തന്റെ തലമുറയിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തുറ്റ നേതാവെന്ന നേട്ടം സ്വന്തമാക്കിയാണ് ആംഗേല മെര്‍ക്കല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് പടിയിറങ്ങുന്നത്. മെര്‍ക്കലിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് സെപ്റ്റംബര്‍ 26-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഉത്തരം ലഭിക്കും. അതിനായി ഉറ്റുനോക്കുകയാണ് ലോകം. 2005-ന് ശേഷം ആംഗല മെര്‍ക്കല്‍ മത്സരരംഗത്തില്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പിനാണ് ജര്‍മനി ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.
 
തുടര്‍ച്ചയായി നാലുതവണ ജര്‍മന്‍ ചാന്‍സലര്‍ പദവിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയെന്ന നേട്ടം മെര്‍ക്കലിനു സ്വന്തം. ഒട്ടേറെ വിമര്‍ശകരുണ്ടെങ്കിലും ഒരു നേതാവെന്ന നിലയില്‍ സ്ഥിരതയുടെയും യോജിപ്പിന്റെയും കൂടിയാലോചനയുടെയും മികച്ച ഉദാഹരണമാണ് അവര്‍. പ്രതിസന്ധികളും ആരോപണങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനും മാതൃകയാണവര്‍. 

ലോകവും യൂറോപ്യന്‍ യൂണിയനും വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ജര്‍മനിയിലെ വരുന്ന തലമുറയ്ക്കു കൂടി ഇടമുണ്ടാക്കി കൊടുത്തിട്ടാണ് തന്റെ 67-ാം വയസ്സില്‍ മെര്‍ക്കല്‍ പടിയിറങ്ങുന്നത്. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, യു.എസ്., റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെല്ലാം അവര്‍ അഭിമുഖീകരിച്ച വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു. 

Angela Merkal and Emmanuel Macron
ആംഗല മെർക്കലും ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും(ഫയൽ ചിത്രം) | Photo: A.F.P.

16 വര്‍ഷം നീണ്ട ഭരണകാലയളവില്‍ അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ നേതാക്കള്‍ വരുകയും പോകുകയും ചെയ്തു. ഇക്കാലഘട്ടത്തിനിടയില്‍ എട്ട് ജാപ്പനീസ് പ്രധാനമന്ത്രിമാര്‍, ഏഴ് ഇറ്റാലിയന്‍ പ്രധാനമന്ത്രിമാര്‍, അഞ്ച് യു.കെ. പ്രധാനമന്ത്രിമാര്‍, നാല് യു.എസ്. പ്രസിഡന്റുമാര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ മെര്‍ക്കലിനു കഴിഞ്ഞു. 

അതേസമയം, രാഷ്ട്രീയ പ്രതിയോഗികള്‍ മെര്‍ക്കലിനെ തരംതാഴ്ത്തുകയുണ്ടായി. രാഷ്ട്രീയത്തില്‍ മെര്‍ക്കലിന് പരിചയസമ്പത്തില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഉത്തരവാദിത്വത്തിന്റെയും വിശ്വാസ്യതയുടെയും മികച്ച മാതൃകയായി വളരെ കുറഞ്ഞകാലത്തിനുള്ളില്‍ മെര്‍ക്കല്‍ ശ്രദ്ധനേടി. കൂടാതെ, വനിതാ നേതാവെന്ന പേരും പെരുമയും അവര്‍ നേടിയെടുത്തു. 
തന്റെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെ സ്വന്തമായ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ആദ്യ ജര്‍മന്‍ ചാന്‍സലര്‍ എന്ന അവകാശവാദവും മെര്‍ക്കലിന് ഉന്നയിക്കാം. 

ജര്‍മനിയിലെ സ്ത്രീ വോട്ടര്‍മാരും സാമ്പത്തിക വിദഗ്ധരും ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടര്‍മാരും മെര്‍ക്കലിന്റെ പാര്‍ട്ടിയുടെ നയങ്ങളേക്കാളുപരി അവരോടുള്ള താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് വോട്ട് ചെയ്തത്. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളിലൊരാളാണ് മെര്‍ക്കലെന്ന് ചിലര്‍ അവരെ വിശേഷിപ്പിക്കുന്നുണ്ട്. 

Merkel

സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കല്‍, സൗഹൃദപരമായ കുടിയേറ്റ നയങ്ങള്‍ എന്നിവയിലൂടെ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മെര്‍ക്കല്‍ വിലയിരുത്തപ്പെടുന്നത്. മെര്‍ക്കലിന്റെ കീഴില്‍ യൂറോപ്യന്‍ യൂണിയനില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം ജര്‍മനി നേടിയെടുത്തു. 

അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് 2045 ആകുമ്പോഴേക്കും ജര്‍മനി പൂജ്യത്തിലെത്തിക്കുമെന്ന(കാര്‍ബണ്‍ ന്യൂട്രാലിറ്റി) മെര്‍ക്കലിന്റെ തീരുമാനവും ശ്രദ്ധയാകര്‍ഷിച്ചു. അഭയാര്‍ഥികള്‍ക്ക് അഭയമൊരുക്കിയതിലൂടെ അതിര്‍ത്തി പ്രതിസന്ധി ഭംഗിയായി കൈകാര്യം ചെയ്തതില്‍ അന്താരാഷ്ട്രതലത്തില്‍ മെര്‍ക്കല്‍ പുകഴ്ത്തപ്പെട്ടു. 

പടിഞ്ഞാറാന്‍ ജര്‍മനിയിലെ ബാംബര്‍ഗില്‍ 1954 ജൂലായ് 17-നാണ് മെര്‍ക്കലിന്റെ ജനനം. 1977-ല്‍ അല്‍റിച്ച് മെര്‍ക്കലിനെ വിവാഹം ചെയ്തുവെങ്കിലും 1982-ല്‍ അവര്‍ ബന്ധം വേര്‍പ്പെടുത്തി. 1998-ല്‍ ക്വാണ്ടം കെമിസ്റ്റായ ജൊവാഷിം സോസറിനെ വിവാഹം ചെയ്തു.

Content highlights: angela merkel departs she leaves a great legacy of leadership