മിഹായേല നൊറോക് എന്ന റൊമാനിയക്കാരി 16-ാമത്തെ വയസ്സിൽ ഒരു ക്യാമറ സമ്മാനമായി ലഭിച്ചപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്. നൊറോക് എന്ന റുമാനിയൻ വാക്കിന്റെ അർഥം ഭാഗ്യം എന്നാണ്. 16 വർഷങ്ങൾക്കിപ്പുറം മിഹായേല ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾക്ക് ഭാഗ്യദേവതയാണ്. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിക്കൊടുത്ത് അതിലൂടെ ആത്മവിശ്വാസവും ധൈര്യവും പകർന്നു നല്‍കിയ ഭാഗ്യദേവത. മിഹായേലയും അവരുടെ പ്രോജക്ടായ അറ്റ്‌ലസ് ഓഫ് ബ്യൂട്ടിയും ചർച്ചയാകാത്ത ഒരു ഭൂഖണ്ഡം പോലും ഇന്ന് ലോകത്തില്ല.

mihaela afghan


എന്താണ് അറ്റ്‌ലസ് ഓഫ് ബ്യൂട്ടി

പേരു പോലെ തന്നെ സൗന്ദര്യത്തിന്റെ വൈവിധ്യമാണ്‌ അറ്റ്‌ലസ് ഓഫ് ബ്യൂട്ടിയുടെ കാതൽ. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി സ്ത്രീകളെ ഒരേ പോർട്രെയ്റ്റിൽ അവതരിപ്പിക്കുകയാണ് ഈ പ്രോജക്ടിലൂടെ. മിഹായേലയുടെ ക്യാമറയിൽ പതിയുന്ന ആ സൗന്ദര്യത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്. ഓരോ പെൺജീവിതത്തിന്റെയും സന്തോഷവും സങ്കടവും പോരാട്ടങ്ങളും കഷ്ടപ്പാടുകളും എല്ലാം ആ ഫ്രെയിമിലൂടെ കാഴ്ചക്കാരന്റെ മനസ്സിനെ തൊടുന്നു.

mihaela pic


നാല് വർഷങ്ങൾ, 60 രാജ്യങ്ങൾ

സമ്മാനമായി കിട്ടിയ ക്യാമറയിൽ മിഹായേല ആദ്യം പകർത്തിയത് അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങളായിരുന്നു. പെയിന്ററായ അച്ഛന്റെ പിന്തുണയും കൂടിയായതോടെ, നിറങ്ങളെ ഇഷ്ടപ്പെട്ട പെൺകുട്ടി ഫോട്ടോഗ്രാഫിയെ പ്രണയിച്ചുതുടങ്ങി. പക്ഷേ, ബിരുദപഠനത്തിന്റെ തിരക്കുകൾക്കിടയിൽ ആ ഹോബിയും ക്യാമറയും അവൾക്ക് മറന്നുവയ്‌ക്കേണ്ടി വന്നു. അധ്യാപകരുടെ സമ്മർദമായിരുന്നു കാരണം. ഉപരിപഠനവും ജോലിയുമൊക്കെയായി മിഹായേലയുടെ ജീവിതം അങ്ങനെ വഴിമാറിയൊഴുകാൻ തുടങ്ങി.

പക്ഷേ, രക്തത്തിലുള്ളതിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ വിധി സമ്മതിക്കില്ലല്ലോ. 28ാമത്തെ വയസ്സിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം പെറുക്കികൂട്ടി മിഹായേലയും ഭർത്താവും എത്യോപ്യ കാണാനിറങ്ങി. പതിവ് ചിട്ടകളിൽ കുരുങ്ങിപ്പോയ ജീവിതത്തെ സ്വതന്ത്രമാക്കി തിരിച്ചുവരാം എന്നേ ഇരുവരും കരുതിയുള്ളു. എന്നോ മറന്നുവച്ച ക്യാമറയും പൊടിതട്ടി മിഹായേല കൂടെക്കൂട്ടി. ആ യാത്ര മിഹായേലയുടെ പുതുജീവിതത്തിലേക്കുള്ളതായിരുന്നു. എത്യോപ്യയിൽ നിന്ന് യാദൃശ്ചികമായി പകർത്തിയ ചില ചിത്രങ്ങൾ അവൾക്ക് പുതിയ ദിശാബോധം നല്കി.

mihaela

  
ഒരുവശത്ത് മുഖം വരെ മൂടിയ വസ്ത്രധാരണവുമായി ജീവിക്കുന്ന മുസ്ലീം സ്ത്രീകൾ, മറുവശത്ത് പൂർണമായും നഗ്നരായ ഗോത്രവർഗ സ്ത്രീകൾ. ഇതായിരുന്നു മിഹായേല കണ്ട എത്യോപ്യ. മറ്റൊരു കാര്യവും മിഹായേലയുടെ കണ്ണിലുടക്കി. എത്ര പരുക്കൻ സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും ആ പെൺമുഖങ്ങളിൽ നിറയുന്ന പ്രസന്നതയും ആകർഷണീയതയും. അതാണ് മിഹായേലയെ ഇരുത്തിച്ചിന്തിപ്പിച്ചത്. ഈ വൈവിധ്യത്തെ എന്തുകൊണ്ട് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കൂടാ എന്ന ചിന്ത അങ്ങനെ അറ്റ്‌ലസ്  ഓഫ് ബ്യൂട്ടി എന്ന വലിയ ആശയത്തിലേക്കെത്തുകയായിരുന്നു. അങ്ങനെ, നാലുവർഷങ്ങൾ കൊണ്ട് അറുപതിലധികം രാജ്യങ്ങളിലൂടെ മിഖായേല യാത്ര ചെയ്തു. ആമസോൺ മഴക്കാടുകൾ മുതൽ ടിബറ്റൻ പീഠഭൂമി വരെ നീളുന്നു ആ യാത്രകൾ.

