ന്ത്യയുടെ ചരിത്രം ചിത്രങ്ങളാക്കിയ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹോമി വ്യാരാവാലയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റായ ഹോമിയുടെ 104-ാം ജന്മദിനമാണ് 2017 ഡിസംബര്‍ 9. ഇന്ത്യന്‍ ജനതക്കിടയില്‍ ക്യാമറയുമായി നില്‍ക്കുന്ന വ്യാരാവാലയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍.

1913 ഡിസംബര്‍ ഒമ്പതിന് ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തിലാണ് ഹോമി ജനിക്കുന്നത്. അച്ഛന് സഞ്ചരിക്കുന്ന തിയേറ്റര്‍ കമ്പനി ഉണ്ടായിരുന്നതിനാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു അവരുടെ കുട്ടിക്കാലം. ബോംബെ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് സര്‍ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ അവര്‍ ചേരുന്നത്. ഹോമിയെ ഫോട്ടോഗ്രാഫി പഠിപ്പിക്കുന്നത് മനേക്ഷാ വ്യാരാവാലയാണ്. അദ്ദേഹത്തെ ഹോമി പിന്നീട് വിവാഹം കഴിച്ചു. 

വിവാഹശേഷം 1942-ല്‍ ഡെല്‍ഹിയിലെത്തിയ ഹോമി ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലിക്ക് ചേര്‍ന്നു. ഇന്ത്യയുടെ ചരിത്രം ഹോമിയുടെ ക്യാമറ പകര്‍ത്തിത്തുടങ്ങിയത് അവിടം മുതലാണ്. ഇന്ത്യയെ വിഭജിക്കുന്നതിന് നേതാക്കള്‍ വോട്ട് ചെയ്യുന്ന ചിത്രമാണ് ഏറെ പ്രസിദ്ധി നല്‍കിയ ചിത്രം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന, ഇന്ദിരാഗാന്ധി, നെഹ്‌റു കുടുംബം.. ക്യാമറക്കണ്ണിലൂടെയാണ് ഹോമി ഇവരെയെല്ലാം നോക്കിക്കണ്ടത്. ആ കാഴ്ച പിന്നീട് ഇന്ത്യ മുഴുവന്‍ കണ്ടു. 

Homai Vyaravalla
Image: Google Doodle Screenshot

1947 ആഗസ്റ്റ് അഞ്ചിന് ചെങ്കോട്ടയില്‍ നടന്ന പതാക ഉയര്‍ത്തല്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ തുടങ്ങി നിരവധി ചരിത്രനിമിഷങ്ങളാണ് ഹോമിയുടെ ക്യാമറ ഒപ്പിയെടുത്തത്. 

Vyaravallaപതിമൂന്ന് എന്ന അക്കത്തിന് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഹോമി തന്റെ തൂലികാ നാമമായി സ്വീകരിച്ചത് ഡാല്‍ഡ 13 എന്ന നാമമാണ്. അവരുടെ ജനനവര്‍ഷം 1913 ആയിരുന്നുവല്ലോ. ഹോമിയുടെ ആദ്യ കാറിന്റെ നമ്പര്‍ ഡിഎല്‍ഡി 13 ആയിരുന്നു. ഭര്‍ത്താവിനെ ആദ്യം കാണുന്നത് അവരുടെ പതിമൂന്നാമത്തെ വയസ്സിലായിരുന്നു എന്നും പറയപ്പെടുന്നു.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഹോമി ഫോട്ടോഗ്രാഫി ഉപേക്ഷിച്ചു. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ഖാസി ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്‌സിന് അവര്‍ താനെടുത്ത ചിത്രങ്ങളെല്ലാം കൈമാറിയിരുന്നു.

പിന്നീട് താമസം വഡോദരയിലേക്ക് മാറ്റി. മകനൊപ്പം അല്പകാലം കഴിഞ്ഞെങ്കിലും അവസാനകാലത്ത് വഡോദരയില്‍ ഏകാന്തവാസത്തിലായിരുന്നു അവര്‍. 2012 ജനുവരി 15നാണ് അവര്‍ മരിക്കുന്നത്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ഈ വനിതാരത്‌നത്തെ ആദരിച്ചിരുന്നു.


 Content Highlights : India's First Woman Photojournalist, Google Doodle, Homai Vyarawalla