രമ്പരാഗത മവോറി ടാറ്റൂവോടെ  പ്രൈം ടൈം വാർത്ത വായിച്ച് ചരിത്രത്തിലിടം നേടി ഒരു മാധ്യമപ്രവർത്തക. ന്യൂസിലൻഡിൽ നിന്നുള്ള ഒറിനി കൈപാരാ എന്ന മാധ്യമപ്രവർത്തകയാണ് മുഖത്ത് പരമ്പരാ​ഗത രീതിയിലുള്ള പച്ചകുത്തി വാർത്തയിലിടം നേടിയത്. പ്രൈം ടൈം ന്യൂസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് ഒറിനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കീഴ്ചുണ്ടു മുതൽ താടിയിലേക്ക് പടർന്നു കിടക്കുന്ന വിധത്തിലുള്ള ട്രഡീഷണൽ ടാറ്റൂവാണ് ഇത്.  സമാനമായ ടാറ്റൂ ധരിച്ച് പ്രൈം ടൈം വാർത്ത അവതരിപ്പിക്കുന്ന ആദ്യത്തെ മവോറി വനിതയാണ് മുപ്പത്തിയേഴുകാരിയായ ഒറിനി. 2017ലാണ് ഒറിനി തദ്ദേശീയരായ മവോറി സ്ത്രീകൾ പച്ചകുത്തുന്ന മൊകോ കാവ്വ്വേ(moko kauae)  താടിയിൽ ചെയ്യുന്നത്. 

ഡിഎൻഎ ടെസ്റ്റിനുശേഷം താൻ നൂറുശതമാനവും മവോറി സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ ടാറ്റൂ ചെയ്യാൻ തീരുമാനിച്ചതെന്ന് ഒറിനി പറയുന്നു. പെൺകുട്ടിയിൽ നിന്ന് പ്രായപൂർത്തിയായ സ്ത്രീയിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തുന്നതാണ് പ്രസ്തുത ടാറ്റൂ. ഒരു വ്യക്തിയുടെ മാറ്റത്തിന്റെ പ്രതീകം കൂടിയാണ് ആ ടാറ്റൂ.

പ്രൈംടൈം ന്യൂസ് വായാനാവേളയിൽ നിന്നുള്ള ചിത്രങ്ങളും ഒറിനി പങ്കുവെക്കുകയുണ്ടായി. 2019ൽ ഇതേ ടാറ്റൂ ധരിച്ച് നൂൺ ബുള്ളറ്റിൻ വായിച്ചപ്പോഴും ഒറിനി വാർത്തയിലിടം നേടിയിരുന്നു. എന്നാൽ അന്നുതൊട്ടെ പ്രൈം ടൈം ന്യൂസ് അവതരിപ്പിച്ച് മവോറി സ്ത്രീകളുടെ അഭിമാനം ആവുകയായിരുന്നു ഒറിനിയുടെ മനസ്സിൽ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Oriini Kaipara (@oriinz)

വളരെ സന്തോഷിപ്പിച്ച അനുഭവമാണ് ഇതെന്ന് ഒറിനി പറയുന്നു. താനേറെ ആസ്വദിച്ചാണ് ആ പ്രൈം ടൈം വാർത്ത ചെയ്തത്. ആറുമണിയിലെ പ്രൈം ടൈം വാർത്ത അവതരിപ്പിക്കാൻ‍ പ്രാപ്ത എന്ന നിലയിലേക്ക് താൻ ഉയർന്നതിൽ അഭിമാനം തോന്നുന്നുവെന്നും ഒറിനി പറഞ്ഞു. 

മവോറി ജനതയുടെ പ്രശ്നങ്ങളും താൽപര്യങ്ങളുമൊക്കെ ബഹുമാനപൂർവം അഭിസംബോധന ചെയ്യുന്ന പ്ലാറ്റ്ഫോമിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. അവിടെ തങ്ങളുടെ ശബ്ദം കൃത്യമായും ന്യായമായും വസ്തുനിഷ്ഠമായും പറഞ്ഞിരിക്കണം. ഈ വെല്ലുവിളിയെ അത്ര നിസ്സാരമായി കാണുന്നില്ല, തന്റെ ജനതയിലെ എല്ലാവർക്കും വേണ്ടിയാണ് ഈ യാത്രയെന്നും ഒറിനി പറഞ്ഞു. 

പോളിനേഷ്യൻ ദ്വീപുകളിൽനിന്ന്‌ ന്യൂസീലൻഡിൽ കുടിയേറിയവരാണ്‌ മവോറികൾ. ന്യൂസീലൻഡിന്റെ ചരിത്രം എന്നാൽ മവോറികളുടെ ചരിത്രമാണ്‌. അവർക്ക്‌ സ്വന്തം കലാരൂപങ്ങളും ഐതിഹ്യങ്ങളും തോറ്റം പാട്ടുകളുമുണ്ട്‌. മരത്തിന്മേലുള്ള കൊത്തുപണിയിൽ അഗ്രഗണ്യരാണിവർ. ശരീരത്തിൽ പച്ചകുത്തുക ഇവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌.

Content Highlights: first person with maori face tattoo to present primetime news, maori people