ഠിക്കണമെന്നൊക്കെ വലിയ ആ​ഗ്രഹമായിരുന്നു, ഇനി ഈ പ്രായത്തിൽ എന്തു ചെയ്യാൻ എന്നു പറയുന്നവരെ കണ്ടിട്ടുണ്ടോ? എങ്കിൽ അവർക്ക് മുന്നിലേക്ക് സ്വന്തം ജീവിതത്തിലൂടെ പഠനത്തിന് പ്രായം തടസ്സമല്ലെന്നു തെളിയിക്കുകയാണ് ഒരു സ്ത്രീ. അമ്പതാം വയസ്സിൽ പ്ലസ് ടു പരീക്ഷയെഴുതി വിജയം വരിച്ച് വാർത്തകളിലിടം നേടുകയാണ് ലാകിന്റ്യൂ സീമ്ലി എന്ന വനിത.

മേഘാലയയിലെ ഒരു കു​ഗ്രാമത്തിൽ നിന്നാണ് അതിശയിപ്പിക്കുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. സ്കൂളിൽ നിന്ന് പടിയിറങ്ങി മുപ്പത്തിരണ്ടു വർഷങ്ങൾക്കു ശേഷമാണ് ലാകിന്റ്യൂവിന്റെ ഈ വിജയം എന്നത് തിളക്കം കൂട്ടുകയാണ്. ഖാസി ഭാഷയെ ഇഷ്ടപ്പെട്ടിരുന്ന താൻ ധാരാളം കവിതകൾ എഴുതിയിരുന്നുവെന്നും എന്നാൽ കണക്കും ശാസ്ത്രവും വഴങ്ങില്ലെന്നു തോന്നിയതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നെന്നും ലാകിന്റ്യൂ പറയുന്നു. 

2008ൽ ഭർത്താവ് ഉപേക്ഷിച്ചതോടെ മക്കളുടെ പരിപാലനവും വീടുനോക്കി നടത്തലും ലാകിന്റ്യൂവിന്റെ ചുമലിലായി. അങ്ങനെയാണ് നഴ്സറി സ്കൂൾ കുട്ടികൾക്ക് ഖാസി ഭാഷ പഠിപ്പിച്ചു തുടങ്ങുന്നത്. പക്ഷേ അപ്പോഴും തന്റെ പഠനം പൂർത്തിയാക്കുക എന്നത് സ്വപ്നമായി മനസ്സിൽ അവശേഷിച്ചിരുന്നു. അങ്ങനെ കഴിഞ്ഞ വർഷം അധ്യാപന ജോലിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചു. തെല്ലും മടിയില്ലാതെ സ്കൂൾ യൂണിഫോമണിഞ്ഞ് വീണ്ടും പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു, 

തന്റെ സഹപാഠികൾ തന്നേക്കാൾ മുപ്പതു വയസ്സെങ്കിലും ഇളപ്പമുള്ളവരാണെന്നു പറയുന്നു ലാകിന്റ്യൂ. പലരും അമ്മ എന്നു തന്നെയാണ് വിളിക്കുന്നതും. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും താൻ മുൻപന്തിയിലായിരുന്നുവെന്നും കക്ഷി പറയുന്നു. ന‍ൃത്ത-സം​ഗീത മത്സരങ്ങളിലെല്ലാം സജീവമായിരുന്നു. 

പരീക്ഷാഫലം വന്നതോടെ മക്കളും ഏറെ സന്തോഷത്തിലാണെന്നു പറയുന്നു ലാകിന്റ്യൂ. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന ദിവസമാണിത്. ഇനി ബിരുദവും ബിരുനാദന്തര ബിരുദവുമൊക്കെ ചെയ്യണമെന്നതാണ് സ്വപ്നമെന്നും ലാകിന്റ്യൂ. സ്വപ്നം കാണാൻ അതിരുകളില്ലെന്നും വീട്ടുകാര്യങ്ങൾക്കുമപ്പുറം ജീവിതമുണ്ടെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് താനെന്നും ലാകിന്റ്യൂ പറയുന്നു. കൊച്ചുമക്കൾക്കും തനിച്ച് മക്കളെ വളർത്തുന്ന അമ്മമാർക്കുമൊക്കെ തന്റെ ജീവിതം മാതൃകയാണെന്നും ലാകിന്റ്യൂ. 

Content Highlights: Meghalaya Granny Delighted On Clearing Class XII