'ഒരു പെണ്‍കുട്ടി നഗരമധ്യത്തില്‍ പുതിയൊരു വ്യാപാരസ്ഥാപനം തുടങ്ങി. കച്ചവടം തുടങ്ങിവരുന്നതിന് മുമ്പ് തന്നെ തൊട്ടടുത്തൊരു മദ്യവില്പനശാല തുറന്നു,അതും മദ്യവില്പന രംഗത്തെ ഭീമന്മാരുടേത്. അവിടെ കച്ചവടം പൊടിപൊടിച്ചുതുടങ്ങി. വ്യാപാരസ്ഥാപനം തുടങ്ങി കാത്തിരുന്ന പെണ്‍കുട്ടിക്ക്  ആ പരിസരത്ത് തന്റെ സ്ഥാപനം തുടരാന്‍ കഴിയാതെ വന്നു. അവളത് അടച്ചുപൂട്ടി.'

കഥ ഇവിടം കൊണ്ട് അവസാനിച്ചെന്ന് കരുതിയെങ്കില്‍ തെറ്റി. ദീപാലി എന്ന ഗ്വാളിയോര്‍ പെണ്‍കുട്ടിക്ക് തോല്‍ക്കാന്‍ മനസ്സിലായിരുന്നു. ഏതാനും ചില പുരുഷന്മാരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും ഗ്വാളിയോറില്‍ നിന്ന് ഇന്‍ഡോറിലെത്തി അവളൊരു വ്യാപാരസ്ഥാപനം തുടങ്ങി. അതും പുരുഷന്മാരുടെ മാത്രം കുത്തകയായ ചരക്ക് വ്യാപാര രംഗത്ത്!

ദീപാലി എന്ന ഈ 28കാരിയാണ് ഇന്ത്യയുടെ മുഴുവന്‍ സമയ ചരക്ക് വ്യാപാരമേഖലയിലെ ആദ്യ സ്ത്രീസാന്നിധ്യം. ഗോതമ്പ് വിതരണത്തിലാണ് ദീപാലിയുടെ വിജയഗാഥ.

deepali

സ്‌കൂള്‍കാലത്ത് ഭാവിയില്‍ ഐഎഎസുകാരിയാകണമെന്നായിരുന്നു ദീപാലിയുടെ ആഗ്രഹം. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോ അവളുടെ പിതാവിന് സാമ്പത്തികമായി നേരിട്ട വന്‍നഷ്ടം മുന്നോട്ടുള്ള അവളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്നങ്ങോട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്തി പഠനവും വീട്ടുകാര്യങ്ങളും ഒന്നിച്ചുകൊണ്ടുപോവുക എന്ന ഉത്തരവാദിത്തം അവളേറ്റെടുത്തു. ബിസിനസ്സിലേക്ക് കടന്നപ്പോള്‍ ഹോട്ടല്‍ മേഖലയിലായിരുന്നു ദീപാലി ആദ്യം കൈവച്ചത്.

ഇന്‍ഡോറില്‍ ജയ് ലക്ഷ്മി ഫുഡ്‌സ് എന്ന പേരിലാണ് ദീപാലി വ്യാപാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവും പകലും ജോലിചെയ്തും വിപണിയെക്കുറിച്ച് കൂടുതലറിഞ്ഞും സാധ്യതകള്‍ മനസ്സിലാക്കിയും ദീപാലി മറ്റ് കച്ചവടക്കാര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. 1500 ഓളം ഗോതമ്പ് വ്യാപാരികളാണ് ഇന്‍ഡോറിലുള്ളത്. മത്സരമൊക്കെയുണ്ടെങ്കിലും എല്ലാവരും തന്നോട് സഹായമനസ്ഥിതിയാണ് കാണിക്കാറുള്ളതെന്നും ദീപാലി പറയുന്നു. മൂന്ന് വര്‍ഷം കൊണ്ട് 60 കോടി രൂപയുടെ ബിസിനസ്സാണ് ദീപാലി ചെയ്തത്.

കടപ്പാട്: ഇക്കണോമിക് ടൈംസ്‌