കുട്ടികൾ പറഞ്ഞറിഞ്ഞ് സംസ്കാരച്ചടങ്ങിനെത്തിയവർ ഒരു തുക നൽകിയപ്പോൾ ഹജ്ജുമ്മ പറഞ്ഞു: 

“പണത്തിനുവേണ്ടിയല്ല ഞാനിത് ചെയ്തത്... മരിച്ചുകിടക്കുമ്പോഴും തൊടാൻ ആരുമില്ലാതെ കിടക്കുന്ന ആ ശരീരത്തിനോട് തോന്നിയ മനുഷ്യത്വമാണ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്”

കല്ലായിയിൽനിന്ന് രാവിലെ കൈയിൽ ഒരു കവറും പിടിച്ച് ഫാത്തിമ ഹജ്ജുമ്മ ബസ് കയറും. തന്റെ വരവും കാത്തിരിക്കുന്ന കുഷ്ഠരോഗികളുടെ ഇടയിലേക്ക് ചിരിക്കുന്ന മുഖവുമായി. ചികിത്സയിലൂടെ പൂർണമായി മാറുമെന്ന് വിദഗ്ധർ ആവർത്തിച്ചുപറയുമ്പോഴും പൊതുജനം സ്വൽപ്പം അറപ്പോടെ മാറ്റിനിർത്തുന്ന കുഷ്ഠരോഗികളെ ചേർത്തുപിടിക്കുകയാണ് ഫാത്തിമ ഹജ്ജുമ്മ. അങ്ങിനെ നഗരത്തിലെ നന്മയുടെ മുഖമാവുന്നു നെല്ലിക്കാവ് പറമ്പ് ലൈൻമുറി യാരത്ത്പറമ്പിലെ ഈ 85 വയസ്സുകാരി.

ഫാത്തിമ ഹജ്ജുമ്മ സമൂഹം മാറ്റിനിർത്തിയ രോഗികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങിയിട്ട് 50 വർഷത്തിലേറെയായി. രോഗികളുടെ വ്രണങ്ങൾ കഴുകുകയും വൃത്തിയാക്കി മരുന്നുവെച്ച് കെട്ടുകയും കുളിപ്പിക്കുകയുംചെയ്ത് അവരെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ നോക്കി ഈ ഉമ്മ ചേർത്തുപിടിക്കും. ഒരു ഔദ്യോഗിക ജോലിയോ ആരുടെയെങ്കിലും നിർദേശപ്രകാരമോ അല്ല ഹജ്ജുമ്മയുടെ പരിചരണം. 

വർഷങ്ങൾക്കുമുമ്പ് ഭർത്താവിന്റെ സഹോദരി മറിയക്കുട്ടിയെ ത്വഗ്രോഗാസ്പത്രിയിൽ‍ പ്രവേശിപ്പിച്ചു. ഒരുദിവസം നാത്തൂനെ കാണാൻ എത്തിയപ്പോഴുണ്ടായ ഒരു സംഭവമാണ് രോഗികളെ പരിചരിക്കാനുള്ള ചിന്തയിലേക്ക് മാറിയത്. അന്ന് അവിടെ ഒരു സ്ത്രീ രോഗംവന്ന്‌ മരിച്ചു. കുളിപ്പിക്കാൻ ആരുമില്ലെന്നുപറഞ്ഞ്‌ രണ്ടുകുട്ടികൾ കരഞ്ഞുകൊണ്ട് ഹജ്ജുമ്മയുടെ അടുത്തെത്തിയത്. പിന്നെ ഒന്നുംനോക്കിയില്ല ഉടുത്ത സാരിക്ക് മുകളിൽ ഒരു തുണിചുറ്റി ഹജ്ജുമ്മ മരിച്ച സ്ത്രീയെ കുളിപ്പിച്ചു.

