"എനിക്ക് അഭിമാനിക്കാന്‍ വക നല്കുന്ന ഒന്നിനെ ഞാന്‍ എന്തിന് മറച്ചുവയ്ക്കണം?" അര്‍ബുദത്തെത്തുടര്‍ന്ന് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വന്ന മരിയാന മില്‍വാര്‍ഡ് മുറിവുണങ്ങിയ തന്റെ മാറിടം തുറന്നുകാട്ടി ഇങ്ങനെ ചോദിക്കുമ്പോള്‍ ലോകത്തിന് നിശ്ശബ്ദമായേ പറ്റൂ. കാരണം, മരിയാന തുറന്നുകാട്ടുന്നത്  വിധിയെ വെല്ലുവിളിച്ച് അവള്‍ നേടിയ വിജയത്തെയാണ്!!

2009ലാണ് 24കാരിയായ മരിയാനയ്ക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗം അതിന്റെ അവസാനഘട്ടത്തിലായതിനാല്‍ രക്ഷപ്പെടാന്‍ നൂറിലൊരംശം പോലും സാധ്യതയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എന്നിട്ടും ചികിത്സയില്‍ മരിയാന വിശ്വാസമര്‍പ്പിച്ചു. കീമോതെറാപ്പിയും ശസ്ത്രക്രിയയുമെല്ലാം അവള്‍ക്ക് അത്രമേല്‍ പേടിയുള്ളതായിരുന്നിട്ടും ഓരോ വട്ടവും ജീവിതം തിരികെ നല്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ച് ആ പേടിയെ അവള്‍ മറികടന്നു. ഇരുസ്തനങ്ങളും ശസ്ത്രക്രിയിയിലൂടെ നീക്കം ചെയ്യുമ്പോഴും ഡോക്ടര്‍മാര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല മരിയാന ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന്.

mariana
photo:robsoncoelho/catersnews

പക്ഷേ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഫീനിക്‌സ് പക്ഷിയെപ്പോലെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് അന്ന് മുതല്‍ അവള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സ്തനങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്ന സ്ത്രീകളോട് തളരരുതെന്ന് ആശ്വസിപ്പിച്ചു. പ്രചോദനമേകുന്ന വാക്കുകളിലൂടെ അര്‍ബുദത്തിനെതിരെ അവള്‍ പോരാടാന്‍ തുടങ്ങി.

തന്റെ ശരീരത്തിലെ മുറിവ് തുറന്നുകാട്ടാനുള്ള തീരുമാനം മറ്റുള്ളവരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നുണ്ടായതായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാനായാല്‍ തന്റെ മുറിവ് തുറന്നുകാട്ടി മറ്റുള്ളവരെ ശക്തരാക്കുമെന്ന് ദൈവത്തോട് ചെയ്ത പ്രതിജ്ഞ നിറവേറ്റുകയാണ് ഇന്ന് ഈ 33കാരി.

പള്ളികള്‍ കേന്ദ്രീകരിച്ചാണ് മരിയാനയുടെ പ്രഭാഷണങ്ങള്‍. തന്റെ അനുഭവം വിവരിച്ച് അവള്‍ അര്‍ബുദത്തെ ഭയക്കേണ്ടതില്ലെന്ന് മറ്റുള്ളവരോട് പറയും. സ്തനങ്ങള്‍ മുറിച്ചുമാറ്റിയാല്‍ അവസാനിക്കുന്നതല്ല ഒരു പെണ്ണിന്റെ സ്വത്വമെന്ന് അവരെ ബോധ്യപ്പെടുത്തും. തന്റെ മുറിവുണങ്ങിയ മാറിടത്തോട് മുഖം തിരിക്കുന്നവര്‍ കുറവാണെന്ന് മരിയാന പറയുന്നു. ചിലര്‍ വൈകാരികമായി പെരുമാറും. മറ്റ് ചിലര്‍ അവളുടെ തീരുമാനത്തോട് സംയമനം പാലിക്കും. മരിയാനയുടെ തുറന്നുകാട്ടലിനോട് പുച്ഛത്തോടെയും അമര്‍ഷത്തോടെയും പ്രതികരിക്കുന്നവരുമുണ്ട്. ശരീരം മറച്ചുകൂടേ എന്നാണ് അവരുടെ ചോദ്യം.

mariana
photo:robsoncoelho/catersnews

പക്ഷേ, അത്തരക്കാരോട് മരിയാനയ്ക്ക് പറയാന്‍ ഒന്നേയുള്ളു. "ജീവിതത്തിലേക്ക് തിരികെവരാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പറയാനും ഞാന്‍ കടന്നുവന്ന ദുരവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും എനിക്കാവുന്നതില്‍ എന്താണ് തെറ്റ്."

അതിശക്തമായ കീമോതെറാപ്പിയുടെ ഫലമായി മരിയാനയ്ക്ക്  ഗര്‍ഭം ധരിക്കാനാവില്ലെന്നായിരുന്നു വൈദ്യശാസ്ത്രം പറഞ്ഞത്. പക്ഷേ,ആ വിധിയെയും അവള്‍ തിരുത്തിയെഴുതി.  അവളൊരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ് ഭയപ്പെട്ട് പിന്‍വലിയാനുള്ളതല്ലെന്ന സന്ദേശം ലോകത്തിന് പകര്‍ന്ന്  ധൈര്യപൂര്‍വം മുന്നോട്ട് നീങ്ങുകയാണ് മരിയാന.