പ്രസവത്തിന്റെ നാളുകള്‍ അടുക്കുമ്പോഴേക്കും നിയന്ത്രണങ്ങളുടെ പട്ടികയൊരുക്കുന്ന പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഇവിടെ പൂര്‍ണഗര്‍ഭിണിയായ യുവതി പ്രസവത്തിനായെത്തിയത് സാധാരണത്തേതുപോലെയല്ല കുറച്ചു സാഹസികമായാണ്. കന്നിപ്രസവത്തിന് പോകുന്നതിന്റെ യാതൊരു പിരിമുറുക്കങ്ങളുമില്ലാതെ കൂളായി സൈക്കിൾ ചവിട്ടി പോയി വ്യത്യസ്തയായത് ന്യൂസീലന്‍ഡിലെ മന്ത്രി കൂടിയായ ജൂലി ആന്‍ സെന്ററാണ്. 

വനിതാക്ഷേമവും ഗതാഗത വകുപ്പ് സഹമന്ത്രിയുമായ ജൂലിയുടെ പ്രവൃത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ ജൂലി വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയാണ് ഓക്​ലന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ എത്തിയത്. 

''സഹായികളായവര്‍ക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്നു തോന്നിയപ്പോഴാണ് ഞാനും പങ്കാളിയും സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. അതെന്നെ വളരെ നല്ല മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു''- ജൂലി സമൂഹമാധ്യമത്തില്‍ കുറിച്ചു.

നാല്‍പത്തിരണ്ട് ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. 

അടുത്തിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് വിശ്രമം കഴിയും മുമ്പേ ജോലിയില്‍ തിരിച്ചെത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. നേരത്തെ 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.

Content Highlights: Minister Julie Anne Genter Cycles Her Way to Delivery Ward