Lathika
Image:Mathrubhumi

ഷൊര്‍ണൂര്‍: അധ്യാപനത്തോട് വിട. ഇനി ലതിക രാജ്യത്തിന്റെ അതിര്‍ത്തി കാക്കും. പനമണ്ണ അമ്പലവട്ടം തോന്നക്കോട്ടില്‍ ബാലകൃഷ്ണന്റെ മകള്‍ ലതിക(27) അതിര്‍ത്തിരക്ഷാസേനയില്‍ പരിശീലനം പൂര്‍ത്തിയാക്കി. സബ് ഇന്‍സ്‌പെക്ടറായി ഡിസംബര്‍ 12ന് ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബി.എസ്.എഫ്.ഐ എസ് ഐ ആയി തിരഞ്ഞെടുക്കപ്പെട്ട ഏകവനിതയാണ് ലതിക. 

2016 നവംബറില്‍ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒരുവര്‍ഷം അതികഠിന പരിശീലനങ്ങളുടെ വേളയായിരുന്നു. സാഹസിക പരിശീലനങ്ങള്‍ ഡെറാഡൂണിലാണ് നടന്നത്. 

അതിര്‍ത്തിരക്ഷാപരിശീലനത്തിലാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതെന്ന് ലതിക പറയുന്നു. പഞ്ചാബിലായിരുന്നു അതിര്‍ത്തിരക്ഷാനിരീക്ഷണ പരിശീലനം. 

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡ് പൂര്‍ത്തിയാക്കിയ ലതിക 2016 നവംബര്‍ വരെ ഒറ്റപ്പാലം എന്‍എസ്എസ് കെപിടി ഹൈസ്‌കൂളില്‍ ഗസ്റ്റ്  അധ്യാപികയായി ജോലി ചെയ്തു. പിന്നീട് ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ പാസായതോടെ പരിശീലനത്തിനായി പോയി. 

നവംബര്‍ 11 നി പാസ്സിങ് ഔട്ട്  പരേഡിനുശേഷം ജോലിയില്‍ പ്രവേശിക്കാനപള്ള തീയതി അറിയിപ്പായി ലഭിച്ചു. കൊല്‍ക്കത്തയിലായിരിക്കും ആദ്യനിയമനമെന്നാണ് വിവരം. 

അച്ഛനും അമ്മ കോമളവും സഹോദരന്‍ ജയകൃഷ്ണനും സഹോദരി ലതയുമെല്ലാം ബെംഗളുരുവിലെ ബിഎസ്എഫിന്റെ പരിശീലന കേന്ദ്രത്തില്‍ നടന്ന ലതികയുടെ പാസ്സിങ് ഔട്ട് പരേഡ് കാണാന്‍ പോയിരുന്നു.