രോടും മിണ്ടാനാകില്ല.. ആരുപറയുന്നതും കേള്‍ക്കാനും കഴിയില്ല... ജീവിതം നിശ്ശബ്ദമാണെങ്കിലും കൊറോണക്കാലത്ത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോട് സംസാരിക്കുകയാണ് എം. നിഷ; പാലക്കാട് ജില്ലാ ആശുപത്രി മൈക്രോബയോളജി ലാബിലെ അസിസ്റ്റന്റ്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലെങ്കിലും പരിമിതികളെ വകവെക്കാതെ ഭീതിയുടെ നാളുകളെ മൗനമായി നേരിടുകയാണിവര്‍.

രോഗികളുടെ രക്തവും കഫവുമൊക്കെ പരിശോധിക്കുന്ന ലാബില്‍ ഒന്നരമാസം മുമ്പാണ് പാലക്കാട് യാക്കര സ്വദേശി നിഷ ജോലിയില്‍ പ്രവേശിച്ചത്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയായിരുന്നു നിയമനം. രോഗികളെത്തിക്കുന്ന രക്തം പരിശോധനയ്ക്കയച്ചശേഷം ഉപകരണങ്ങളെല്ലാം വൃത്തിയാക്കി സ്റ്റെറിലെയ്സ് ചെയ്‌തെടുക്കുന്ന ജോലിയാണ് ഇവരുടേത്. കൊറോണക്കാലമായതോടെ വീട്ടുകാര്‍ അവധിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ദുരിതകാലത്ത് തന്നെക്കൊണ്ട് ആവുന്ന സേവനമെങ്കിലും നടത്തണമെന്ന ആഗ്രഹമായിരുന്നു തീരുമാനത്തിനുപിന്നില്‍.

nisha
നിഷ

ഒമ്പതാംവയസ്സില്‍ ന്യുമോണിയ പിടിപെട്ടാണ് നിഷയ്ക്ക് കേള്‍വിശക്തി നഷ്ടമായത്. അതോടെ സംസാരശേഷിയും ഇല്ലാതായി. പിന്നീട് യാക്കര ശ്രവണസംസാര സ്‌കൂളിലായിരുന്നു പഠനം. ഇതിനിടെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പാസായി. ചുണ്ടുകളുടെ അനക്കം മനസ്സിലാക്കിയും ആംഗ്യങ്ങള്‍ നോക്കിയുമാണ് നിഷ കാര്യങ്ങള്‍ തിരിച്ചറിയുന്നത്.

അടുത്തുപരിചയമുള്ളവര്‍ക്ക് നിഷ പറയുന്നതെല്ലാം മനസ്സിലാക്കാനാവും. അല്ലാത്തവരോട് പേപ്പറില്‍ എഴുതിനല്‍കും. കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റായ നിഷയുടെ ഭര്‍ത്താവ് ഉണ്ണിപ്രസാദിനും കേള്‍വിശക്തിയില്ല. ഇവരുടെ മകന്‍ റോഷന്‍ നാലാംക്ലാസിലാണ് പഠിക്കുന്നത്. ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ദാസും അമ്മ ലതയും സഹോദരി സ്മിതയും (വിക്ടോറിയ കോളേജ് ഇംഗ്ലീഷ് അധ്യാപിക) നിഷയ്ക്ക് പിന്തുണയുമായുണ്ട്.

Content Highlights: Covid19 Palakkad Woman have deafness working in hospital