2
image:dailymirror

'

അത്രമേല്‍ നന്മയുള്ള ഒരാളെ പോലും കണ്ടെത്താന്‍ എനിക്കായില്ല, അത്രമേല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആരെയും ഞാന്‍ കണ്ടെത്തിയില്ല.'-ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍

1960കളുടെ തുടക്കത്തില്‍ ലോകരാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ പ്രൊഫ്യൂമോ കേസിലെ ചാരസുന്ദരി. ചരിത്രം സമ്മാനിച്ചതോ നൂറ്റാണ്ടിന്റെ വിവാദനായിക എന്ന വിശേഷണം. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലറിനെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത് സമാനതകളില്ലാത്ത വിവാദ അധ്യായം എന്ന് തന്നെ!!

3
image:dailymirror

ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ 1942ലായിരുന്നു ക്രിസ്റ്റീന്‍ കീലറുടെ ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ചു. ദാരിദ്ര്യത്തോട് പടവെട്ടിയുള്ള ജീവിതമായിരുന്നു പിന്നീട് കീലറിന്റെ കുടുംബത്തിന്റേത്. പതിനഞ്ചാം വയസ്സില്‍ കീലര്‍ മോഡലിങ് രംഗത്തേക്ക് കടന്നു. പിന്നീട് നിശാക്ലബ്ബിലെ നര്‍ത്തകിയായി.

അതിസുന്ദരിയായ കീലറുടെ ജീവിതം പുതിയ വഴിത്തിരിവിലേയ്‌ക്കെത്തുകയായിരുന്നു. പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന സ്വപ്‌നമായിരുന്നു കീലര്‍. ആ അവസരം കീലര്‍ ആവോളം പ്രയോജനപ്പെടുത്തുകയും ചെയ്തു. നിശാ ക്ലബ്ബില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന തിരുമ്മു ചികില്‍സാ വിദഗ്ധന്‍ സ്റ്റീഫന്‍ വാര്‍ഡുമായി കീലര്‍ അടുപ്പത്തിലായി.

1
image:dailymirror

ആ അടുപ്പം കീലറിന് സമൂഹത്തിലെ പല ഉന്നതരിലേക്കുമുള്ള വഴിയായി. ജോണ്‍ പ്രൊഫ്യൂമോയെ കീലര്‍ പരിചയപ്പെട്ടതും സ്റ്റീഫന്‍ വാര്‍ഡ് വഴി തന്നെ. ബ്രിട്ടനിലെ മാക്‌സ്മില്ലന്‍ മന്ത്രിസഭയിലെ ക്യാബിനെറ്റ് മന്ത്രിയായിരുന്നു പ്രൊഫ്യൂമോ. യുദ്ധകാര്യസെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഇരുവരും തമ്മിലുള്ള  പ്രണയം ക്രമേണ ബ്രിട്ടനിലെ പരസ്യമായ രഹസ്യമായി മാറി. എന്നാല്‍, വിവാഹിതനും മധ്യവയസ്‌കനുമായ പ്രൊഫ്യൂമോ ഒരിക്കലും 19കാരിയായ കീലറുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു സമ്മതിച്ചില്ല.

അതേസമയം തന്നെ ലണ്ടനിലെ സോവിയറ്റ് എംബസിയിലെ മിലിട്ടറി ഉദ്യോഗസ്ഥനുമായും കീലര്‍ പ്രണയത്തിലായി. അതോടെ ശീതയുദ്ധകാലത്തെ പ്രണയം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒന്നായി മാറി. ബ്രിട്ടനിലെ രഹസ്യങ്ങള്‍ കീലറുടെ റഷ്യയിലേക്ക് എത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തി. ഒടുവില്‍ കീലറുമായുള്ള ബന്ധം തുറന്നുസമ്മതിച്ച് കുടുംബത്തോട് മാപ്പപേക്ഷിച്ച പ്രൊഫ്യൂമോ മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന്, വിവാദങ്ങളില്‍ ആടിയുലഞ്ഞ് മാക്മില്ലന്‍ മന്ത്രിസഭയും നിലംപൊത്തി. 

5
image:dailymirror

സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും കേസ് നടത്തിപ്പിനായി കീലര്‍ക്ക് ചെലവഴിക്കേണ്ടി വന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കീലര്‍ക്ക് ആറു മാസം തടവ്ശിക്ഷ ലഭിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കീലര്‍ പുതിയൊരു വ്യക്തിയാവാനുള്ള ശ്രമം ആരംഭിച്ചു.

സ്വന്തം പേരു പോലും കീലര്‍ ഉപേക്ഷിച്ചു. സ്ലൊവേന്‍ എന്ന പേരില്‍ കുറേക്കാലം ജീവിച്ചു. സിനിമാഭിനയത്തില്‍ സജീവമാകാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സൗന്ദര്യം മങ്ങിത്തുടങ്ങിയതോടെ കീലറുടെ പ്രതാപകാലവും അവസാനിച്ചു. ദാരിദ്ര്യവും അസുഖങ്ങളുമായിരുന്നു അവസാനകാലത്ത് കീലറുടെ സമ്പാദ്യം.

4
image:dailymirror

വേശ്യയെന്ന വിളിപ്പേര് സമ്മാനിച്ച നിയമവ്യവസ്ഥയ്ക്ക് താന്‍ പുതിയൊരു ജീവിതം ആരംഭിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് കീലര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും പാപങ്ങള്‍ ഏറ്റെടുത്താണ് തന്‍െ ജീവിതമെന്നും അവര്‍ പറഞ്ഞിരുന്നു. രണ്ട് വട്ടം വിവാഹിതയായെങ്കിലും വേര്‍പിരിയേണ്ടി വന്നു. കീലര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. അമ്മയുടെ ഇരുണ്ട ഭൂതകാലത്തെ വെറുത്ത മക്കള്‍ അവരുമായി അടുപ്പം പുലര്‍ത്താന്‍ താല്പര്യപ്പെട്ടുമില്ല.

1989ല്‍ കീലറുടെ വിവാദപ്രണയവും ജീവിതവും വെള്ളിത്തിരയിലെത്തി. ബോളിവുഡ് നടി ഹൊവാന്‍ വാലി ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കി.