2013-ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ കപ്പല്‍ മേധാവിയായി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എം.സി. രാധികാ മേനോന് സമ്പൂര്‍ണ സ്വരാജ്യ എന്ന കപ്പലിന്റെ അധികാരമേല്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നു ഒരു കപ്പലിന്റെ നേതൃത്വമൊക്കെ ഏറ്റെടുക്കാന്‍ മാത്രം പ്രാപ്തയാണോ ഇവള് എന്ന്. ഇന്നിതാ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐ.എം.ഒ) ധീരതയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രാധികാ മേനോന്. ഈ പുരസ്കാരത്തിന് അര്‍ഹയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 46 വയസുകാരിയായ രാധിക. രാധികയെ അഭിനന്ദിച്ച് സച്ചിന് തെന്ഡുല്ക്കറുള്പ്പടെയുള്ള പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
Well done Capt. R Menon, first woman recipient of Exceptional Bravery at Sea, International Maritime Organisation for saving fishermen lives
— sachin tendulkar (@sachin_rt) July 9, 2016
2015 ജൂണ്‍ 22 നായിരുന്നു ആ സംഭവം. സമ്പൂര്‍ണ സ്വരാജ്യയുടെ സെക്കന്റ് ഓഫീസറായ മനോജ് ചൗഹാനാണ് ആ കാഴ്ച കണ്ടത്. ഒറീസയിലെ ഗോപാല്‍പൂര്‍ തീരത്തുനിന്നും രണ്ടര കിലോമീറ്റര്‍ അകലെ കടലില്‍ നിലകിട്ടാത്ത അവസ്ഥയില്‍ ആടിയുലയുന്ന ഒരു ബോട്ടും അതില്‍ പേടിച്ചരണ്ടിരിക്കുന്ന കുറേ മനുഷ്യരും. മനോജ് അപ്പോള്‍ തന്നെ വിവരം കപ്പലിന്റെ ക്യാപ്റ്റന്‍ രാധികയെ അറിയിച്ചു. മണിക്കൂറില്‍ ഏകദേശം 129 കിലോമീറ്റര്‍ വേഗതയില്‍ (60- 70 നോട്ട് വേഗതയില്‍) ആണ് ആ സമയം കടലില്‍ കാറ്റ് വീശിക്കൊണ്ടിരുന്നത്.
"ഏകദേശം 25 മുതല്‍ 27 അടി വരെ ഉയരത്തില്‍ തിരമാലകള്‍ പൊങ്ങിയടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ അവര്‍ ഷര്‍ട്ടുകള്‍ ഊരി ഉയര്‍ത്തി വീശി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഒട്ടും വൈകാതെ ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൂന്നു തവണ കഠിനമായി പരിശ്രമിച്ച ശേഷമാണ് ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയും കപ്പലിലെത്തിക്കാനായത്. 15 വയസുകാരന് പേര്‍ല മഹേഷ് മുതല്‍ 50 വയസുകാരന് നരസിംഹ മൂര്‍ത്തി വരെ ജീവനുവേണ്ടി മല്ലടിക്കുകയായിരുന്നു. ക്ഷീണവും വിശപ്പും ഭയവും അവരെ വല്ലാത്ത ഒരവസ്ഥയില്‍ എത്തിച്ചിരുന്നു. മീന്‍ ചീത്തയാവാതെ ഇട്ടുവയ്ക്കാന്‍ ബോട്ടില്‍ സൂക്ഷിച്ചിരുന്ന ഐസുകട്ടയില്‍ നിന്നും വെള്ളം ഇറ്റിച്ചു കുടിച്ചാണ് അവര്‍ അതുവരെ ജീവന് പിടിച്ചുനിര്‍ത്തിയത്," രാധിക പറഞ്ഞു.