എന്തുകൊണ്ട് സ്ത്രീകൾ മാത്രം?

മിഹായേല എന്തുകൊണ്ട് പുരുഷന്മാരുടെ ചിത്രങ്ങൾ പകർത്തുന്നില്ല എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം. 'തീർച്ചയായും പുരുഷന്മാർ സൗന്ദര്യമുള്ളവർ തന്നെയാണ്. പക്ഷേ എനിക്കിഷ്ടം സ്ത്രീകളുടെ ചിത്രങ്ങളെടുക്കാനാണ്. അവരെ എനിക്ക് കൂടുതൽ അറിയാനാവും.അവരുടെ പോരാട്ടങ്ങളും സ്വപ്‌നങ്ങളും എന്റേത് കൂടിയാവുകയാണ്'

mihaela

ഇതോട് ചേർത്താണ് യാത്രകൾക്കിടെ നേരിടേണ്ടിവരുന്ന അനുഭവങ്ങളെക്കുറിച്ച്  മിഹായേല പറയുന്നത്. ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനായത് അഫ്ഗാനിസ്ഥാനിലും റിയോ ഡി ജനീറയിലുമാണ്. ഈജിപ്തിൽനിന്നാണ് കടുത്ത പ്രതിസന്ധി നേരിട്ടത്. ചിത്രങ്ങൾ പകർത്തുന്നതിനിടെ രെുകൂട്ടം ചെറുപ്പക്കാർ ആയുധങ്ങളുമായി ആക്രമിക്കാനെത്തി. ഇന്ത്യയിൽ നിന്നും ചില മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നെന്നാണ് മിഹായേല പറയുന്നത്. സ്ത്രീകളുടെ ചിത്രങ്ങൾ പകർത്താൻ പുരുഷന്മാരുടെ അനുമതി തേടേണ്ടിവരുന്നത് ദയനീയമല്ലേ എന്നാണ് ചോദ്യം. ഇന്ത്യയിൽ വച്ച് ദിവസങ്ങളോളം അസുഖം പിടിപെട്ട് കിടപ്പിലാകുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ സ്ത്രീകളുടെ ആത്മവിശ്വാസവും സൗന്ദര്യവും എടുത്തു പറയത്തക്കതാണെന്നും മിഹായേലക്ക് അഭിപ്രായമുണ്ട്.

പെണ്ണുങ്ങളേ,നിങ്ങളോട്....

''സൗന്ദര്യത്തിന്റെ ഭിന്നഭാവങ്ങളാണ് ഓരോ പെൺമുഖങ്ങളും. കണ്ണുകളിൽ തെളിയുന്ന കാരുണ്യത്തിൽ മുഖത്ത് വിരിയുന്ന ചുളിവുകളിൽ ചുണ്ടുകളിൽ തെളിയുന്ന പുഞ്ചിരിയിൽ എല്ലാം സൗന്ദര്യമുണ്ട്. എന്റെ ക്യാമറാ ലെൻസുകൾ നിങ്ങളുടെ കണ്ണുകളിലേക്ക് ഫോക്കസ് ചെയ്യുന്നത് നിങ്ങളിലെ കഥ എനിക്കറിയാനാണ്,അങ്ങനെ ലോകത്തെ അറിയിക്കാനാണ്. എത്ര കഷ്ടപാടുകൾക്കിടയിലും സ്ത്രീയെന്ന സ്വത്വത്തിൽ അഭിമാനിക്കണം. ഇത്രയേറെ വൈവിധ്യം നിറഞ്ഞ സൗന്ദര്യം ലോകത്തിലൊന്നിനുമില്ലെന്ന് തിരിച്ചറിയണം. അതു തന്നെയാണ് നമ്മുടെ ശക്തി. സ്വന്തം സൗന്ദര്യം തിരിച്ചറിഞ്ഞ് നിങ്ങളോരോരുത്തരും ആത്മവിശ്വാസം വർധിപ്പിക്കുക. ആ വിശ്വാസം നിങ്ങളുടെ സ്വപ്‌നത്തിലേക്കുള്ള താക്കോലാകും. പെണ്ണാണ് എന്നത് ദൗർബല്യമല്ല, ശക്തിയാണ്.''

mihaela

സ്വപ്‌നങ്ങളിലേക്ക് നടക്കുമ്പോൾ പിന്നോട്ട് വലിക്കുന്ന തടസ്സങ്ങളിൽ കുടുങ്ങി വീടിനകത്ത് ഒതുങ്ങേണ്ടിവരുന്നവർക്ക് മിഹായേലയുടെ ഈ വാക്കുകൾ  പ്രചോദനമാണ്. സൗന്ദര്യം എല്ലാവരിലുമുണ്ടെന്നും അത് കണ്ടെത്തേണ്ടത് മറ്റുള്ളവരുടെ കണ്ണുകൾ കൊണ്ടല്ല അവനവന്റെ മനസ്സ് കൊണ്ടാണെന്നുമുള്ള മിഹായേലയുടെ വാക്കുകൾ വെറുതെ കേട്ട് മറക്കാനുള്ളതല്ല, ഓരോ പെണ്ണും സ്വന്തം മനസ്സിനോട് ഒരുനൂറാവർത്തി പറഞ്ഞുറപ്പിക്കേണ്ടതാണ്.

Photo:Facebook/Atlas of Beauty