dskhsinaമറുനാടന്‍ മലയാളിയാണെങ്കിലും ദക്ഷിണയ്ക്ക് കൊച്ചി എന്നും പ്രിയപ്പെട്ടതാണ്. ലോകമലയാളി സുന്ദരിപ്പട്ടം ശിരസ്സിലണിയിച്ച് പുതിയൊരു പാതയാണ് ഈ നാട് ദക്ഷിണയ്ക്ക് തുറന്നുകൊടുത്തത്. 2013-ല്‍ കൊച്ചിയില്‍ നടന്ന മിസ് മലയാളി വേള്‍ഡ് വൈഡില്‍ തായ്ലാന്‍ഡിനെ പ്രതിനിധീകരിച്ച് സൗന്ദര്യകിരീടം ചൂടുമ്പോള്‍ 18 വയസ്സ് മാത്രമേ ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നുള്ളൂ. ഈ ഒരു നേട്ടത്തിലൂടെ സിനിമാ മേഖലയിലേക്കുള്ള വാതിലുകളും ദക്ഷിണയ്ക്ക് തുറന്നുകിട്ടി. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമയിലൂടെയായിരുന്നു അത്. അഞ്ജലി വര്‍മ എന്ന പേരില്‍ നിന്ന് ദക്ഷിണ എന്ന പേരിലേക്ക് അങ്ങനെ കൂടുമാറുകയും ചെയ്തു.

ഇത്തവണ തായ്ലാന്‍ഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള വരവില്‍ ഭരതനാട്യ നൃത്തച്ചുവടുകളുമായാണ് ദക്ഷിണ വിസ്മയിപ്പിച്ചത്. 15 വര്‍ഷമായി നൃത്തമഭ്യസിക്കുന്ന ദക്ഷിണ നിരവധി വിദേശ നൃത്തപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എങ്കിലും കൊച്ചിയിലൊരു നൃത്ത പരിപാടി അവതരിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാകാതെ നില്‍ക്കുകയായിരുന്നു. അതാണ് 'നൃത്യോപാസന' എന്ന പരിപാടിയിലൂടെ കഴിഞ്ഞദിവസം പൂവണിഞ്ഞതെന്ന് ദക്ഷിണ പറയുന്നു. പ്രമുഖ നര്‍ത്തകി മഞ്ജു വി. നായരുടെ ശിക്ഷണത്തിലാണ് 'നൃത്യോപാസന'യ്ക്ക് പരിശീലിച്ചത്. ആറു മാസത്തെ തയ്യാറെടുപ്പില്‍ നടത്തിയ പരിപാടി പ്രമുഖ നര്‍ത്തകി ഊര്‍മിള ഉണ്ണിയടക്കമുള്ളവരുടെ അഭിനന്ദനങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു.
 
നൃത്തത്തിലേക്കുള്ള വരവ്
 തിരുവനന്തപുരത്ത് ആറ്റിങ്ങലിലാണ് ദക്ഷിണയുടെ ജനനം. രണ്ടു വയസ്സുള്ളപ്പോഴാണ് കുടുംബം തായ്ലാന്‍ഡിലേക്ക് മാറുന്നത്. അവിടെ നൃത്ത വിദ്യാലയം നടത്തിയിരുന്ന ബന്ധുവായ അംബികാ വര്‍മ ദക്ഷിണയെ ഡാന്‍സ് ക്ലാസിലേക്ക് പതിവായി കൊണ്ടുപോകുമായിരുന്നു. 'ആ പ്രായത്തില്‍ത്തന്നെ താളബോധമുണ്ടന്ന് തിരിച്ചറിഞ്ഞത് അംബിക ആന്റിയാണ്'- ദക്ഷിണ പറയുന്നു. അമ്മയ്ക്കും നൃത്തത്തോട് താത്പര്യമുണ്ടായിരുന്നതിനാല്‍ നന്നായി പ്രോത്സാഹിപ്പിച്ചു. രാജേഷ് വാസുദേവന്‍, അംബികാ വര്‍മ, മഞ്ജു വി. നായര്‍ എന്നിവരുടെ കീഴിലാണ് നൃത്തമഭ്യസിച്ചിട്ടുള്ളത്. ഓരോ ചുവടുവയ്ക്കുമ്പോഴും ആ ഗുരുക്കന്മാരോടുള്ള കടപ്പാടുണ്ടെന്നും ദക്ഷിണ പറയുന്നു.
 