അത്രയും അപകടം നിറഞ്ഞ സാഹചര്യത്തിലും ആത്മധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ധീരതയാണ് രാധികയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ആന്ധ്രാപ്രദേശിലെ കാക്കിനാടാ പ്രദേശത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് കനത്ത കാറ്റിലും മഴയിലും പെട്ടാണ് ഒഡീസാ തീരത്തെത്തിയത്. ബോട്ടിലുണ്ടായിരുന്നവരുടെ മരണം ഉറപ്പിച്ച കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത അവരെത്തേടി എത്തിയത്.
"അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിത്. സേനയിലേക്ക് കടന്നുവരുന്ന ഏതൊരാളും എടുക്കുന്ന പ്രതിജ്ഞയുടെ ഒരു ഭാഗം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് ഞാന്‍. കടലില്‍ കഷ്ടപ്പെടുന്ന ജീവനെ സഹായിക്കുക എന്നതും നമ്മുടെ അധികാരത്തിലുള്ള കപ്പലിന്റെ സുരക്ഷിതത്വം കടലിലും ഉറപ്പു വരുത്തുക എന്നതുമാണ് ഏതൊരു ക്യാപ്റ്റന്റെയും കടമ. ഞാന്‍ എന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്," രാധിക പറയുന്നു.
നാഷണല്‍ മാരിടൈം ഡേ ആയ ഏപ്രില്‍ അഞ്ചിന് മുംബൈയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ നാഷണല്‍ മാരിടൈം ഡേ കമ്മിറ്റി ഓഫ് ഇന്ത്യ ആയിരിക്കും രാധികയ്ക്ക് സീഫെരേഴ്സ് ഗാലന്ററി അവാര്‍ഡ് സമ്മാനിക്കുക. 2013-ലാണ് രാധിക ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയുടെ ഭാഗമായ എം.ടി. സുവര്‍ണ്ണ സ്വരാജ്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റത്. 1917-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് രാധിക.
1991-ല്‍ പ്രീഡിഗ്രി കഴിഞ്ഞ രാധിക ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ ട്രെയ്നീ റേഡിയോ ഓഫീസറായി ചുമതലയേറ്റു. ഇന്ത്യയിലെ ആദ്യത്തെ വനിതാ റേഡിയോ ഓഫീസറും രാധികയാണ്. അവിടെ തുടര്‍ന്നുകൊണ്ടുതന്നെ സെക്കന്റ് മേറ്റ്, ചീഫ് മേറ്റ് പരീക്ഷകള്‍ പാസായി. "സ്ത്രീയാണെന്ന കാരണം കാണിച്ച് പരിഗണന പിടിച്ചുപറ്റാന്‍ ശ്രമിക്കുകയല്ല മറിച്ച് സ്വന്തം കഴിവിലൂടെയും കര്‍മ്മത്തിലൂടെയും എല്ലാവരുടേയും പ്രശംസയ്ക്ക് പാത്രമാവുകയാണ് വേണ്ടത്," തന്റെ പാത പിന്തുടരാന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള രാധികയുടെ ഉപദേശം ഇതാണ്.
ഒരു കപ്പലിന്റെ കമാന്‍ഡന്റ് ആവുകയെന്നാല്‍ മറ്റേതൊരു മേഖലയുടെയും നേതൃസ്ഥാനത്ത് എത്തുന്നത് പോലെത്തന്നെയാണ്. നിങ്ങളുടെ കര്‍മ്മം തിരിച്ചറിയുകയും കഴിവ് പ്രകടിപ്പിക്കുകയും ചെയ്താല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആണ്-പെണ് വ്യത്യാസമൊന്നും ഒരു പ്രശ്നമേയല്ല, 2013 ല്‍ സമ്പൂര്‍ണ സ്വരാജ്യയുടെ ക്യപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ രാധിക പറഞ്ഞ വാക്കുകളാണിത്. അന്നു പറഞ്ഞ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് രാധിക ഇന്ന്.
കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളത്ത് സി.ബി.മേനോന്റേയും സുധ മേനോന്റേയും മകളാണ് രാധിക. പ്രവീണ്‍ വേണുഗോപാലാണ് ഭര്‍ത്താവ്