നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പ്രായമായെന്ന്?  നിങ്ങളുടെ വസ്ത്രം, അല്ലെങ്കില്‍ സ്‌റ്റൈല്‍ പ്രായത്തിന് ചേരുന്നതല്ലെന്ന്? ഫാഷന് പ്രായം തടസമല്ലെന്ന് കാട്ടിത്തന്നിരിക്കുകയാണ് ബ്രിട്ടീഷ് മോഡലായ ബോ ഗില്‍ബര്‍ട്ട്. നൂറാം വയസിലാണ് ബോ പ്രശസ്ത ഫാഷന്‍ മാഗസിനായ വോഗിന്റെ മോഡലായി പ്രത്യക്ഷപ്പെട്ടത്.

വോഗിന്റെ പ്രത്യേക ശതാബ്ദി പതിപ്പിലാണ് ബോയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി മോഡലുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച വോഗ് മാഗസിന്റെ ചരിത്രത്തിലാദ്യമായാണ് നൂറ് വയസുള്ള വനിത മോഡലാകുന്നതും. ബ്രിട്ടീഷ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറായ ഹാര്‍വേ നിക്കോള്‍സിന്റെ ഫാഷന്‍ ക്യാംപയിന്റെ ഭാഗമായാണ് ബോ മോഡലിന്റെ വേഷം അണിഞ്ഞത്. പ്രായമായവര്‍ക്കും ഫാഷന്‍ മേഖലയില്‍ തിളങ്ങാനാകുമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു ക്യാംപയിന്റെ ഉദ്ദേശം.

എസ്എസ്16ന്റെ ഏറ്റവും പുതിയ വസ്ത്രങ്ങളാണ് ബോ അണിഞ്ഞിരുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഫില്‍ പൊയിന്ററാണ് ബോയുടെ ചിത്രങ്ങള്‍ ക്യാമറയിലാക്കിയത്. കെല്‍ സ്വാര്‍ട്ട് സംവിധാനം ചെയ്ത രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും ഇതിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.

തന്റെ സമപ്രായക്കാര്‍ വാര്‍ദ്ധക്യത്തില്‍ അവശതകളുമായി വീട്ടില്‍ ചടഞ്ഞിരിക്കുന്ന പ്രായത്തിലാണ് വോഗിന്റെ മോഡലായി ബോ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. എന്റെ പ്രായത്തിലുള്ള മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് ഞാന്‍ ചെയ്തു. ഞാന്‍ എനിക്കായാണ് ഒരുങ്ങിയത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല ബോ പറയുന്നു.