ആഗോള ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വെറൈസണ്‍ സ്വന്തമാക്കിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ടെക് ലോകത്തെ പലരും ഉന്നയിച്ച ആദ്യ ചോദ്യം യാഹൂവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മരിസ മെയറെ കുറിച്ചായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പ്രതിസന്ധിയിലായ കമ്പനിയെ ഉയര്‍ത്തിയെടുക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന മരീസ എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു പലരുടേയും സംശയം. 

ഇതിന് ജീവനക്കാര്‍ക്ക് ഒരു സന്ദേശത്തിലൂടെയാണ് മരിസ മറുപടി നല്‍കിയത്. വെറൈസണുമായുള്ള ലയന ശേഷവും തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നായിരുന്നു അത്. യാബൂവിനെ അതിയായി സ്‌നേഹിക്കുന്ന താന്‍ യാഹൂ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ലോകത്തെ തന്നെ മാറ്റിമറിച്ച കമ്പനിയാണ് യാഹൂ. വെറൈസണ്‍, എ.ഒ.എല്‍. എന്നിവയുമായി ചേര്‍ന്ന് അതു തുടരുമെന്നും അവര്‍ അറിയിച്ചു. 

സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിളില്‍ വൈസ് പ്രസിഡന്റായിരുന്ന മരിസ 2012 ജൂലായിലാണ് യാഹൂവിന്റെ സി.ഇ.ഒ. ആയി എത്തുന്നത്. വളര്‍ച്ചയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു മരിസയുടെ യാഹൂവിലേക്കുള്ള കൂടുമാറ്റം. അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ട നിയമനമായിരുന്നു മരിസയുടേത്. മരിസയെ സി.ഇ.ഒ.ആയി റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞത് യാഹൂവിന്റെ 'യഥാര്‍ഥ വിജയ'മാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് അന്ന് പ്രതികരിച്ചിരുന്നു. ഇന്റര്‍നെറ്റ് യുഗത്തിന് തുടക്കം കുറിച്ച യാഹുവിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ മരിസക്ക് കഴിയുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

മരിസയെ ഒഴിവാക്കാനാണ് പുതിയ ഉടമകളുടെ തീരുമാനമെങ്കില്‍ ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. യാഹൂവുമായുള്ള തൊഴില്‍ കരാര്‍ അനുസരിച്ച്, അവരെ ജോലിയില്‍ നിന്ന് നീക്കുകയാണെങ്കില്‍ 5.49 കോടി ഡോളര്‍ (ഏതാണ്ട് 400 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.എന്നാല്‍ യാഹുവില്‍ തുടരാനുള്ള മരിസയുടെ തീരുമാനം താല്കാലികമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 1999 ല്‍ ഗൂഗിളിലെ ഇരുപതാമത്തെ എംപ്ലോയിയായി ചേര്‍ന്ന മേയര്‍, ഗൂഗിളിലെ ആദ്യ വനിതാ എന്‍ജിനിയറാണ്. സെര്‍ച്ച് എന്‍ജിന്‍ ബിസിനസ് രംഗത്ത് ഗൂഗിള്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ ശില്പിക്കളിലൊരാള്‍ കൂടിയാണ് 41 കാരിയായ മേയര്‍.

സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍, സ്റ്റാന്‍ഫഡില്‍ നിന്നുതന്നെ ബിരുദം നേടിയ മേയര്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഗൂഗിളിന്റെ പ്രോഡക്ട് മാനേജര്‍ എന്നനിലയ്ക്ക് തിളങ്ങിയ മേയറെ 'ഗൂഗിളിന്റെ പ്രഥമവനിത'യെന്ന് വിശേഷിപ്പിക്കാറുണ്ട്.

ഗൂഗിള്‍ 2002 ല്‍ 'ഗൂഗിള്‍ ന്യൂസ്' സര്‍വീസ് ആരംഭിച്ചപ്പോള്‍, മേയര്‍ ഫലത്തില്‍ കമ്പനിയുടെ വക്താവായി മാറി. ഗൂഗിളിന്റെ ശബ്ദമായി പലരും തിരിച്ചറിഞ്ഞിരുന്നത് അവരുടെ വാക്കുകളാണ്. ഗൂഗിള്‍ മാപ്‌സ്, ലോക്കല്‍ സെര്‍ച്ച്, ഗൂഗിള്‍ എര്‍ത്ത്, സ്ട്രീറ്റ് വ്യൂ എന്നീ ഗൂഗിള്‍ സര്‍വീസുകളെ ഇന്നത്തെ നിലയ്ക്ക് വിജയമാക്കിയതില്‍ മേയറുടെ നേതൃത്വമാണുണ്ടായിരുന്നത്.