights: Miss Universe 2019 winner is Miss South Africa Zozibini Tunzi