'രാജ്യത്തിനായി ഹൃദയം നല്‍കി, ജീവനും നല്‍കാന്‍ തയ്യാറാണെന്ന മനോഭാവത്തിലായിരുന്നു ഞങ്ങള്‍.' ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ച ഫെബ്രുവരി 27-ലെ വ്യോമാക്രമണത്തെ കുറിച്ച് മിന്റി അഗര്‍വാള്‍ ഓര്‍ത്തെടുക്കുന്നു. യുദ്ധ് സേവ മെഡല്‍ ലഭിക്കുന്ന ആദ്യവനിതാ വ്യോമസേനാംഗമാണ് മിന്റി അഗര്‍വാള്‍, ഇന്ത്യന്‍ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍. അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ വനിത ഉദ്യോഗസ്ഥ. വിശിഷ്ടസേവനം കാഴ്ചവെക്കുന്ന സൈനികോദ്യോഗസ്ഥര്‍ക്ക് രാജ്യം നല്‍കുന്ന ബഹുമതിയാണ് യുദ്ധ് സേവ മെഡല്‍

'ഫെബ്രുവരി 26-ന് വളരെ വിജയകരമായാണ് ബാലാകോട്ട് മിഷന്‍ പൂര്‍ത്തിയാക്കിയത്. ശത്രുക്കളില്‍ നിന്ന ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്തും നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു.  24 മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ തിരിച്ചടിച്ചു. തുടക്കത്തില്‍ വളരെ കുറച്ച് എയര്‍ക്രാഫ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പതിയെ അവയുടെ എണ്ണം വര്‍ധിച്ചു. തകര്‍ക്കുക എന്ന ദൗത്യത്തോടെയാണ് ഇന്ത്യന്‍ അതിര്‍ത്തി അവര്‍ കടന്നത്. എന്നാല്‍ വൈമാനികരുടെയും കണ്‍ട്രോളേഴ്‌സിന്റെയും ടീമുംവൈമാനികരും കണ്‍ട്രോളേഴ്‌സും ടീമും ആ ശ്രമത്തെ ചെറുത്തു.' പാക് ആക്രമണത്തെ ഇന്ത്യന്‍ വ്യോമസേന എങ്ങനെയാണ് നേരിട്ടത് എന്ന് മിന്റി പറയുന്നു. 

'വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ യുദ്ധവിമാനവുമായി ആക്രമണത്തിന് തയ്യാറായത് മുതല്‍ ഞാനാണ് അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. വ്യോമ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ച് നല്‍കി. ശത്രു വിമാനത്തിന്റെ അംഗവിന്യാസത്തെ കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. കൃത്യസമയത്താണ് അഭിനന്ദന്‍ പാക് യുദ്ധവിമാനം എഫ് 16നു നേരെ ആക്രമണം നടത്തിയത്. ആ നിമിഷം എന്റെ സ്‌ക്രീനില്‍ നിന്ന് എഫ് 16 കാണാതായി.' അഭിനന്ദന്‍ പാക് വിമാനത്തെ വെടിവെച്ചിട്ട നിമിഷത്തെ മിന്റി ഓര്‍ക്കുന്നത് ഇപ്രകാരമാണ്.

അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടര്‍ന്ന് തുരത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ് 21 വിമാനം പാക് അധീന കാശ്മീരില്‍ തകര്‍ന്നുവീഴുകയും അപകടത്തില്‍ രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടുകയുമായിരുന്നു. 

ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങള്‍ ഉദ്ദംപുരിലെ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തിയിരുന്നു. ഫെബ്രുവരി 27-ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് വിമാനങ്ങളാണ് സൈനിക ആസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു. ബാലകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ നൗഷേരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്നെത്തിയത്. 

പാകിസ്താന്റെ 24 ജെറ്റ് വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളില്‍ ലേസര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് വിമാനങ്ങളെ വിരട്ടിയോടിച്ചു. ഉദ്ദംപുരിലെ സൈനിക ആസ്ഥാനവും പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന റെസായി ജില്ല ലക്ഷ്യമാക്കിയായിരുന്നു പാക് വിമാനങ്ങളുടെ നീക്കം. ഇതിനിടെ നിയന്ത്രണരേഖയോട് ചേര്‍ന്ന ചില മേഖലകളില്‍ പാക് വിമാനങ്ങള്‍  ബോംബ് വര്‍ഷിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. 1971-നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണ ശ്രമമുണ്ടാകുന്നത്. 

Content Highlights:  IAF Officer Minty Agarwal who provided Abhinandan Varthaman air support