ഇന്ത്യയ്ക്ക് മറ്റൊരു പേര് നല്കാന്‍ പറഞ്ഞാല്‍ എന്താവും തിരഞ്ഞെടുക്കുക. ചോദ്യം അര്‍ച്ചന പെരേര എന്ന ബെംഗളൂരുകാരി ആര്‍ക്കിടെക്ടിനോടാണെങ്കില്‍ മറുപടി ഉടനെത്തും. വൈവിധ്യം. നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയെ വിവരിക്കാന്‍ വേറൊരു വാക്കും അനുയോജ്യമല്ലെന്ന ചിന്തയില്‍ നിന്നാണ് അര്‍ച്ചന 100days of incredible india എന്ന തന്റെ പ്രോജക്ടിലെത്തുന്നത്.

archanapereira

നൂറ് ഇന്ത്യന്‍ നഗരങ്ങളുടെ കാരിക്കേച്ചറുകള്‍. അതാണ്  പ്രോജക്ടിലൂടെ അര്‍ച്ചന ലക്ഷ്യമിടുന്നത്. പഠിച്ചത് ആര്‍ക്കിടെക്ചര്‍. ഇഷ്ടം യാത്രകള്‍ ചെയ്യാനും. ഇവ രണ്ടും കൂടി ഒരുമിപ്പിച്ചപ്പോഴാണ് അര്‍ച്ചന ഇന്ത്യന്‍ നഗരങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന മാജിക് തുടങ്ങിയത്. 

archana pereira

 #100daysofincredibleindiabyinktrails എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് പ്രിയപ്പെട്ട ഇന്ത്യന്‍ നഗരങ്ങളുടെ ചിത്രങ്ങള്‍ അര്‍ച്ചന വരച്ചത്. ബെംഗളൂരുവിലെ തിരക്കുള്ള വഴികളും വഴിയരികിലെ ഗുല്‍മോഹര്‍ മരങ്ങളുമായിരുന്നു ആദ്യ സ്‌കെച്ചുകളിലുണ്ടായിരുന്നത്. മികച്ച പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ 100 ദിവസങ്ങള്‍ 100 നഗരങ്ങള്‍ 100 ചിത്രങ്ങള്‍ എന്ന ആശയത്തിലേക്കെത്തി. പക്ഷേ,അത് വിചാരിച്ചതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.

മാസങ്ങള്‍ നീളുന്ന യാത്രകള്‍ക്കിടെ കണ്ണില്‍പ്പതിഞ്ഞ സ്ഥലങ്ങളെ അതേപടി പകര്‍ത്താന്‍ എപ്പോഴും സമയം കിട്ടാതെ വന്നു. അതോടെ 100 ദിവസങ്ങള്‍ എന്ന ഡെഡ്‌ലൈന്‍ ഒഴിവാക്കി. എങ്ങനെയായാലും 100 നഗരങ്ങളെ 100 ചിത്രങ്ങളിലാക്കും എന്ന് ഉറപ്പിച്ചു. നഗരങ്ങളെ മാത്രമല്ല ഗ്രാമഭംഗിയെയും അര്‍ച്ചന കടലാസ്സിലേക്ക് പകര്‍ത്തുന്നുണ്ട്‌.

archana pereira

"നമ്മുടെ രാജ്യം ആര്‍കിടെക്ചറില്‍ വളരെയധികം സാധ്യതകള്‍ കാത്തുവയ്ക്കുന്നുണ്ട്. പുരാതന നഗരങ്ങളിലും കെട്ടിടങ്ങളിലും ആ മനോഹാരിത ഒളിഞ്ഞിരിക്കുന്നു. അവയ്ക്കിടയില്‍ നമുക്കറിയാത്ത എത്രയോ രസകരമായ വസ്തുതകളുണ്ടാവും. അവ ലോകത്തെ അറിയിക്കാനാണ് എന്റെയീ എളിയ ശ്രമം"- അര്‍ച്ചന പറയുന്നു.

archana

ഇങ്ക് ട്രയില്‍സ് എന്ന ലേബലില്‍ വരയ്ക്കുന്ന അര്‍ച്ചനയുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വളരെവേഗം വിറ്റുപോകുന്നവയാണ്. ബെംഗളൂരുവില്‍ അര്‍ച്ചന ആരംഭിച്ച ആര്‍ട് സ്റ്റുഡിയോയിലും ദിവസം ചെല്ലുന്തോറും തിരക്ക് വര്‍ധിക്കുകയാണ്. മൈസൂരിലെ  യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും ഗ്ലാസ്ഗൗ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന്  മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കിയ അര്‍ച്ചനയ്ക്ക് വരയും യാത്രയും ഒരു പോലെ പ്രിയപ്പെട്ടതാണ്. ഹൗറാ പാലം മുതല്‍ കുട്ടനാടന്‍ സൗന്ദര്യം വരെ കാന്‍വാസിലേക്ക് പകര്‍ത്തി അര്‍ച്ചന യാത്ര തുടരുകയാണ്,ഇനിയും കണ്ടിട്ടില്ലാത്ത നാടുകളും അവിടെ കാത്തിരിക്കുന്ന കാഴ്ച്ചകളും തേടി.