തീഹാര്‍ ജയില്‍, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തടവുകേന്ദ്രം. കൊടുംകുറ്റവാളികള്‍ ഉള്‍പ്പടെ നിരവധി തടവുകാര്‍ പാര്‍ക്കുന്നയിടം. 

തീഹാര്‍ ജയിലിന്റെ പടിചവിട്ടുമ്പോള്‍ 22 വയസ്സാണ് മധുമിതയ്ക്ക് പ്രായം. ഭയത്തേക്കാള്‍ ജിജ്ഞാസയായിരുന്നു മധുമിതയെ അപ്പോള്‍ ഗ്രസിച്ചിരുന്നത്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ആ വര്‍ഷം ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ച നിര്‍ഭയകേസായിരുന്നു തീഹാര്‍ ജയിലേക്കുള്ള വഴിതിരയാന്‍ മധുമിത പാണ്ഡെ എന്ന 22-കാരിയെ പ്രേരിപ്പിച്ചത്. 

മധുമിതയെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ തന്നെ ബലാത്സംഗത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകളിലേക്ക് നയിച്ചത് നിര്‍ഭയയാണ്. താന്‍ ജനിച്ചു വളര്‍ന്ന ഡെല്‍ഹിയെ മറ്റൊരു കണ്ണില്‍ നോക്കിക്കാണാന്‍ മധുമിതയില്‍ നിര്‍ഭയ സമ്മര്‍ദ്ദം ചെലുത്തി. എന്തുകൊണ്ടായിരിക്കും അവര്‍ ഇപ്രകാരം ചെയ്യുന്നത് ചെകുത്താന്മാര്‍ക്കല്ലാതെ മനുഷ്യര്‍ക്കാര്‍ക്കെങ്കിലും ഇപ്രകാരം ചെയ്യാനാകുമോ? തീഹാറില്‍ കഴിയുന്ന ബലാത്സംഗക്കുറ്റവാളികളെ കാണണം നേരിട്ട് അവരോട് തന്നെ ചോദിച്ചറിയണം എന്തുസാഹചര്യമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് അവരെ തള്ളിവിട്ടതെന്ന്, ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന്.. ഉത്തരങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുന്നത് അത് ചെയ്തവര്‍ക്ക് തന്നെയായിരിക്കുമല്ലോ? മധുമിത കരുതി. 

തീഹാറിലേക്കുള്ള മധുമിതയുടെ യാത്ര തുടങ്ങുന്നത് 2013-ലാണ്. ദിവസങ്ങളും ആഴ്ചകളും അവള്‍ അവിടെ പിന്നിട്ടു. ഇതിനിടയില്‍ മൂറു കുറ്റവാളികളുമായി സംവദിച്ചു. കണ്ടവരില്‍ ബഹുഭൂരിപക്ഷം പേരും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. ഹൈസ്‌കൂളിന്റെ പടിയെങ്കിലും കണ്ടിട്ടുളളവര്‍ വിരളം. മൂന്നിലോ നാലിലോ പഠനം നിര്‍ത്തിയവരായിരുന്നു ഏറിയവരും. 

'ചെകുത്താന്മാരാണെന്ന മുന്‍ധാരണയോടെയാണ് അവരെ കാണാന്‍ ഞാന്‍ ചെല്ലുന്നത്. പക്ഷേ അവരോട് സംസാരിക്കും തോറും അവരും സാധാരണമനുഷ്യന്മാരാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവരെ ഇത്തരമൊരു തെറ്റിലെത്തിച്ചത് വളര്‍ന്ന സാഹചര്യവും അവരുടെ ചിന്താധാരകളുമായിരുന്നു.' മധുമിത പറയുന്നു. ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്തത്തിന്റെ ഏറ്റവും അപകടകരമായ പരിണാമം മാത്രമാണ് അവര്‍. 

വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ പോലും സ്ത്രീകള്‍ ഇന്നും ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നത് അതേ, കേള്‍ക്കൂ, കുട്ടികളുടെ അച്ഛന്‍, അച്ഛന്‍ എന്നെല്ലാമാണ്. അവര്‍ കുടുംബത്തില്‍ പോലും ഇടപെടലുകള്‍ നടത്തുന്നില്ല. അനുസരിക്കുന്നേയുള്ളൂ..ഇതെല്ലാം കണ്ടുംകേട്ടും വളരുന്ന കുട്ടികളുടെ മനസ്സിലും ഈ ചിന്തകള്‍ അടിയുറക്കും. ആണ്‍കുട്ടികള്‍ മേധാവിത്വമുള്ളവരാണ് തങ്ങളെന്ന തെറ്റായ ധാരണയിലും പെണ്‍കുട്ടികള്‍ തങ്ങള്‍ വിധേയത്വം പാലിക്കേണ്ടവരാണെന്ന വിശ്വാസത്തിലും വളരും. ഒരു പെണ്‍കുട്ടിക്ക് നേരെ ഹീനമായ ലൈംഗികാതിക്രമം നടത്തുന്നവനും വളരുന്നത് ഇതേ ചിന്തകളുള്ള സമൂഹത്തിലാണ് അല്ലാതെ അവര്‍ അന്യഗ്രഹജീവിയൊന്നുമല്ല. അതിക്രമങ്ങളുടെ കാരണം തേടിപ്പോയ മധുമിത ചെന്നെത്തിയത് ഈ നിഗമനത്തിലാണ്. ചുരുക്കത്തില്‍ ഇത്തരം കുറ്റവാളിയെ സൃഷ്ടിച്ചതില്‍ നാം തന്നെയാണ് ഉത്തരവാദിയെന്ന് മധുമിത പറഞ്ഞുവെയ്ക്കുന്നു. 

സംസാരിച്ചാല്‍ അവരോട് നമുക്ക് സഹതാപം മാത്രമേ തോന്നു. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാകുന്നില്ല. സമ്മതം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ് അവര്‍.

ഇന്നും ലൈംഗികവിദ്യാഭ്യാസത്തെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ ലജ്ജിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലിംഗം, യോനി, ബലാത്സംഗം, ലൈംഗികത എന്നൊക്കെ ഉച്ചരിക്കാന്‍ മടിക്കുന്നവരാണ് രക്ഷിതാക്കള്‍. പിന്നെ എങ്ങനെയാണ് വളര്‍ന്ന് വരുന്ന തലമുറയോട് ഇതേകുറിച്ച് ആശയവിനിമയം നടത്താനാകുക. മധുമിതയുടെ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നമ്മിലേക്ക് തന്നെയാണ്. 

മധുമിത കണ്ട നൂറുപേരില്‍ പലതരക്കാരുണ്ട്. അവരില്‍ ചിലര്‍ തങ്ങള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ നൂറുകാരണങ്ങള്‍ നിരത്തി, പലരും ബലാത്സംഗമാണ് നടന്നതെന്ന കാര്യം നിരാകരിച്ചു, കാരണം അവര്‍ക്ക് സമ്മതമെന്തെന്നറിയില്ലല്ലോ? മറ്റുചിലര്‍ കുറ്റം ഇരയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചത്. സ്വന്തം ചെയ്തിയെ ന്യായീകരിച്ചവരും നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. 

അവരില്‍ ഒരാളെ ഇന്നും മധുമിത വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ഒരു 49-കാരനെ. അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തതിനാണ് അയാള്‍ ശിക്ഷ അനുഭവിക്കുന്നത്. അയാള്‍ മധുമിതക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തി,' എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട്, അവളുടെ ജീവിതം ഞാന്‍ നശിപ്പിച്ചു. അവള്‍ കന്യകയല്ലാതായിരിക്കുന്നു, ആരും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകില്ല. പക്ഷേ എനിക്ക് അവളെ ഉള്‍ക്കൊള്ളാനാകും..ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവളെ ഞാന്‍ വിവാഹം കഴിക്കും!' ഈ മറുപടി അലോസരപ്പെടുത്തുന്നത് പാണ്ഡെയെ മാത്രമല്ല, നമ്മുടെ മന:സാക്ഷിയെ കൂടിയാണ്..ഇത്തരം ചിന്തകളുള്ള ഒരു സമൂഹത്തിന്റെ ഭാഗമാണല്ലോ നമ്മളും!!


Courtesy: The Washington Post