കുട്ടികൾ പറഞ്ഞറിഞ്ഞ് സംസ്കാരച്ചടങ്ങിനെത്തിയവർ ഒരു തുക നൽകിയപ്പോൾ ഹജ്ജുമ്മ പറഞ്ഞു- “പണത്തിനുവേണ്ടിയല്ല ഞാനിത് ചെയ്തത്... മരിച്ചുകിടക്കുമ്പോഴും തൊടാൻ ആരുമില്ലാതെ കിടക്കുന്ന ആ ശരീരത്തിനോട് തോന്നിയ മനുഷ്യത്വമാണ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്”. കൊണ്ടോട്ടി യാരത്ത്പറമ്പ് സമ്പന്നകുടുംബത്തിലാണ് ജനനം. കോഴിക്കോട് പുഴവക്കത്ത് കുഞ്ഞിമൊയ്തീനെ വിവാഹം കഴിച്ച് 12-ാം വയസ്സിലാണ് ഇവർ കോഴിക്കോട്ടെത്തുന്നത്. 

കല്ലായി പുഴയോരത്തുനിന്ന് ചേവായൂർ കുന്നിന്മുകളിലെ ചികിത്സാകേന്ദ്രത്തിലെത്തി ഇങ്ങനെ ഇവർ പരിചരിക്കുന്നത് പക്ഷേ, നഗരത്തിൽ അധികമാർക്കും അറിയില്ല. ആരെങ്കിലും അറിയണമെന്നും അവർക്കില്ല. ആവുന്നത്രകാലം ഈ ശുശ്രൂഷ തുടരണമെന്നുമാത്രമാണ് ആഗ്രഹം. പണ്ട് എല്ലാദിവസം രാവിലെതന്നെ ഹജ്ജുമ്മ ആസ്പത്രിയിലെത്തും. പിന്നീട് ഉച്ചവരെ രോഗികളെ പരിപാലിക്കും. 

വാർധക്യം കൊണ്ടുത്തന്ന കാലുവേദന കാരണം നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആസ്പത്രിയിലെത്തും. അപ്പോൾ അവരുടെ വരവുംകാത്ത്‌ ആത്മാർഥയോടെ ചിരിക്കുന്ന ഒരുപാട് മുഖങ്ങൾ അവിടെയുണ്ടാവും. ആദ്യമൊക്കെ ചെല്ലുമ്പോൾ ആസ്പത്രി ഗേറ്റ് തുറക്കില്ലായിരുന്നു. പിന്നെ പൈസ നൽകി പാസുവാങ്ങി ഉള്ളിലേക്ക് പോവുകയാണ് ചെയ്യാറുള്ളതെന്ന് ഉമ്മ ഓർമിക്കുന്നു. 

രോഗം പകരുമെന്ന പേടിയൊന്നും ഈ ഉമ്മയ്ക് അന്നും ഇന്നുമില്ല. എന്നാൽ സമൂഹത്തിൽ പലരും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട് ഹജ്ജുമ്മയോട്്. അവരോട് ഇവർക്ക് ഒന്നേ പറയാനുള്ളൂ: “ഞാൻ മനുഷ്യന്മാരെയാണ് പരിപാലിക്കുന്നത്. രോഗമെന്നത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ഈ രോഗികളും മനുഷ്യർ തന്നെയാണ്’’...

മനുഷ്യരെ മതം കൊണ്ട് വേർതിരിക്കാൻ പാടില്ലെന്ന് ഹജ്ജുമ്മ പറയും. മക്കളായ ആലിക്കോയ, ഹംസക്കോയ എന്നിവരുടെ കൂടെയാണ് താമസം. രണ്ടുപേർക്കും കൂലിപ്പണിയാണ്. 

തനിക്ക് മരുന്നുവാങ്ങാനും മറ്റുമായി ലഭിക്കുന്ന പണം കൊണ്ട് എല്ലാമാസവും രണ്ടുചാക്ക് അരിയും ഹജ്ജുമ്മ ആസ്പത്രിയിലെത്തിക്കും. 2011-ൽ ജില്ലാ എം.ഇ.എസ്. യൂത്ത് വിങ്ങിന്റെ ഡോ. പി.കെ. അബ്ദുൽ ഗഫൂർ കാരുണ്യ പ്രതിഭാ പുരസ്കാരം, 2012-ൽ കോഴിക്കോട്ട് നടന്ന തന്റേടം ജെൻഡർ ഫെസ്റ്റിൽ ആരോഗ്യപരിരക്ഷയ്ക്കുള്ള മഹിളാതിലകം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ഹജ്ജുമ്മയെ തേടിയെത്തിയിട്ടുണ്ട്.