Doreen1978ല്‍ ലെബനണില്‍ ജനിച്ച ഡറീന്‍ ബാര്‍ബര്‍ എന്ന പെണ്‍കരുത്തിന്റെ പ്രതീകത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആഭ്യന്തരകലാപം കൊടുംപിരിക്കൊണ്ടിരുന്ന ആ നാട്ടില്‍ തികച്ചും ഭീതിനിറഞ്ഞ ബാല്യകാലത്തിലൂടെയാണ് ഡറീന്‍ ബാര്‍ബര്‍ കടന്നുപോയത്.

കലാപത്തില്‍ നിന്നും ബോംബേറില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും ഈ പെണ്‍കുട്ടിക്ക് ഒളിച്ചുകഴിയേണ്ടതായി വന്നിട്ടുണ്ട്. 1991ല്‍ ആഭ്യന്തരയുദ്ധം ശമിച്ചപ്പോള്‍ മാത്രമാണ് സമാധാനമെന്തെന്ന് ഡറീന്‍ അറിഞ്ഞത്.

സ്‌പോര്‍ട്‌സിനോട് ഏറെ താത്പര്യം കാണിച്ച ഡറീന്‍ വൈകാതെ നല്ലൊരു ബാസ്‌കറ്റ്‌ബോള്‍ കളിക്കാരിയായിത്തീര്‍ന്നു. അങ്ങനെ സന്തോഷത്തോടെ നാളുകള്‍ നീക്കവേയാണ് വലിയൊരു ദുരന്തം അവള്‍ക്ക് നേരിടേണ്ടിവന്നത്. കേവലം 15 വയസ്സ് മാത്രമുള്ളപ്പോള്‍, അപൂര്‍വവും മാരകവുമായ ബോണ്‍ കാന്‍സര്‍ അവളെ ബാധിച്ചു. അതിന്റെ ഫലമായി ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടതായി വന്നു.

ഒരു  കൗമാരക്കാരിക്ക് കാലുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ. ആരെയും പോലെ ഡറീനെയും ഏറെ തളര്‍ത്തി. അവളുടെ കായിക സ്വപ്നങ്ങള്‍ എല്ലാം പൊലിഞ്ഞതായി അവള്‍ക്ക് തോന്നി. സങ്കടവും കണ്ണീരുമായി നാളുകള്‍ കടന്നുപോയി. പതിയെ ജീവിതത്തെ നേരിടാന്‍ അവള്‍ തീരുമാനിച്ചു. കൃത്രിമക്കാലിന്റെ സഹായത്തോടെ പതിയെ നടക്കാനും ചെറിയ എക്‌സര്‍സൈസുകള്‍ ചെയ്യാനും തുടങ്ങി. എന്നാല്‍ ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കേണ്ടതിനെക്കുറിച്ചൊന്നും അവള്‍ ആ നാളുകളില്‍ ചിന്തിച്ചതേയില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ സ്‌കൂളില്‍ പോകാനും പാതിവഴിയില്‍ നിന്നുപോയ പഠനം തുടരാനും തുടങ്ങി. 

പഠനം കഴിഞ്ഞപ്പോള്‍ ഒരു ഇന്‍ഷുറന്‍സ് ക്ലര്‍ക്കായി അവള്‍ക്ക് ജോലി ലഭിച്ചു. വൈകാതെ അവളുടെ വിവാഹവും കഴിഞ്ഞു. രണ്ടു കുട്ടികളും ജനിച്ചു. 
അങ്ങനെ ജീവിതം മുന്നോട്ടുപോകവേയാണ് അടുത്ത ദുരന്തം അവളെ തേടിയെത്തിയത്. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ വീണ് ഇടുപ്പെല്ല് ഒടിഞ്ഞു. സര്‍ജറി കഴിഞ്ഞ് പ്ലാസ്റ്ററൊക്കെയിട്ട് ഡോക്ടര്‍ നിര്‍ദേശിച്ച മൂന്നുമാസത്തെ വിശ്രമത്തിലായി അവള്‍. ആ കിടപ്പില്‍ അവള്‍ സ്വന്തം ജീവിതത്തെക്കുറിച്ച് കാര്യമായി പഠിക്കാന്‍ തുടങ്ങി. താന്‍ ഇങ്ങനെ കിടക്കേണ്ടവളല്ലെന്ന് അവള്‍ക്ക് മനസ്സിലായി. തന്റെ ജീവിതംകൊണ്ട് ഇനിയും വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് അവള്‍ തിരിച്ചറിഞ്ഞു.

തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി താന്‍ എഴുന്നേറ്റുനടന്നേ മതിയാകൂ എന്നവള്‍ തീരുമാനിച്ചു. അവള്‍ പതിയെ എഴുന്നേറ്റു തുടങ്ങി. എക്‌സര്‍സൈസുകളിലൂടെ അവള്‍ തന്റെ ശരീരത്തെ ഫിറ്റ്‌നസിലേക്ക് കൊണ്ടുവന്നു. 10 മിനിറ്റ് ട്രെഡ്മില്‍ ഉപയോഗിച്ചുതുടങ്ങിയ അവള്‍ പിന്നീട് അത് ഒരു മണിക്കൂറാക്കി. പിന്നീട് പതിയെ ഓടാന്‍ ആരംഭിച്ചു. ഒടുവില്‍ ദുബായ് മാരത്തണില്‍ അവള്‍ പങ്കെടുത്തു. 4 കി.മീ. നിര്‍ത്താതെ മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അവളുടെ ആത്മവിശ്വാസം വളര്‍ത്തി. 

