ക്ഷാബന്ധന്‍ ഒരു വാഗ്ദാനമാണ്. ജീവനുള്ള കാലത്തോളം നിന്നെ ഞാന്‍ സംരക്ഷിച്ചുകൊള്ളാമെന്നുള്ള വാഗ്ദാനം. സഹോദരസ്ഥാനത്ത് കരുതി കൈയില്‍ രക്ഷാബന്ധന്‍ അണിയിച്ചുകഴിഞ്ഞാല്‍ ആ വാഗ്ദാനം പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ് താനും. ജാര്‍ഖണ്ഡുകാരി ജമുനാ തുഡുവും അങ്ങനെയൊരു വാഗ്ദാനം ഭംഗിയായി പാലിക്കുകയാണ്. താന്‍ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പില്‍ അവള്‍ രാഖിയണിയിച്ചത് മരങ്ങളെയാണെന്ന് മാത്രം!!

ജാര്‍ഖണ്ഡിലെ മുത്തുര്‍ഖാം ഗ്രാമത്തിലാണ് ജമുനയുടെ നേതൃത്വത്തില്‍ വനസുരക്ഷാ സമിതിയുള്ളത്. ഇരുപത് വര്‍ഷമായി ഗ്രാമാതിര്‍ത്തിയിലെ വനപ്രദേശത്തെ മരങ്ങള്‍ക്ക് വേണ്ടിയാണ് ജമുനയുടെ പോരാട്ടം. മുത്തൂര്‍ഖാമിലേക്ക് മരുമകളായി എത്തിയ ജമുനയ്ക്ക് പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളു. പക്ഷേ, വനനശീകരണം മനുഷ്യരാശിക്ക് വരുത്തിവയ്ക്കാനിടയുള്ള വിപത്തുകളെക്കുറിച്ച് വളരെയധികം ബോധവതിയായിരുന്നു ജമുന.

jamuna
image:betterindia

മരങ്ങളെ ആരാധിച്ചുപോന്ന ഒരു കുടുംബത്തില്‍ നിന്നായിരുന്നു ജമുനയുടെ വരവ്. വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി പോലും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്ന മുത്തൂര്‍ഖാമിലെ രീതി ജമുനയെ വല്ലാതെ വിഷമിപ്പിച്ചു. മാഫിയാസംഘങ്ങള്‍ കൂട്ടത്തോടെ മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിന് പുറമേയായിരുന്നു ഇത്. ഗ്രാമവാസികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനായിരുന്നു ജമുനയുടെ ആദ്യശ്രമം. സ്ത്രീകളിലൂടെയാണ് അവള്‍ തന്റെ പോരാട്ടം ആരംഭിച്ചത്. 

നിയമപ്രകാരവും ഗോത്രാചാരപ്രകാരവും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് കുറ്റകരമാണെന്ന് ജമുന കൂടെയുള്ള സ്ത്രീകളെ പഠിപ്പിച്ചു. അതിന്റെ വിപത്തുകളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. അങ്ങനെ 25 പേരടങ്ങുന്ന ഒരു സംഘത്തെ വനസംരക്ഷണത്തിനായി രൂപീകരിച്ചു. മുളങ്കമ്പുകള്‍ കൊണ്ട് അമ്പും വില്ലും തയ്യാറാക്കി അവ ഉപയോഗിക്കാനുള്ള പരിശീലനവും ഈ സ്ത്രീകള്‍ക്ക് നല്കി. മാഫിയാസംഘങ്ങള്‍ക്കെതിരെ പോരാടുകയായിരുന്നു ലക്ഷ്യം.

ആദ്യമൊക്കെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് അവരവരുടെ വീടുകളിലെ പുരുഷന്മാരില്‍ നിന്ന് തന്നെയായിരുന്നെന്ന് ജമുനയും സംഘാംഗങ്ങളും പറയുന്നു. മദ്യപാനത്തിന് ചെലവ് കണ്ടെത്താന്‍ പുരുഷന്മാര്‍ക്കുള്ള മാര്‍ഗമായിരുന്നു മരങ്ങള്‍ വെട്ടിവില്‍ക്കുക എന്നത്. എന്നാല്‍,അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തങ്ങളുടെ വഴിക്ക് കൊണ്ടുവരുന്നതില്‍ സ്ത്രീകള്‍ വിജയിച്ചു. പക്ഷേ, വനംകൊള്ളക്കാരായ മാഫിയകളില്‍ നിന്നുള്ള ഭീഷണി കൂടിക്കൂടിവന്നു.

jamuna
image:betterindia

ഗ്രാമവാസികള്‍ക്ക് നേരെ അക്രമണം നടത്തിയായിരുന്നു പലപ്പോഴും ഇത്തരം സംഘങ്ങള്‍ പ്രതികരിച്ചത്. 2008,2009 വര്‍ഷങ്ങളില്‍ ഇവരുടെ ആക്രമണം അതിരു കടന്നു. വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ നിരവധി ഗ്രാമീണര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രിയിലുണ്ടായ ആക്രമണത്തില്‍ ജമുനയ്ക്കും ഭര്‍ത്താവ് മാന്‍സിങ്ങിനും ജീവന്‍ വരെ നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയുണ്ടായി. അക്കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ തന്നെ ഭയമാണെന്ന് ജമുന പറയുന്നു.

അതുകൊണ്ടെന്നും ഗ്രാമവാസികളുടെ പോരാട്ടവീര്യം ഇല്ലാതായില്ല. ജമുനയുടെ നേതൃത്വത്തില്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. ഗ്രാമീണരുടെ ആത്മാര്‍ഥമായ പരിശ്രമത്തിനൊടുവില്‍ മുത്തൂര്‍ഖാമിലെ വനമേഖല ഏറ്റെടുക്കാന്‍ സംസ്ഥാന വനം വകുപ്പ് തയ്യാറായി. ഗ്രാമത്തില്‍ ജലവിതരണ സംവിധാനത്തിനും പുതിയ സ്‌കൂള്‍ തുടങ്ങാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

jamuna
Caption

നിരവധി പുരസ്‌കാരങ്ങളും ജമുനയെത്തേടിയെത്തിയിട്ടുണ്ട്. 2013ല്‍ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ബ്രേവറി അവാര്‍ഡ് എന്ന അന്താരാഷ്ട്ര പുരസ്‌കാരം മുതല്‍ കഴിഞ്ഞയിടെ ലഭിച്ച നീതി ആയോഗിന്റെ വുമണ്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ അവാര്‍ഡ് വരെ നീളുന്നു ആ പട്ടിക. ഇന്ന് ജമുന അറിയപ്പെടുന്നത് മുത്തൂര്‍ഖാമിലെ ലേഡി ടാര്‍സന്‍ എന്നാണ്. ജമുനയെക്കുറിച്ച് കേട്ടറിഞ്ഞ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജമുനയെ രാഷ്ട്രപതി ഭവനില്‍ നേരിട്ട് വിളിച്ച് വരുത്തി അഭിനന്ദനം അറിയിച്ചിരുന്നു.

ഇന്ന് വനനശീകരണത്തിനെതിരെ പോരാടാന്‍ ആറായിരത്തിലധികം പേരുള്ള സംഘമാണ് ജമുനയുടെ വനരക്ഷാ സമിതി!