രണക്കിടക്കയിൽ സൈനികനായ ഭർത്താവിന് നൽകിയ വാ​ഗ്ദാനത്തിന്റെ പൂർത്തീകരണം. ജ്യോതി നൈൻവാൾ എന്ന മുപ്പത്തിരണ്ടുകാരി കരസേനയിൽ ചേർന്നതിനു പിന്നിൽ ഹൃദയം തൊടുന്നൊരു കഥകൂടിയുണ്ട്. കഴിഞ്ഞ ദിവസമാണ് ജ്യോതി  ലഫ്റ്റനന്റ് ആയി കമ്മിഷൻഡ് ഓഫീസർ പദവിയിൽ പ്രവേശിച്ചത്. പിന്നാലെ ജ്യോതിയുടെ നിശ്ചയദാർഢ്യത്തിനു പിന്നിലെ കാരണവും പുറംലോകമറിഞ്ഞു. 

കശ്മീരിലെ കുൽ​ഗാമിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റമുട്ടലിലാണ് സൈനികൻ ദീപക് നൈൻവാൾ മരിക്കുന്നത്. ദീപക്കിന്റെ നട്ടെല്ലിലേക്കും നെഞ്ചിലേക്കും മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറി. തുടർന്ന് നാൽപതു ദിവസത്തോളം മരണശയ്യയിലായിരുന്നു ദീപക്. ​ഗുരുതര പരിക്കുകൾ മൂലം മരിക്കുമെന്നുറപ്പായതോടെ ദീപക് ഭാര്യയോട് ആവശ്യപ്പെട്ടത് ഒറ്റകാര്യമായിരുന്നു, തനിക്കുവേണ്ടി സൈന്യത്തിൽ ചേരണം. 

ഭർത്താവിനെ നഷ്ടമായതോടെ ജ്യോതി ഉറപ്പിച്ചു, അദ്ദേഹത്തിനുള്ള ആദരമായി സൈന്യത്തിൽ ചേർന്നിരിക്കുമെന്ന്. അങ്ങനെയാണ് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഒരുക്കങ്ങൾ ജ്യോതി തുടങ്ങിയത്. ഈ വർഷം ആദ്യമാണ് ജ്യോതി എസ്എസ്സി പരീക്ഷ പാസാകുന്നത്. നാലാം ശ്രമത്തിലാണ് പരീക്ഷ എന്ന കടമ്പ കടന്നത്. തുടർന്നുണ്ടായ കായിക പരീക്ഷകളെയും കഠിനാധ്വാനത്തിലൂടെ ജ്യോതി മറികടന്നു. 

രണ്ടു മക്കളെ വീട്ടുകാരെ ഏൽപിച്ചാണ് ഈ വർഷമാദ്യം ജ്യോതി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ആരംഭിക്കുന്നത്. അഭിമാനനിമിഷത്തെക്കുറിച്ച് ആവേശത്തോടെയാണ് ജ്യോതി പ്രതികരിച്ചത്. ദീപക് ഞങ്ങൾക്ക് അഭിമാനകരമായ ഒരു ജീവിതം സമ്മാനിച്ചു, അത് ഞാൻ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഭർത്താവിന്റെ റെജിമെന്റിനോടും ഞാൻ നന്ദി അറിയിക്കുന്നു.- ജ്യോതി പറഞ്ഞു. 

നിങ്ങളുടെ ജീവിതം ഇന്നുമുതൽ മക്കൾക്കുള്ള സമ്മാനമായിരിക്കണം, അവർ നിങ്ങളെ അനുകരിക്കും. ജീവിതം എങ്ങനെ വഴിതിരിച്ചു വിടണമെന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. അമ്മ പകർന്നു നൽകിയ ഈ ഉപദേശമാണ് ഭർത്താവ് മരിച്ചതോടെ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞപ്പോഴും മുന്നോട്ടു നയിച്ചത്- മക്കളായ ഒമ്പതുകാരൻ റെയ്നാഷിനെയും ഏഴുവയസ്സുകാരി ലാവണ്യയെയും ചേർത്തുപിടിച്ച് ജ്യോതി പറഞ്ഞു.

തുടക്കത്തിൽ ഇം​ഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പരിമിതിയും വെല്ലുവിളിയായി എന്ന് ജ്യോതി പറയുന്നു. വിവാഹം കഴിഞ്ഞതോടെ മുഴുവൻ സമയവും അകത്തളത്തിൽ തന്നെയായിരുന്നു. സൈന്യത്തിൽ ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനേറെ മാറാനുണ്ടെന്ന് ബ്രി​ഗേഡിയർ ചീമയ്ക്ക് മനസ്സിലായി. അവർ ധാരാളം ഇം​ഗ്ലീഷ് നോവലുകൾ നൽകി, അതു വായിച്ചു തീർക്കാൻ അന്തിമദിനവും അറിയിച്ചു. ശേഷം അദ്ദേഹം പുസ്തകം സംബന്ധിച്ച ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. അതൊക്കെയാണ് തന്റെ ഇം​ഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിച്ചതെന്ന് ജ്യോതി പറയുന്നു. 

Content Highlights: Martyred Army Naiks widow Jyoti Nainwal, Wife Joins Indian Army, inspiring women story