റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിങ്. വാരാണസി സ്വദേശിയായ ശിവാംഗി നിലവില്‍ വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. റാഫേല്‍ ജെറ്റ് പറപ്പിക്കാനുള്ള പരിശീലനത്തിനൊടുവില്‍ ശിവാംഗി അംബാലയിലെ പതിനേഴാം നമ്പര്‍ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനില്‍ ചേരും.
വ്യോമസേനയുടെ പത്ത് യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളായ ശിവാംഗി 2017-ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. വ്യോമസേനയില്‍ ചേര്‍ന്നതിനുശേഷം മിഗ് 21 ബിസണ്‍ എയര്‍ക്രാഫ്റ്റ് പറപ്പിച്ചിരുന്ന ശിവാംഗി രാജസ്ഥാന്‍ ആസ്ഥാനമായുള്ള യുദ്ധവിമാനത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവാംഗി 2017-ല്‍ നിയോഗിക്കപ്പെട്ട രണ്ടാം ബാച്ചിലെ വനിതാ യുദ്ധവിമാന പൈലറ്റുമാരിലൊരാളാണ്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ബന്ദിയാക്കിയ അഭിനന്ദ് വര്‍ധമാനൊപ്പവും ശിവാംഗി വിമാനം പറത്തിയിട്ടുണ്ട്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി യുദ്ധവിമാന പൈലറ്റുമാരെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച്ചയാണ് പ്രതിരോധമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
2018-ല്‍ ആവണി ചതുര്‍വേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യന്‍വനിത. 2016 ജൂലൈയില്‍ ഫ്‌ളൈയിങ് ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ട മൂന്നംഗ വനിതകളില്‍ ഒരാളായിരുന്നു ചതുര്‍വേദി. പരീക്ഷണാടിസ്ഥാനത്തില്‍ സ്ത്രീകളേയും യുദ്ധവിമാനം പറപ്പിക്കലിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഭാവന കാന്ത്, മോഹന സിംഗ് എന്നിവരായിരുന്നു മറ്റു രണ്ടു വനിതാ പൈലറ്റുമാര്‍.
നിലവില്‍ വ്യോമസേനയ്ക്ക് പത്ത് വനിത പൈലറ്റുമാരും പതിനെട്ട് വനിത നാവിഗേറ്റര്‍മാരുമുണ്ട്. വ്യോമസേനയില്‍ സേവമനുഷ്ഠിക്കുന്ന സ്ത്രീകള്‍ 1875 പേരാണ്.
36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 59,000 കോടി രൂപയുടെ കരാര്‍ 2016-ലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ചത്. പത്തു റഫാല്‍ ജെറ്റുകളാണ് ഇതിനകം ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. അവയില്‍ അഞ്ചെണ്ണം വ്യോമാസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിലാണ്. 36 എയര്‍ക്രാഫ്റ്റുകളും 2021 അവസാനത്തോടെ ഇന്ത്യക്ക് കൈമാറും. രണ്ടാംഘട്ട റഫാല്‍ ജെറ്റുകള്‍ നവംബറോടെ ഇന്ത്യക്ക് കൈമാറും. ആദ്യ അഞ്ച് റഫാല്‍ ജെറ്റുകള്‍ ജൂലൈ ഇരുപത്തിയൊമ്പതിനാണ് ഇന്ത്യയിലെത്തിച്ചത്.
Content Highlights: Flight Lieutenant Shivangi Singh to be first Rafale woman fighter pilot Read more at: https://www.o