സൗന്ദര്യ മത്സരവേദികൾ എന്നും ആകര്‍ഷിച്ചിരുന്ന പെണ്‍കുട്ടി, കരിയറിനെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരുന്നു അവള്‍ക്ക്. മെഡിസിന്‍ പഠനത്തിനുശേഷം സൗന്ദര്യ മത്സര മേഖലയിലേക്കു കടക്കാന്‍ അത്രയൊന്നും ആലോചിക്കേണ്ടി വന്നില്ല ഭാഷാ മുഖര്‍ജി എന്ന പെണ്‍കുട്ടിക്ക്. ഇന്ന് കൊറോണ വൈറസിനോട് ലോകമാകെ പൊരുതുമ്പോൾ തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അവള്‍ വിട്ടുനില്‍ക്കുന്നില്ല.

കൊല്‍ക്കത്തയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ് ഭാഷയുടെ കുടുംബം. 2019ല്‍ താനേറെ സ്വപ്‌നം കണ്ട മിസ് ഇംഗ്ലണ്ട് പട്ടവും അവള്‍ കരസ്ഥമാക്കി. മത്സരവിജയത്തോടെ വിദേശരാജ്യങ്ങളിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ ഭാഷ ഇപ്പോള്‍ കിരീടം തല്‍ക്കാലത്തേക്ക് മാറ്റിവച്ച് വീണ്ടും പഴയ കരിയറിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. കൊറോണ രോഗികളെ ചികിത്സിക്കാന്‍. 

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെങ്കിലും ഇപ്പോള്‍ മിസ് ഇംഗ്ലണ്ട് കിരീടം ധരിച്ചു നടക്കുന്നത് ശരിയല്ലെന്നാണ് ഭാഷയുടെ വാദം. കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും സഹപ്രവര്‍ത്തകരുടെ കഠിനാധ്വാനവുമൊക്കെ ഓര്‍ത്തപ്പോള്‍ ഡോക്ടര്‍ പ്രൊഫഷനിലേക്ക് തിരികെയെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഭാഷ പറയുന്നു. 

ഇംഗ്ലണ്ടില്‍ തിരികെയെത്തിയ ഭാഷ രണ്ടാഴ്ച്ചക്കാലത്തേക്ക് ക്വാറന്റൈനില്‍ കഴിയുകയാണ്. അതു പൂര്‍ത്തിയാവുന്നതോടെ പില്‍ഗ്രിം ആശുപത്രിയില്‍ ജോലിക്കായി പ്രവേശിക്കാനിരിക്കുകയാണ്. മിസ് ഇംഗ്ലണ്ട് എന്ന നിലയ്ക്ക് ഇംഗ്ലണ്ടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതിലും മികച്ച സമയം തനിക്കിനി കിട്ടാനില്ലെന്നും ഭാഷ പറയുന്നു.

Content Highlights: miss england bhasha mukherjee return back to doctor career