സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും തിരഞ്ഞെടുത്തു.

രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്തു നടപ്പാക്കുന്ന പദ്ധതിയാണ് 'ഭാരത് കി ലക്ഷ്മി'. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ 57-ാമത് എഡിഷനിലാണ് ഭാരത് കി ലക്ഷ്മി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ദീപാവലിക്കു മുന്നോടിയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രചാരണത്തെക്കുറിച്ചുള്ള വീഡിയോ പ്രധാനമന്ത്രി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

''കഴിവ്, നിശ്ചയദാര്‍ഢ്യം, ഉറച്ചതീരുമാനം, സമര്‍പ്പണം എന്നിവ ഇന്ത്യന്‍ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ഈ വീഡിയോയിലൂടെ പി.വി. സിന്ധുവും ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി' ആഘോഷിക്കേണ്ടതിന്റെ സന്ദേശം മികച്ചരീതിയില്‍ പകരുന്നുണ്ട്'' -പ്രധാനമന്ത്രി ട്വീറ്റുചെയ്തു.

പിന്നാലെ പദ്ധതിക്കു പിന്തുണയറിയിച്ച് ദീപികയും സിന്ധുവും ട്വീറ്റുചെയ്തു. ഈ ദീപാവലിയില്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളും നേ ട്ടങ്ങളും ആഘോഷിക്കാമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക പറഞ്ഞു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ സമൂഹം വളരുകയാണെന്നും അവരുടെ നേട്ടങ്ങള്‍ക്കു അഭിമാനത്തിനു ഇടം നല്‍കുന്നുവെന്നും പി.വി. സിന്ധു പറഞ്ഞു.

Content Highlights: Bharat ki Laxmi Deepika Padukone P V Sindhu