സ്‌ഫോടനങ്ങളുടെ ശബ്ദവും പൊട്ടിത്തെറിച്ച് കത്തിച്ചാമ്പലായ മനുഷ്യശരീരങ്ങളുടെ ഗന്ധവുമാണ് അഫ്ഗാനിലെങ്ങും. സ്‌ഫോടനങ്ങളുടെ പര്യായമായി മാറിയൊരു രാജ്യത്തെ സംഗീതത്തിലൂടെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അര്യാന സയ്യിദ് എന്ന പെണ്‍കുട്ടി. അഫ്ഗാനിസ്ഥാന്റെ സ്വന്തം പോപ്പ് ഗായിക. കിമ്മിന്റെ വിദൂര ഛായ, കിം കര്‍ദാഷിയാന്റെ അതേ മുടി അതുകൊണ്ട് തന്നെ അര്യാനയെ ആരാധകര്‍ വിളിക്കുന്ന പേരും അഫ്ഗാന്റെ കിം കര്‍ദാഷിയാനൻ എന്നു തന്നെയാണ്. 

മതമൗലികവാദികളുടെയും യാഥാസ്ഥികരുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് അര്യാന സംഗീത നിശ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അര്യാന കാബൂളില്‍ നടത്തിയ സംഗീത നിശയില്‍ നൂറ് കണക്കിന് ചെറുപ്പക്കാരാനാണ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പങ്കെടുത്തത്.  

കലയ്ക്കും, ആഘോഷങ്ങള്‍ക്കുമെല്ലാം മതമൗലികവാദികളുടെയും, യാഥാസ്തികരുടെയും ഭാഗത്ത് നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന പശ്ചാത്തലത്തിലും നിരവധി യുവതികളാണ് അര്യാനയുടെ സംഗീതനിശ ആസ്വദിയ്ക്കാന്‍ എത്തിയത്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളായിരുന്നു കൂടുതല്‍. അവര്‍ സംഗീതത്തിനൊപ്പം അഫ്ഗാന്‍ പതാകയേന്തി ചുവടുകള്‍ വെച്ചു.

പരമ്പരാഗത നാടോടി ഗാനങ്ങളെ പോപ്പുമായി സംയോജിപ്പിച്ച് അഫ്ഗാനിലെ പ്രധാന ഭാഷയായ ധാരിയിലും പാസ്‌ത്തോയിലുമായിരുന്നു അര്‍യാനയുടെ ഗാനങ്ങള്‍.  

അഫ്ഗാനിലെ ചില വിഭാഗം ആളുകള്‍ സംഗീതത്തിന് എതിരാണ്. ഈദിനും പുതുവര്‍ഷത്തിനും പോലും അഫ്ഗാന്റെ സംഗീതം ആസ്വദിയ്ക്കാനോ ആഘോഷിയ്ക്കാനൊ ആര്‍ക്കും അനുവാദമില്ല. അതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അര്യാന പറയുന്നു. 

നമ്മളെല്ലാവരും മനുഷ്യരാണ് കലകളെ ആഘോഷിയ്ക്കാനും ആസ്വദിയ്ക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. സംഗീത നിശയ്ക്ക് ശേഷം അര്യാന പറയുന്നു. മിര്‍സ ഓലോങ്ങ് ഗ്രാമത്തില്‍ തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംഗീത നിശയില്‍ നിന്നും സമാഹരിച്ച തുക നല്‍കാനാണ് അര്യാനയുടെ തീരുമാനം. 

യൂറോപ്പില്‍ താമസമാക്കിയ അര്യാനയുടെ രൂപമാണ് അഫ്ഗാനില്‍ നിന്നുള്ള എതിര്‍പ്പിനു പ്രധാനകാരണം.  കിം കര്‍ദാഷിയാനോട് രൂപസാദൃശ്യമുള്ള അര്യാനയുടെ ശരീരപ്രകൃതിയ്ക്ക് യഥാസ്ഥികരുടെ ഇടയില്‍ നിന്നും കടുത്ത എതിര്‍പ്പാണുള്ളത്. തലമറയ്ക്കാതെയുള്ള അര്യാനയുടെ ശൈലിയും പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണവും തമൗലികവാദികകളുടെ കണ്ണിലെ കരടാക്കി. അഫ്ഗാന്‍ സ്ത്രീകളുടെ അവകാശവും അവരുടെ പോരാട്ടവുമാണ് അര്യാനയുടെ പാട്ടുകളുടെ മുഖ്യ പ്രമേയം. ഇതും എതിര്‍പ്പുകള്‍ക്ക് ആക്കം കൂട്ടി. 

വിവാദമായ ഒരു ടിവി പരിപാടിയിലെ വിധികര്‍ത്താവായാണ് അര്യാന അഫ്ഗാനിസ്ഥാനില്‍ സുപരിചിതയാകുന്നത്. അഫ്ഗാനില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയില്‍  രാജ്യത്തെ സ്ത്രീകള്‍ക്ക് അത്ര പരിചിതമല്ലാത്ത വസ്ത്രധാരണത്തോടെ എത്തിയ അര്യാന മതമൗലികവാദികളുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയെങ്കിലും, അവളുടെ പോരാട്ടവീര്യവും മാതൃരാജ്യത്തോടുള്ള സ്‌നേഹവും പുരോഗമനപരമായി ചിന്തിയ്ക്കുന്ന യുവതയുടെ മനസിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു.

അര്യാനയുടെ ശബ്ദത്തിനൊപ്പം ചുവടുവെച്ച യുവത്വം അഫ്ഗാനിസ്ഥാന് നല്‍കുന്നത് വലിയൊരു പ്രതീക്ഷയാണ്. ബോംബുകളുടെ ശബ്ദവും പൊട്ടിച്ചിതറിയ മനുഷ്യശരീരങ്ങളും, നിലവിളികളും ഇല്ലാത്ത നല്ലൊരു നാളെ. അതുകൊണ്ട് തന്നെ അഫ്ഗാന്റെ കര്‍ദാഷിയാന്‍ പാടട്ടെ...