മക്കള്‍ തങ്ങളേക്കാള്‍ ഉയരത്തിലെത്തണം എന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കാറുള്ളത്. അത്തരത്തിലൊരു ഹൃദയം തൊടുന്ന അനുഭവത്തിനാണ് തെലങ്കാന രാഷ്ട്ര സമിതിയുടെ പൊതുസമ്മേളനം സാക്ഷ്യം വഹിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ തന്നേക്കാള്‍ ഒരു റാങ്ക് മുന്തിയ ജില്ലാ പോലീസ് സൂപ്രണ്ടിനു മുന്നില്‍ അഭിമാനത്തോടെ സല്യൂട്ട് ചെയ്ത നിമിഷം. വെറും പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഒരച്ഛനും മകളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.
മല്‍കജ്ഗിരിയിലെ ഡെപ്യൂട്ടി കമ്മീഷണറായ ഉമാ മഹേശ്വര ശര്‍മയാണ് ജഗിത്യാല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടന്റായ മകള്‍ സിന്ധു ശര്‍മയ്ക്കു മുന്നില്‍ നിറഞ്ഞ സന്തോഷത്തോടെ സല്യൂട്ടടിച്ചത്. മുന്നില്‍ നില്‍ക്കുന്നത് മകളാണെങ്കിലും പോലീസ് വേഷത്തിലിരിക്കുമ്പോള്‍ അവള്‍ തന്റെ മേലുദ്യോഗസ്ഥയാണെന്ന് ചിന്തയാണ് ഉമാ മഹേശ്വര ശര്‍മയില്‍ ഉദിച്ചത്. പിന്നെ മറുത്തൊന്നും ചിന്തിക്കാതെ സല്യൂട്ടടിച്ചു, പ്രോട്ടോക്കോളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത അച്ഛന് മകള്‍ തിരിച്ച് അഭിവാദ്യവും നല്‍കി.
1985ലാണ് ഉമാ മഹേശ്വര ശര്‍മ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്നത്. മകള്‍ സിന്ധുവാകട്ടെ 2014ല്‍ ഐപിഎസ് ഉദ്യോഗസ്ഥയായി. ഇനി മകളെ സല്യൂട്ട് ചെയ്ത നിമിഷത്തെക്കുറിച്ചു ചോദിച്ചാല്‍ ആയിരം നാവാണ് ഉമാ മഹേശ്വര ശര്‍മയ്ക്ക്. മേലുദ്യോഗസ്ഥയായ മകളെ സല്യൂട്ട് ചെയ്യാന്‍ കഴിഞ്ഞത് ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ശര്‍മ ബാംഗളൂര്‍ മിററിനോടു പറഞ്ഞു.
അച്ഛന്റെ പ്രചോദനമാണ് താന്‍ പോലീസ് യൂണിഫോം അണിഞ്ഞതിനു പിന്നിലെന്ന് സിന്ധു പറഞ്ഞു. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള അച്ഛനൊപ്പം ഔദ്യോഗിക വേദി പങ്കിടാന്‍ കഴിഞ്ഞതിനെയും സിന്ധു അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.
Content Highlights: DCP father to salute his SP daughter