"വിവാഹം പെണ്ണിന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയുടെ ആദ്യപടിയാണ്." ലക്ഷ്മി അതുല്‍ എന്ന വീട്ടമ്മയുടെ ഈ വാക്കുകള്‍ വെറുതെ കേട്ട് മറക്കാനുള്ളതല്ല. സ്വന്തം ജീവിതം കൊണ്ട് ലക്ഷ്മി തെളിയിക്കുന്നതും അതുതന്നെ. 

അടുത്ത മാസം 3 മുതല്‍ 9 വരെ ലണ്ടനില്‍ നടക്കുന്ന മിസിസ് യൂണിവേഴ്‌സല്‍ മത്സരത്തിലെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യമാണ് ഈ പാലക്കാട്ടുകാരി. കഴിഞ്ഞ ഏപ്രിലില്‍ നടന്ന മിസിസ് ഇന്ത്യ ക്വീന്‍ ഓഫ് സബ്സ്റ്റന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ട് ബ്യൂട്ടി ടൈറ്റിലുകളും- ഫെയ്‌സ് ഓഫ് സൗത്ത്,മിസിസ് ഇന്റലിജന്റ്-ലക്ഷ്മി സ്വന്തമാക്കിയിരുന്നു. സൗന്ദര്യമത്സരങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്ന ഒരാള്‍ അത്തരം മത്സരവേദികളില്‍ താരമാകുമ്പോള്‍ ആ വിജയത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥയുണ്ടാവുമെന്ന് ഉറപ്പല്ലേ!

lakshmi

തൊടുപുഴ സ്വദേശികളായ ചന്ദ്രശേഖരന്റെയും ശ്രീദേവിയുടെയും മകളായ ലക്ഷ്മി ജനിച്ചതും വളര്‍ന്നതുമെല്ലാം പാലക്കാട്ടാണ്.ബിടെക് പഠനം റാങ്കോടെ പൂര്‍ത്തിയാക്കിയ ലക്ഷ്മി കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് സ്വര്‍ണമെഡലോടെ എംടെക്കും കരസ്ഥമാക്കി. ലക്ഷ്മിയുടെ ജീവിതത്തിലേക്ക് പത്ത് വര്‍ഷം മുമ്പ് മെക്കാനിക്കല്‍ എഞ്ചിനീയറായ അതുല്‍ കടന്നുവന്നതോടെ ജീവിതകഥ വഴിത്തിരിവിലെത്തി.

എംടെക്കിന് ശേഷം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ജോലിക്ക് ചേര്‍ന്ന ലക്ഷ്മിക്ക് വിവാഹശേഷം കലശലായ മോഹം,സിവില്‍ സര്‍വ്വീസുകാരിയാവണം. അതുലിന്റെ പൂര്‍ണപിന്തുണ കൂടിയായതോടെ പിന്നെ കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു. സിവില്‍ സര്‍വ്വീസ് അഭിമുഖ പരീക്ഷയ്ക്കിടെ നേരിട്ട ഒരു ചോദ്യം ലക്ഷ്മിയുടെ അതുവരെയുള്ള ജീവിതക്കാഴ്ച്ചപ്പാടുകളെത്തന്നെ മാറ്റിമറിച്ചു.

സാമൂഹ്യസേവനം ചെയ്യാന്‍ സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്ത ആള്‍ക്ക് എന്തുകൊണ്ട് കോര്‍പ്പറേറ്റ് മേഖലയില്‍ തന്നെ നിന്ന് അതു ചെയ്തുകൂടാ എന്ന ചോദ്യം ഭാവിതീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. കോര്‍പ്പറേറ്റ് മേഖല വിടേണ്ടതില്ലെന്ന തീരുമാനത്തില്‍ ലക്ഷ്മി എത്തി. ഇപ്പോള്‍ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് പ്രസിഡന്റാണ് ലക്ഷ്മി.

lakshmiജോലിസംബന്ധമായ പരിപാടികള്‍ക്ക് ആങ്കറിംഗ് ചെയ്തതാണ് മോഡലിംഗ് രംഗത്തേക്ക് ലക്ഷ്മിയുടെ വഴി തുറന്നത്. രണ്ട് പരസ്യചിത്രങ്ങളില്‍ കൂടി അഭിനയച്ചതോടെ ഈ വഴിയില്‍ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനമെടുത്തു. 2016ല്‍ മിസിസ് കേരള മത്സരത്തിലും പങ്കെടുത്തു. അന്ന് ലഭിച്ച ആത്മവിശ്വാസമാണ് അഡിവാ ഇന്നവേഷന്‍സ് സംഘടിപ്പിച്ച മിസിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ലക്ഷ്മിക്ക് ധൈര്യമായത്. 44 സുന്ദരികള്‍ പങ്കെടുത്ത മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക മത്സരാര്‍ഥിയായിരുന്നു ലക്ഷ്മി.

ലണ്ടനില്‍ നടക്കുന്ന മത്സരത്തില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലക്ഷ്മി പറയുന്നു.മികച്ച രീതിയില്‍ പ്രകടനം കാഴ്ച്ചവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. കാഞ്ചിപുരം സാരിയും കളരിപ്പയറ്റുമൊക്കെയായി വിധികര്‍ത്താക്കളെ അമ്പരപ്പിക്കാനാണ് ലക്ഷ്മിയുടെ തീരുമാനം.

സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ലക്ഷ്മിയുടെ കാഴ്ച്ചപ്പാടുകളും വ്യത്യസ്തമാണ്. ശരീരത്തിന്റെ സൗന്ദര്യം മാത്രമല്ല, മനസ്സിന്റെ സമാധാനവും പ്രധാനഘടകമാണെന്ന് ലക്ഷ്മി അഭിപ്രായപ്പെടുന്നു. ഒരു സ്ത്രീ സ്ലീം അല്ലെന്ന് കരുതി അവള്‍ സുന്ദരിയല്ലെന്ന് അര്‍ഥമില്ല.അവള്‍ ആരോഗ്യവതിയാണെങ്കില്‍ സുന്ദരിയുമായിരിക്കും. ആരോഗ്യമുള്ള സ്ത്രീയ്ക്ക് അല്ലേ കുടുംബത്തെ നന്നായി പരിപാലിച്ചു മുന്നോട്ട് പോവാനും കഴിയൂ എന്നാണ് ലക്ഷ്മിയുടെ ചോദ്യം.മാത്രമല്ല കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോവുന്നതില്‍ വിജയിക്കാനും സ്ത്രീയുടെ ആരോഗ്യവും  മനസ്സമാധാനവും സന്തോഷവും പ്രധാനമാണെന്നും ലക്ഷ്മിക്ക് അഭിപ്രായമുണ്ട്.