ആദ്യസിനിമ
 തന്റെ കരിയറിലെ ഭാഗ്യമായിട്ടാണ് ആദ്യസിനിമയെ ദക്ഷിണ ഓര്‍ത്തെടുക്കുന്നത്. സിനിമയുടെ പഴയ തലമുറയോടൊപ്പം ആദ്യപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ സാധിച്ചു. അഭിനയം എന്താണെന്നും അതിലെ ടെക്‌നിക്കുകള്‍ എന്താണെന്നും മനസ്സിലാക്കിത്തന്നത് ഈ സിനിമയാണ്. മലയാളം ഉച്ചാരണത്തില്‍ പ്രശ്‌നമുണ്ടായിരുന്ന തനിക്ക് നല്ല മലയാളം സംസാരിക്കുന്നതിനും സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനുമുള്ള ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കിയത് ചിത്രത്തിന്റെ സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണെന്നും ദക്ഷിണ പറയുന്നു.
 
അടുത്ത സിനിമ
 പഠനവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ രണ്ടു സിനിമകളേ ചെയ്യാന്‍ കഴിഞ്ഞുള്ളു. ധാരാളം േപ്രാജക്ടുകള്‍ വന്നെങ്കിലും പഠനത്തിന്റെ തിരക്കുകൊണ്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് ദക്ഷിണ പറയുന്നു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചത്. രണ്ടാമത്തെ സിനിമ 'ഇവിടെ ഈ നഗരത്തില്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
 
സ്വപ്നറോള്‍
 മണിച്ചിത്രത്താഴില്‍ ശോഭന ചെയ്ത റോള്‍ എല്ലാ അഭിനേത്രികളെപ്പോലെ തന്നെയും വല്ലാതെ മോഹിപ്പിച്ചിട്ടുണ്ടെന്ന് ദക്ഷിണ. നൃത്തത്തിന് പ്രാധാന്യമുള്ള ഒരു റോള്‍ സിനിമയില്‍ കിട്ടുകയെന്നതാണ് തന്റെ സ്വപ്നമെന്നും ദക്ഷിണ പറയുന്നു. മഞ്ജു വാര്യര്‍ ചെയ്തതുപോലത്തെ സിനിമകളും ദക്ഷിണയുടെ സ്വപ്നമാണ്.
 
ഭാവിപരിപാടികള്‍
 ഫ്യൂഷന്‍ ഡാന്‍സുകളിലും തീം ഡാന്‍സുകളിലും വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ട്. ജലദൗര്‍ലഭ്യം വിഷയമാക്കി ചെയ്ത തീം ഡാന്‍സും സീതായാനം എന്ന ഫ്യൂഷന്‍ ഡാന്‍സും തായ്ലാന്‍ഡില്‍ ശ്രദ്ധനേടിയിരുന്നു. അതുപോലെ ക്ലാസിക്കല്‍ നൃത്തവും തായ്ലാന്‍ഡ് നൃത്തരൂപവും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ ഡാന്‍സും ആലോചനയിലുണ്ട്.
 
കുടുംബം
 അച്ഛന്‍ ഗോപകുമാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ തായ്ലാന്‍ഡ് ചാപ്റ്റര്‍ പ്രസിഡന്റാണ്. അമ്മ പാര്‍വതി വര്‍മ തായ്ലാന്‍ഡിലെ സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെന്റര്‍ ഡയറക്ടറായി ജോലി ചെയ്യുന്നു. ഏക സഹോദരി അശ്വതി വര്‍മ ഇറ്റലിയില്‍ മെഡിസിന് പഠിക്കുന്നു. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ദക്ഷിണ.
 
 ബഹുമുഖ പ്രതിഭ
 പാരാഗ്ലൈഡിങ്, പിയാനോ, മ്യൂസിക്, മോഡലിങ്, ബാസ്‌ക്റ്റ് ബോള്‍ തുടങ്ങിയ മേഖലകളിലാണ് ദക്ഷിണ തിളങ്ങിയിട്ടുള്ളത്. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവയില്‍ വിജയം നേടാനും ശ്രമിക്കുകയാണ് തന്റെ ഹോബിയെന്നും ഈ മിടുക്കി പറയുന്നു. നര്‍ത്തകി, സിനിമാതാരം, പാരാഗ്ലൈഡര്‍, മോഡല്‍, എന്‍ജിനീയര്‍ എന്നിങ്ങനെ കൈവച്ച മേഖലകളെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും അവയെല്ലാം ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ദക്ഷിണ പറയുന്നു.