Apekshaരാജ്യത്തെ പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർമാരിൽ തൃശ്ശൂർക്കാരിയും.  ഗുരുവായൂർ മുക്കടക്കാട്ടിൽ ബിനോജിന്റെയും പ്രസീനയുടെയും മകൾ 11 കാരി അപേക്ഷ. ഇതിനകം ഫാഷൻ വസ്ത്രങ്ങളുടെ 105 വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകൾ തയ്യാറാക്കി യു.ആർ.എഫ്. റെക്കോഡ്സ്, വേൾഡ് റെക്കോഡ്സ് ഒാഫ് ഇന്ത്യ പുരസ്കാരങ്ങളും അപേക്ഷ സ്വന്തമാക്കി.

‘അപെക് ഡ്രീംസ് ഒാഫ് ഡിസൈൻ’ എന്ന പേരിൽ സ്വന്തം ബ്രാൻഡുമുണ്ട്.  ഷാർജയിലെ ഇന്ത്യൻ എക്സലന്റ് സ്കൂളിൽ ആറാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും പ്ലസ് ടു യോഗ്യതയുള്ളവർക്കായി നടത്തുന്ന ബിരുദ കോഴ്സിന്റെ ആദ്യഘട്ടവും വിജയകരമായി പൂർത്തിയാക്കി. സ്കൂൾ പഠനത്തോടൊപ്പം കോഴ്സിന്റെ രണ്ടാം ഘട്ടവും ചെയ്യുന്നുണ്ട്. ദുബായിലെ മിർന-എൽ-ഹേജ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈനിങ്ങിലുള്ള കഴിവ് കണക്കിലെടുത്ത് അപേക്ഷയ്ക്ക് നേരിട്ട് പ്രവേശനം നൽകുകയായിരുന്നു. 

 ദുബായിൽ റാമ്പിലെത്താനിരിക്കുന്ന സ്വന്തം ബ്രാൻഡിന്റെ അപെക് ഫാഷൻ ഷോ-2016-ന്റെ തയ്യാറെടുപ്പിലാണിപ്പോൾ അപേക്ഷ. ഏഴാം വയസ്സിലാണ് വസ്ത്രങ്ങൾ രൂപകല്പന ചെയ്തുതുടങ്ങിയത്. 2013-ൽ ബ്രിട്ടനിലെ ബേബി ഷോപ്പ് നടത്തിയ വസ്ത്ര രൂപകല്പനാ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.   ചെന്നൈയിൽ ജനിച്ച അപേക്ഷ ഇപ്പോൾ മാതാപിതാക്കളോടൊപ്പം ദുബായിലാണ്. ബിനോജ് ദുബായിൽ ഷിപ്പിങ് മാനേജരും പ്രസീന അജ്മാനിൽ വാഫി ഗ്രൂപ്പിലെ ചീഫ് അക്കൗണ്ടന്റുമാണ്.