മിക്ക മാതാപിതാക്കള്‍ക്കും  മക്കളെക്കുറിച്ച് സ്വപ്‌നങ്ങളുണ്ടാകും. തങ്ങളുടെ സ്വപ്‌നങ്ങള്‍ മക്കള്‍ സാക്ഷാത്കരിക്കുമ്പോള്‍ അഭിമാനത്തിന്റെ ഉന്നതിയിലാകും അവര്‍. അത്തരത്തിലുള്ള ഒരച്ഛനും മകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പോലീസ് ഉദ്യോഗസ്ഥയായ മകളുടെ യൂണിഫോമിലെ നക്ഷത്രം നോക്കുകയാണ് അച്ഛന്‍. തിരിച്ച് അച്ഛനെ സ്‌നേഹത്തോടെ നോക്കുന്ന മകളും. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ് ഈ അച്ഛനും മകളും. മണിപ്പൂരിലെ ഇംഫാല്‍ സ്വദേശിയായ ഡെപ്യൂട്ടി എസ്പി രത്തന ഗസേപവും അച്ഛനുമാണത്. 

അച്ഛന്റെയും മകളുടെയും അഭിമാനനിമിഷം എന്നു പറഞ്ഞാണ് ചിത്രം സമൂഹമാധ്യമത്തില്‍ വൈറലായത്. നടിമാരായ രവീണ ടണ്ടന്‍, ആത്തിയ ഷെട്ടി തുടങ്ങി പ്രശ്‌സതരും സാധാരണക്കാരുമുള്‍പ്പെടെ ആയിരങ്ങളാണ് ചിത്രം പങ്കുവച്ചത്. 

'' മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള ഡെപ്യൂട്ടി എസ്പി രത്തന ഗസേപം. അഭിമാനത്തോടെ അവളുടെ യൂണിഫോമിലെ നക്ഷത്രങ്ങള്‍ നോക്കുകയാണ് അച്ഛന്‍. അച്ഛന്റെ കണ്ണുകളിലെ നക്ഷത്രങ്ങളെ അഭിമാനത്തോടെ നോക്കുന്നു.'' എന്ന കുറിപ്പോടെ അമിത പഞ്ചല്‍ എന്നയാളാണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. 

സ്ത്രീശാക്തീകരണത്തിന്റെ യഥാര്‍ഥ അടയാളമാണ് ഇതെന്നും ഒരായിരം വൈകാരിക നിമിഷങ്ങള്‍ ഒരൊറ്റ ചിത്രത്തില്‍, അച്ഛന്റെ അഭിമാനം കാത്തുസൂക്ഷിച്ച മകള്‍ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് ലഭിച്ച കമന്റുകള്‍.

Content Highlights: father checks the stars on his cop daughter’s uniform