സുജാത എന്ന പേരിനർഥം ജന്മം കൊണ്ട് ഉയർന്നവൾ എന്നാണ്. എന്നാൽ സുജാത ഗിഡ്‌ലയുടെ ഏറ്റവും വലിയ ദുരന്തം ആ പേരും അവളുടെ ജീവിതവും തമ്മിലുള്ള പൊരുത്തക്കേടായിരുന്നു. ഇന്ത്യയിൽ ഒരു ഇടത്തരം ദളിത് കുടുംബത്തിൽ ജനിച്ചവൾ എങ്ങനെ ജന്മംകൊണ്ട് തന്നെ ഉയർന്നവളാവാൻ!!

sujatha gidlaതെലങ്കാനയിലെ കാസിപെട്ട് ഗ്രാമത്തിൽ ജനിച്ച സുജാത ഗിഡ്‌ല എന്ന ദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. 'ആന്റ്‌സ് എമങ്ങ് എലിഫന്റ്‌സ്' എന്ന സുജാതയുടെ പുസ്തകം ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ചാതുർവർണ്യ വ്യവസ്ഥിതിയോട് പൊരുതി നേടിയ തന്റെ ജീവിതവിജയത്തിന്റെ കഥയാണ് സുജാത വായനക്കാരനു മുമ്പിലെത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇന്നുവരെ
ദളിത് സമൂഹം ഇന്ത്യയിൽ നേരിടേണ്ടിവന്ന യാതനകളുടെ പരിഛേദമാണ് പുസ്തകമെന്ന് ന്യൂ യോർക് ടൈംസ് അഭിപ്രായപ്പെടുന്നു. ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ഒരു കുടുംബത്തിന്റെ ധീരോദാത്തമായ കഥ എന്നാണ് മിനിയാപൊളസ് സ്റ്റാർ ട്രിബ്യൂൺ പുസ്തകത്തെ വിശേഷിപ്പിച്ചിച്ചിരിക്കുന്നത്.

നിങ്ങളുടെ ജീവിതം നിങ്ങളുടെ ജാതിയാണ്. നിങ്ങളുടെ ജാതി നിങ്ങളുടെ ജീവിതവും

സുജാത ഇങ്ങനെ പറയുമ്പോൾ അത് വെറുംവാക്കല്ല. തോട്ടിപ്പണി ചെയ്ത് ജീവിക്കണമെന്ന് ജാതിവ്യവസ്ഥ നിഷ്‌കർഷിച്ച  വിഭാഗത്തിൽ നിന്ന് അധ്യാപനവും കവിതയെഴുത്തുമൊക്കെയായി ഒരു കുടുംബം മാറ്റങ്ങളുടെ പാതയിലേക്ക് തിരിഞ്ഞപ്പോൾ നേരിടേണ്ടിവന്ന അനുഭവങ്ങളിൽനിന്നുണ്ടായ തിരിച്ചറിവാണ്. അധ്യാപികയായ അമ്മയും കവിയായ അമ്മാവനുമായിരുന്നു സുജാതയുടെ പ്രചോദനം. കാനഡയിൽനിന്നെത്തിയ മിഷനറിമാരുടെ സഹായത്താൽ വിദ്യാഭ്യാസം ആർജിച്ചവരായിരുന്നു സുജാതയുടെ കുടുംബാംഗങ്ങൾ. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിത് കുടുംബത്തെ പക്ഷേ ക്രിസ്ത്യാനികളായി കാണാൻ ആരും തയ്യാറായില്ല.

sujatha gidlaതൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തന്നെയായിരുന്നു കുട്ടിക്കാലത്തെ സുജാതയുടെ ഏറ്റവും വലിയ ദുഖം. താൻ നല്കിയ മധുരപലഹാരം അക്കാരണത്താൽ വേണ്ടെന്ന് വച്ച സഹപാഠി സമ്മാനിച്ച വേദന അത്രയ്ക്ക് വലുതായിരുന്നെന്ന് സുജാത പറയുന്നു. എങ്കിലും ജാതീയമായ വേർതിരിവിൽ പഠനം പോലും നിഷേധിക്കപ്പെടുന്ന ദളിത് വിദ്യാർഥികളെ അപേക്ഷിച്ച് താൻ ഏറെ ഭാഗ്യവതിയാണെന്ന സത്യം അവർ നിഷേധിക്കുന്നുമില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എഞ്ചിനിയറിംഗ് കോളേജിൽനിന്ന് ബിരുദം സ്വന്തമാക്കാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അപ്ലൈഡ് ഫിസിക്‌സിൽ ഗവേഷണം നടത്താനും സുജാതയ്ക്ക് കഴിഞ്ഞു. 

ഇരുപത്താറാമത്തെ വയസ്സിൽ വിദേശത്തേക്ക് പോവാൻ ആഗ്രഹിച്ചതും അത് നടപ്പാക്കിയതും ഇന്ത്യയിലെ ജീവിതം മടുത്തതുകൊണ്ട് തന്നെയായിരുന്നെന്ന് സുജാത പറയുന്നു. ജീവിക്കാൻ അമേരിക്ക തെരഞ്ഞെടുത്തത് മികച്ച തീരുമാനമായെന്ന് പിന്നീടുള്ള ജീവിതം സുജാതയ്ക്ക് തെളിയിച്ചു കൊടുത്തു. അവിടെയും വംശീയതയുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ഇന്ത്യൻ സമൂഹം അവളിലേൽപ്പിച്ച മുറിവിനോളം ആഴത്തിലുള്ളതായിരുന്നില്ല അതൊന്നും.

2009ൽ ബാങ്ക് ജോലിയിൽനിന്ന് വിരമിച്ച സുജാത ഇന്ന് ന്യൂ യോർക്ക് സബ്വെയിലെ കണ്ടക്ടറാണ്. അങ്ങനെ, ലോകത്തെ ഏറ്റവും സങ്കീർണമായ ഗതാഗത സംവിധാനത്തിൽ  ജോലിചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയും സുജാത തന്നെ. ഹിന്ദു കണ്ടക്ടർ എന്ന വിശേഷണമാണ് ഇവിടെ സുജാതയ്ക്ക്. അമേരിക്കയിൽ തന്റെ തൊലിയുടെ നിറമാണ് ആളുകളുടെ ശ്രദ്ധാകേന്ദ്രം. അല്ലാതെ ജാതിയോ മതമോ അല്ലെന്നത് വലിയ ആശ്വാസം തന്നെയാണെന്നും സുജാതയ്ക്ക് അഭിപ്രായമുണ്ട്.

 ants among elephants

'ആന്റ്‌സ് എമങ്ങ് എലിഫന്റ്‌സ്'

സുജാത ഗിഡ്‌ലയുടെ ഓർമ്മക്കുറിപ്പുകളുടെ ശക്തമായ ഭാഷ്യമാണ് ആന്റ്‌സ് എമങ്ങ് എലിഫന്റ്‌സ്. തന്റെ ജീവിതകഥയെ രണ്ട് കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുകയാണ് സുജാത. അധ്യാപികയായ അമ്മ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും കഷ്ടപ്പാടുകളുമാണ് ഒന്ന്. മറ്റൊന്ന് ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാൻ മാവോയിസ്റ്റായി ജീവിതത്തിൽ പരാജയപ്പെട്ട അമ്മാവന്റെ അനുഭവങ്ങളിലൂടെയുള്ളതാണ്‌.