സ്വന്തം ശാരീരികക്ഷമത നിലനിര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരെ കൂടി ഫിറ്റ്‌നസിലേക്ക് കൊണ്ടുവരണമെന്ന് അവള്‍ ആഗ്രഹിച്ചു. 'എന്തുകൊണ്ട് എനിക്ക് എല്ലാവര്‍ക്കും മാതൃകയായിക്കൂടാ, എന്തുകൊണ്ട് അവരെ പ്രചോദിപ്പിച്ചുകൂടാ' ഈ രണ്ടു ചോദ്യങ്ങളും അവള്‍ നിരന്തരം തന്നോടുതന്നെ ചോദിക്കാന്‍ തുടങ്ങി. ക്രമേണ അവള്‍ ജിമ്മില്‍ പോകാനാരംഭിച്ചു. ഇന്ന് അവള്‍ അറിയപ്പെടുന്ന ലൈസന്‍സുള്ള ജിം ഇന്‍സ്ട്രക്ടര്‍ ആണ്. നിങ്ങള്‍ മനസ്സുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്കത് തീര്‍ച്ചയായും ചെയ്യാന്‍ കഴിയുമെന്ന് അവര്‍ തന്റെ ശിഷ്യരോട് പലപ്പോഴും പറയാറുണ്ട്. 

കൂടാതെ ഡ്രൈവിങ് പഠിച്ച് ഒരു നല്ല ഡ്രൈവര്‍ കൂടിയാണ് താനെന്ന് അവര്‍ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്തു. കുറച്ചുകാലമെടുത്തെങ്കിലും എന്റെ കുടുംബത്തിന്റെ സഹായത്തോടെ എന്റെ കഴിവുകളെയും എനിക്ക് ലഭിച്ച അനുഗ്രഹങ്ങളെയും ഞാന്‍ തിരിച്ചറിഞ്ഞു എന്നാണ് അവര്‍ പറയുന്നത്. പലപ്പോഴും പല ഇന്റര്‍വ്യൂവുകളിലും പങ്കെടുത്ത് ജോലി നേടാന്‍ അവര്‍ ശ്രമിച്ചു. കാലിന്റെ കാര്യം പറയുമ്പോള്‍ അവര്‍ കൈയൊഴിയുന്ന നിരവധി അനുഭവങ്ങളും അവര്‍ക്കുണ്ടായിട്ടുണ്ട്. 'എന്റെ ബുദ്ധിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എനിക്ക് ജോലി ചെയ്യാന്‍ കഴിയുമെന്നും എനിക്കുറപ്പുണ്ട്' എന്നു പറഞ്ഞ് സ്വന്തം ആത്മവിശ്വാസം വളര്‍ത്തിയെടുത്ത് കരുത്തോടെ ഡറീന്‍ മുന്നേറി. 

ഇന്ന് അറിയപ്പെടുന്ന മോഡല്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, ഇന്‍സ്ട്രക്ടര്‍ എന്നീ നിലകളിലെല്ലാം അവര്‍ പ്രശസ്തയാണ്. ഒപ്പം ധാരാളം സന്നദ്ധപ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു. 2010ല്‍ ഗള്‍ഫിനെ സ്വാധീനിച്ച 40 വനിതകളില്‍ ഒരാളായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ആസ്ഥാനമാക്കി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇന്ന് ലോകശ്രദ്ധ പിടിച്ചു പറ്റി തുടങ്ങിയിരിക്കുന്നു.

ഒന്നിനുമീതെ ഒന്നായി ദുരന്തങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടും അംഗഭംഗം വന്നവള്‍ എന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടും നിരാശപ്പെടാതെ ഇച്ഛാശക്തികൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ഡറീന്‍ നമുക്ക് തീര്‍ച്ചയായും പ്രചോദനമാണ്. 

പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും നിരാശപ്പെടാതെ പ്രത്യാശയോടെ മുന്നേറണം എന്ന പാഠമാണ് ഡറീന്‍ നമുക്ക് പകര്‍ന്ന് തരുന്നത്. 15ാം വയസ്സില്‍ കാലുനഷ്ടപ്പെട്ട കൗമാരക്കാരി തന്റെ കണ്ണീരിനെ കരുത്താക്കി ജീവിതത്തെ തിരികെ പിടിച്ചു. ഇന്ന് ജിം ഇന്‍സ്ട്രക്ടറായി അനേകര്‍ക്ക് ശരീരത്തിനും മനസ്സിനും കരുത്തുപകരുന്ന ഇവരുടെ ജിവിതം ജീവിതയാത്രയില്‍ നമുക്കും കരുത്തുപകരുന്നതാണ്.