ത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്ന ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോ​ഗാതിയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ട്രാൻസ്ജെൻഡറായതിന്റെ പേരിൽ സമൂഹത്തിൽ നേരിട്ട അവ​ഗണനകൾക്കും അതിക്രമങ്ങൾക്കുമൊടുവിൽ മധുരപ്രതികാരമായാണ് ഈ പുരസ്കാരം മഞ്ജമ്മയെ തേടിയെത്തിയത്. കലാരം​ഗത്തിന് മഞ്ജമ്മ നൽകുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്. 

പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയുടെ സന്തോഷമാണ് ചിത്രങ്ങളിലും വീ‍ഡിയോകളിലും നിറയുന്നത്. സദസ്സിനെ വണങ്ങിയാണ് മഞ്ജമ്മ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം വാങ്ങാനെത്തിയത്. വേദിയെ തൊട്ടുതൊഴുത് രാഷ്ട്രപതിക്ക് പ്രത്യേകരീതിയിൽ ശുഭാശംസ നൽകിയാണ് മഞ്ജമ്മ പുരസ്കാരം ഏറ്റുവാങ്ങിയത്. 

നാടൻ കലാരൂപങ്ങൾക്കു വേണ്ടി കർണാടക സർക്കാർ രൂപം നൽകിയ കർണാട ജനപഥ അക്കാദമിയുടെ ആദ്യത്തെ ട്രാൻസ് പ്രസിഡന്റാണ് മഞ്ജമ്മ. സാമൂഹികവും സാമ്പത്തികവുമായി അനുഭവിച്ച വിവേചനങ്ങൾക്കും ദുരിതങ്ങൾക്കുമൊടുവിലാണ് അറുപതാം വയസ്സിൽ മഞ്ജമ്മയെ തേടി പുരസ്കാരം എത്തിയത്. 

മഞ്ജുനാഥ് ഷെട്ടിയായി ജനിച്ച മഞ്ജമ്മ കൗമാരകാലത്താണ് തന്റെയുള്ളിലുള്ളത് പുരുഷന് പകരം സ്ത്രീയാണെന്ന് തിരിച്ചറിയുന്നത്. ദാരിദ്ര്യത്തെയും അവ​ഗണനകളെയും ലൈം​ഗിക അതിക്രമങ്ങളെയുമൊക്കെ അതിജീവിച്ചാണ് മഞ്ജമ്മ നാടൻകലാമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ജൊ​ഗാതി നൃത്യ, ജനപഥ ​ഗാനങ്ങൾ, ദേവതകളെ പ്രകീർത്തിച്ച് പാടുന്ന ​ഗീതകങ്ങൾ തുടങ്ങിയ കലാരൂപങ്ങളിലും മഞ്ജമ്മ പ്ര​ഗത്ഭയായിരുന്നു. 

2006ൽ കർണാടക ജനപഥ അക്കാദമി പുരസ്കാരം മഞ്ജമ്മയെ തേടിയെത്തി. 13 വർഷങ്ങൾക്കു ശേഷം മഞ്ജമ്മ അക്കാദമിയുടെ പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു. 2010ൽ വാർഷിക കന്നഡ രാജ്യോത്സവ പുരസ്കാരവും മഞ്ജമ്മയ്ക്ക് ലഭിച്ചിരുന്നു. 

Content Highlights: manjamma jogati dance, manjamma jogati songs, manjamma jogati transgender, padmashree award 2021, padmashree benefits