മൂന്നുമക്കളെ സ്‌ട്രോളറില്‍ ഇരുത്തി തള്ളി, ഏറ്റവും വേഗത്തില്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് സിന്തിയ ആര്‍ണോള്‍ഡ്. മൂന്നുമണിക്കൂര്‍ 11 മിനിട്ട് സമയമെടുത്താണ് ആറും നാലും ഒന്നും വയസ്സുള്ള മൂന്നുമക്കളെ സ്‌ട്രോളറില്‍ ഇരുത്തി തള്ളി 26.2 മൈലുകള്‍ ഇവര്‍ ഓടിത്തീര്‍ത്തത്. അമ്മ വിജയക്കുതിപ്പ് നടത്തുമ്പോള്‍ ഒരു വയസ്സുള്ള കുഞ്ഞ് സ്‌ട്രോളറിലിരുന്ന് നല്ല ഉറക്കമായിരുന്നു. 

മൂന്നുമക്കളുടെ ഭാരത്തിനൊപ്പം സ്‌ട്രോളറിന്റെ ഭാരവും കൂട്ടിയാല്‍ 83.92 കിലോഗ്രാമും തള്ളിക്കൊണ്ടായിരുന്നു സിന്തിയയുടെ ഓട്ടം. കഴിഞ്ഞ വര്‍ഷം ട്രിപ്പിള്‍ സ്‌ട്രോളര്‍ തള്ളി വേഗത്തിലോടിയെത്തി ഹാഫ് മാരത്തോണ്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തിരുന്നു. ഈ വര്‍ഷം ഫുള്‍ മാരത്തോണില്‍ റെക്കോര്‍ഡിടുക എന്ന ലക്ഷ്യത്തോടെയാണ് സിന്തിയ എത്തിയത്. മിസൂല മൊണ്ടാനയില്‍ വെച്ചാണ് മാരത്തോണ്‍ നടന്നത്. 

കഴിഞ്ഞ തവണ ഹാഫ് മാരത്തണില്‍ പങ്കെടുത്തിരുന്നതിനാല്‍ കാണികള്‍ക്ക് സിന്തിയ സുപരിചിതയായിരുന്നു. കാണികളുടെ ഹര്‍ഷാരവമാണ് ക്ഷീണമറിയാതെ വേഗത്തില്‍ ഓടിയെത്താന്‍ തന്നെ സഹായിച്ചതെന്ന് സിന്തിയ പറയുന്നു.  

'തനിച്ച് ഒരു മത്സരത്തില്‍ തനിയെ ഓടുക എന്നുള്ളത് വളരെ എളുപ്പമുളളതായിരിക്കുമെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ വളര്‍ന്നത് എന്റെ കാഴ്ചപ്പാടുകളിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. മത്സരത്തെ കുറിച്ചോര്‍ത്ത് വല്ലാതെ ആകുലപ്പെടുന്നത് എന്റെ ദൗര്‍ബല്യമായിരുന്നു. എന്നാലിപ്പോള്‍ അതുമാറിയിരിക്കുന്നു.'സിന്തിയ പറയുന്നു. 

പക്ഷേ മത്സരത്തിന് തൊട്ടുമുമ്പ് സിന്തിയയെ ആശങ്കയിലാഴ്ത്തി സ്‌ട്രോളറില്‍ ഘടിപ്പിച്ച ക്യാമറ വീണുപോയി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുളള ഉദ്യമമാണെങ്കില്‍ അതുമുഴുവന്‍ ഒരു ക്യാമറയില്‍ പകര്‍ത്തി നല്‍കേണ്ടതുണ്ട്. മനസാന്നിധ്യം കൈവിടാതെ പെട്ടെന്ന് തന്നെ അതുനേരെയാക്കാന്‍ അവര്‍ക്ക് സാധിച്ചു. 

കഴിഞ്ഞ ശിശിരത്തിലാണ് സിന്തിയ പരിശീലനം ആരംഭിക്കുന്നത്. അതിനിടയില്‍ കുട്ടികളെ ഇരുത്തി സ്‌ട്രോളര്‍ തള്ളി പരിശീലനം നടത്തിയിരുന്നത് ഇടയ്ക്ക് മാത്രമാണെന്ന് സിന്തിയ പറയുന്നു. കുട്ടികള്‍ ഉറങ്ങാത്ത സമയം നോക്കിയാണ് അവരെ പരിശീലനത്തിന് കൂടെക്കൂട്ടിയിരുന്നത്. സ്‌ട്രോളറില്‍ ഇരുന്ന് അമ്മക്കൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുമ്പോള്‍ സമീപത്തുകൂടി പോകുന്ന സൈക്കിള്‍ യാത്രക്കാരോട് സംസാരിക്കുന്നതായിരുന്നു കുട്ടികളുടെ വിനോദം. 

Content highlights; Cynthia Arnold runs marathon pushing triple stroller with kids on board sets new Guinness World Record