ഫാഷൻ മാ​ഗസിനുകളുടെ കവർ ചിത്രങ്ങളിൽ നടിമാരും മോഡലുകളും മാത്രം നിറഞ്ഞ കാലമൊക്കെ കഴിഞ്ഞു. ഇന്ന് സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ പ്രതിഭകളായവരെല്ലാം മാ​ഗസിനുകളുടെ കവറിൽ നിറയാറുണ്ട്. കേരളത്തിന്റെ മുൻ ആരോ​ഗ്യമന്ത്രി ഷൈലജ ടീച്ചറും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും മലാല യൂസഫ്സായിയുമൊക്കെ മാ​ഗസിൻ കവറുകളുടെ മോഡലായിരുന്നു. ഇപ്പോഴിതാ വോ​ഗ് മാ​ഗസിന്റെ പുതിയ കവർചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. 

സിരിഷ ബാന്ദ്ല എന്ന പെൺകുട്ടിയാണ് ഇക്കുറി വോ​ഗിന്റെ കവർ‌ചിത്രമായത്. ആന്ധ്ര സ്വദേശിയായ സിരിഷ എയറോനോട്ടിക്കൽ എഞ്ചിനീയറാണ്. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കനും എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയ മുപ്പത്തിയഞ്ചുകാരിയാണ് സിരിഷ.

പുരുഷാധിപത്യത്തിൽ വാഴുന്ന എയറോനോട്ടിക്സ് മേഖലയുടെ ഭാ​ഗമാകണമെന്ന് കുട്ടിക്കാലം തൊട്ടേ സ്വപ്നം കണ്ടിരുന്നുവെന്ന് സിരിഷ പറയുന്നു. തന്നെക്കുറിച്ച് അറിഞ്ഞ് പല സ്ത്രീകളും ഇന്ത്യയിൽ നിന്ന് ആശംസകൾ അറിയിക്കുകയുണ്ടായി. തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ പ്രതിബന്ധങ്ങളെ മറികടന്ന് നേടിയെടുത്ത പെൺകുട്ടിയായാണ് പലരും തന്നെ കാണുന്നതെന്നും സിരിഷ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VOGUE India (@vogueindia)

ബഹിരാകാശ യാത്രികയായിരുന്ന കൽപന ചൗളയായിരുന്നു തന്റെ റോൾ‌ മോഡൽ എന്നും സിരിഷ പറയുന്നു. ഭൗമമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് കൽപനയും സംഘവും സഞ്ചരിച്ച പേടകം പൊട്ടിത്തെറിക്കുകയായിരുന്നു. കൽപന മരിക്കുന്ന സമയത്ത് സിരിഷയുടെ പ്രായം പതിനഞ്ചായിരുന്നു. അന്നുമുതൽക്കേ സിരിഷയുടെ മനസ്സിൽ ബഹിരാകാശ യാത്രയെന്ന സ്വപ്നവുമുണ്ടായിരുന്നു. ഇന്റർനെറ്റിലൂടെയാണ് താൻ കൽപനയെക്കുറിച്ച് കൂടുതൽ പഠിച്ചതെന്ന് സിരിഷ പറയുന്നു. 

ജൂലൈ 2021ന് യൂണിറ്റി 22 സ്പൈസ്ഫ്ളൈറ്റിന്റെ ബഹിരാകാശ യാത്രയാണ് സിരിഷയ്ക്ക് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്. വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തിലുള്‍പ്പെട്ടയാളായിരുന്നു സിരിഷ. കല്‍പന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുന്‍പ് ബഹിരാകാശത്തെത്തിയ ഇന്ത്യന്‍ വംശജരായ വനിതകള്‍

ചിരാല സ്വദേശിയായ സിരിഷയുടെ അച്ഛൻ മൈക്രോബയോളജിസ്റ്റ് ആയിരുന്നു. പിഎച്ച്ഡി പഠനത്തിനുവേണ്ടിയാണ് സിരിഷയും കുടുംബവും യു.എസിലേക്ക് പറക്കുന്നത്. തന്റെ പഠനമോഹങ്ങൾ പങ്കുവെച്ചപ്പോൾ തടസ്സമില്ലാതെ കൂടെനിന്ന കുടുംബമാണ് എല്ലാ വിജയങ്ങൾക്കും പിന്നിലെന്ന് സിരിഷ പറയുന്നു.

യുഎസിലെ പര്‍ഡ്യു സര്‍വകലാശാലയില്‍നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ സിരിഷ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് എംബിഎയും സ്വന്തമാക്കി. പിന്നീട് ടെക്‌സസില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറായും കൊമേഴ്‌സ്യല്‍ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനില്‍ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി ചെയ്തു. 2015 ലാണ് വെര്‍ജിന്‍ ഗലാക്റ്റിക്കില്‍ ചേര്‍ന്നത്. 

Content Highlights: Andhra’s Sirisha Bandla Who Is The 2nd India-Born Woman To Fly To Space Graces Vogue Cover