രമുത്തശ്ശി എന്നു കേള്‍ക്കുമ്പോള്‍തന്നെ പ്രായമായ ഒരു മരത്തിന്റെ രൂപമായിരിക്കും കൂട്ടുകാരുടെ മനസ്സില്‍ വരുന്നത്. എന്നാല്‍ ഈ മരമുത്തശ്ശിയുടെ കഥ വേറെയാണ്. ഇവര്‍ സ്വന്തമായുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ മരങ്ങള്‍ നട്ട് അതിനെ ഒരു വനമാക്കി മാറ്റി.

നാല് പതിറ്റാണ്ട് മുന്‍പാണ് ദേവകി അമ്മ എന്ന കായംകുളം സ്വദേശിയായ മുത്തശ്ശി മരം വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. വീടിനു ചുറ്റുമുള്ള കൃഷിയിടമായിരുന്നു ഈ അഞ്ച് ഏക്കര്‍ ഭൂമി. 1980ല്‍ ഒരു കാറപകടത്തില്‍പെട്ട് മുത്തശ്ശിയുടെ കാലിന് കാര്യമായ പ്രശ്‌നമുണ്ടായി. കൃഷി നോക്കിനടത്തുന്നത് പ്രയാസകരമായപ്പോള്‍ പറമ്പിലുണ്ടായിരുന്ന പാഴ്മരങ്ങള്‍ വളരാന്‍ തുടങ്ങി.

അക്കാലത്ത് മരങ്ങളുടെ സാമീപ്യവും അവയുമായുള്ള ആശയവിനിമയവും ദേവകി അമ്മയ്ക്ക് ഏറെ ആശ്വാസവും സന്തോഷവും പകര്‍ന്നു. അങ്ങനെ കൂടുതല്‍ മരങ്ങള്‍ നടാന്‍ തുടങ്ങി.

600ഇനം വൃക്ഷങ്ങളാണ് ഇന്ന് ഈ മുത്തശ്ശിവനത്തിലുള്ളത്. കമണ്ഡലു മരം (സന്ന്യാസികളുടെ ഭിക്ഷാപാത്രം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇതിന്റെ കായയാണ്), ശിംശപ (സീതാദേവിയെ അശോകവനത്തില്‍ പാര്‍പ്പിച്ചിരുന്നത് ഇതിന്റെ തണലിലെന്നാണ് വിശ്വാസം), കൃഷ്ണനാല്‍ (ഇതിന്റെ കുമ്പിള്‍പോലുള്ള ഇലയില്‍ ശ്രീകൃഷ്ണന്‍ വെണ്ണ കഴിച്ചിരുന്നുവെന്നു കരുതുന്നു), കരിങ്ങോട്ട (ഇതിന്റെ തടി ഉപയോഗിച്ചാണ് മെതിയടി ഉണ്ടാക്കിയിരുന്നത്) തുടങ്ങിയ അപൂര്‍വ്വ വൃക്ഷങ്ങളും ഒട്ടേറെ മരുന്നു ചെടികളും കായാമ്പൂ പോലുള്ള അപൂര്‍വ്വ സസ്യങ്ങളും ഇവിടെയുണ്ട്.
മരങ്ങളിലും മണ്ണിലും പലയിനം കൂണുകളും കാണപ്പെടുന്നു.

ഈ കാട് കാണാനും അതിലെ മരങ്ങളെയും ചെടികളെയും നിരീക്ഷിക്കാനും ധാരാളംപേര്‍ എത്താറുണ്ട്. ദേവകി അമ്മയുടെ ചെറുമക്കള്‍ക്കും ഈ കാട് പ്രിയങ്കരമാണ്.

''ഈ ചൊരിമണല്‍ പ്രദേശത്ത് ഹിമാലയത്തില്‍നിന്നുള്ള മരങ്ങള്‍പോലും വളരുന്നുണ്ട്. മുത്തശ്ശിയുടെ പ്രകൃതിസ്‌നേഹത്തിന്റെ ദൃഷ്ടാന്തമാണ് ഈ കാട്. ഇതിനെ ഞങ്ങള്‍ സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറും'' ദേവകി അമ്മയുടെ പേരക്കുട്ടിയായ ശരണ്യ പറഞ്ഞു.

മുത്തശ്ശിവനത്തിലുള്ള കുളത്തില്‍ കുളക്കോഴികള്‍ ഉള്‍പ്പെടെയുള്ള പല ജീവികളും സ്ഥിരതാമസമാണ്. മരങ്ങളില്‍ മരതകപ്രാവ് ഉള്‍പ്പെടെ ധാരാളം പക്ഷികള്‍ വസിക്കുന്നു. പലയിനം ചിത്രശലഭങ്ങളും ദൃശ്യമാണ്. കാടുകളില്ലാത്ത ഈ പ്രദേശത്ത് ഈ മുത്തശ്ശിവനം ഒരു ചെറു കാടിന്റെ ധര്‍മം നിര്‍വഹിക്കുകയാണ്.

''എന്റെ സ്വന്തം മനഃസമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഞാന്‍ മരങ്ങള്‍ നടാന്‍ തുടങ്ങിയത്. എന്നാല്‍ പ്രകൃതിമാതാവ് എനിക്കൊരു കാടുതന്നെ തന്നു. കാലശേഷവും എന്റെ ആത്മാവ് ഈ മരങ്ങള്‍ക്കിടയില്‍ത്തന്നെ ഉണ്ടാവും'' ദേവകി അമ്മ പറഞ്ഞു.