ച്ഛന്റെ നിര്‍ബന്ധപ്രകാരം നിയമം പഠിക്കാന്‍ പോയ പെണ്‍കുട്ടിയില്‍ നിന്ന് കേരളത്തിലെ ആദ്യ കുടുംബകോടതിയുടെ ജഡ്ജ്, സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ (രണ്ടു തവണ) തുടങ്ങിയ പദവികള്‍ അലങ്കരിച്ച് കേരളത്തിലെ സ്ത്രീരത്‌നങ്ങളിലൊരാളായി മാറിയ ജീവിതമായിരുന്നു ജസ്റ്റിസ് ഡി.ശ്രീദേവിയുടേത്.  

1984-ലാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജായി ശ്രീദേവി നിയമിക്കപ്പെടുന്നത്. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജായിരിക്കുമ്പോഴാണ് ആദ്യമായി രൂപം നല്‍കിയ കുടുംബകോടതി ജഡ്ജായി ശ്രീദേവി നിയമിതയാകുന്നത് 1992-ല്‍. കുടുംബകോടതിക്ക് നിര്‍ബന്ധമായും ഒരു സീനിയര്‍ വനിതാ ജഡ്ജ് തന്നെ വേണമെന്ന ചീഫ്ജസ്റ്റിസിന്റെ തീരുമാനമാണ് ആ പദവിയിലേക്ക് ശ്രീദേവിയെ എത്തിച്ചത്.

മറ്റുകോടതികളില്‍ നിന്ന് ഭിന്നമായി ബന്ധങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു കോടതി. അവിടെ ബന്ധം ഊട്ടിയുറപ്പിക്കുക എന്നുള്ളതാണ് ജഡ്ജിന്റെ ചുമതല. ആ പദവിയേയും പൂര്‍ണമനസ്സോടെയല്ല അവര്‍ ആദ്യം സ്വീകരിച്ചത്. പക്ഷേ തന്നെ തേടിവന്നവരുടെ സങ്കട കഥകള്‍ തനിക്ക് ചുറ്റുമുള്ളവരുടെ ലോകം അവര്‍ക്ക് കാട്ടിക്കൊടുത്തു. അതോടെ സ്വന്തം ജീവിതത്തോട് അവരുടെ ജീവിതത്തെയും ശ്രീദേവി ചേര്‍ത്തുപിടിയ്ക്കുകയായിരുന്നു. വാദിക്കും പ്രതിക്കും വേണ്ടി വാദിക്കുന്ന വക്കീലായി താന്‍ മാറിയെന്ന് അക്കാലത്തെ കുറിച്ച് ശ്രീദേവി പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

വിരമിച്ചതോടെ 2001-ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തി. 2002 വരെ തുടര്‍ന്നു. 2007-ലാണ് വീണ്ടും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കുന്നത്. ഒരു പക്ഷേ മനുഷ്യനെ മനുഷ്യനായി കാണുക എന്ന ഗുരുതത്വത്തിലുള്ള വിശ്വാസം തന്നെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി തന്നെ പ്രാവര്‍ത്തികമാക്കാന്‍ അവരെ സഹായിച്ചിരുന്നിരിക്കണം. സ്ത്രീധനപീഡനവും സംശയരോഗവും മദ്യപാനം കുടുംബം തകര്‍ക്കുന്നതുമെല്ലാം ശ്രീദേവി കണ്ടും കേട്ടുമറിഞ്ഞത് ഇക്കാലയളവുകളിലാണ്. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായത് ബന്ധങ്ങളിലെ കെട്ടുറപ്പിനെ വളരെ ആഴത്തില്‍ തന്നെ ബാധിച്ചുവെന്നും സ്‌നേഹമുള്‍പ്പടെയുളള പങ്കുവെക്കലുകള്‍ ഇല്ലാതായെന്നും അവര്‍ വിലപിച്ചു. 

സ്വന്തം ജീവിതം സംരക്ഷിക്കാന്‍ ആദ്യം ശക്തമായ തീരുമാനമെടുക്കേണ്ടത് പെണ്‍കുട്ടി തന്നെയാണെന്നാണ് ശ്രീദേവിയുടെ പക്ഷം. സ്വര്‍ണം വാരിയണിഞ്ഞ പാവയെപ്പോലെ പെണ്‍കുട്ടികള്‍ വിവാഹ വേദിയിലെത്തുന്നത് പെണ്‍കുട്ടികളാണ് അവസാനിപ്പിക്കേണ്ടത്. സ്വന്തമായി അധ്വാനിച്ച് പണം സമ്പാദിക്കുന്ന ഘട്ടത്തിലല്ലാതെ വിവാഹത്തിന് മുതിരരുത്, മദ്യപാനിയെ വിവാഹം കഴിക്കരുത്..ഇത്രയും ചെയ്താല്‍ തന്നെ പെണ്‍കുട്ടികളുടെ ജീവിതത്തിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിനവര്‍ മാതൃകയായി ചൂണ്ടിക്കാട്ടുന്നത് സ്വന്തം ജീവിതം തന്നെയാണ്.   

വോട്ടിന് വേണ്ടി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടികളെയും ശ്രീദേവി എതിര്‍ത്തിരുന്നു. നാളത്തെ തലമുറയാണ് നാളത്തെ രാഷ്ട്രം എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീദേവി. ഓരോ കുട്ടിയേയും മികച്ച പൗരനായി വളര്‍ത്തിയെടുക്കുന്നതാണ് ഒരു മികച്ച രാഷ്ട്രം രൂപീകരിക്കാനുള്ള കുറുക്കുവഴിയായി അവര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അവര്‍ക്കോരോരുത്തര്‍ക്കും സമൂഹത്തെ മാറ്റിയെടുക്കാനാകുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. 


Content Highlights: Justice D.Dreedevi passes away