സൂറത്ത്: ''സ്വപ്നങ്ങള്‍ നിങ്ങളുടെ ചിറകുകളാകട്ടെ, ഹൃദയം വഴികാട്ടിയും'' -ആ വാക്കുകള്‍ ജീവിതസൂക്തമാക്കുകയാണ് മൈത്രി പട്ടേല്‍ എന്ന പത്തൊന്‍പതുകാരി. രാജ്യത്തെ ഏറ്റവുംപ്രായംകുറഞ്ഞ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന ഖ്യാതി. സൂറത്തിന്റെ അഭിമാനമായ കര്‍ഷകപുത്രി.

''നാടിന്റെ പ്രചോദനവും ആവേശവും, ഇവള്‍'' -ബുധനാഴ്ച മൈത്രിയെ കണ്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിശേഷിപ്പിച്ചത് ഇങ്ങനെ. മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അമേരിക്കയിലായിരുന്നു കൊമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനം. 18 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് 12 മാസംകൊണ്ട് പൂര്‍ത്തിയാക്കി മൈത്രി മിടുക്കുതെളിയിച്ചു. സൂറത്തിലെ കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകള്‍, ചെറുപ്പംതൊട്ടേ പൈലറ്റാവുകയെന്ന സ്വപ്നം മനസ്സില്‍ താലോലിച്ചിരുന്നു. സൂറത്തില്‍നിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുന്ന ജോലിയും നോക്കിയിരുന്ന കാന്തി പട്ടേല്‍, എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും നോക്കിനില്‍ക്കുമായിരുന്നു. മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ അവിടെവെച്ചാണ് ഉറച്ചതീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ആയയായ അമ്മ രേഖയും മൈത്രിക്കൊപ്പം നിന്നു. അങ്ങനെയാണ് മകളെ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ചത്. അവള്‍ നന്നായി പഠിക്കുകയും ചെയ്തു -കാന്തി പട്ടേല്‍ പറയുന്നു.

പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തികബാധ്യതതന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്. ഇന്ത്യയില്‍ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ ആകാശത്ത് മൈത്രി അമരത്തുള്ള വിമാനങ്ങള്‍ ചിറകുവിരിക്കും.

Content Highlights: Maitri Patel youngest female commercial pilot in india, Women