കൊറോണ വൈറസിനെ തുരത്താന്‍ ഓരോ മേഖലയിലുമുള്ളവര്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ പരിശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ പ്രായം വകവെക്കാതെ കൊറോണയ്ക്കെതിരേ പോരാടുന്ന ഒരു സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പഞ്ചാബില്‍ നിന്നുള്ള ഗുര്‍ദേവ് കൗര്‍ ധാലിവാല്‍ ആണ് മാസ്‌ക് നിര്‍മാണത്തില്‍ സജീവയായി കൊറോണ പോരാട്ടത്തില്‍ പങ്കാളിയായിരിക്കുന്നത്. 

തൊണ്ണൂറ്റിയെട്ടുകാരിയായ ഈ മുത്തശ്ശി പ്രായത്തിന്റെ ആവലാതികളൊന്നുമില്ലാതെയാണ് തന്റെ മാസ്‌ക് നിര്‍മാണത്തില്‍ മുഴുകിയിരിക്കുന്നത്. അതിരാവിലെ  എഴുന്നേല്‍ക്കുന്ന ഗുര്‍ദേവ് അധികം വൈകാതെ തന്നെ തന്റെ പഴയ തയ്യല്‍ മെഷീനു മുന്നിലിരിക്കും. കൊറോണക്കാലത്ത് സ്വയം സംരക്ഷിക്കാന്‍ മാസ്‌ക്കുകള്‍ വാങ്ങാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കു വേണ്ടിയാണ് ഗുര്‍ദേവ് മുത്തശ്ശിയുടെ പ്രയത്‌നം.

രാവിലെ എട്ടുമണിക്കു തുടങ്ങിയാല്‍ വൈകുന്നേരം നാലുവരെയെങ്കിലും താന്‍ മാസ്‌ക്കുകള്‍ തുന്നുമെന്നാണ് ഗുര്‍ദേവ് പറയുന്നത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഗുര്‍ദേവ് മുത്തശ്ശി. ഊന്നുവടിയില്ലാതെ നടക്കാന്‍ കഴിയാത്തതും ഒരു കണ്ണിലെ കാഴ്ച്ച അല്‍പം മങ്ങിയതുമൊന്നും മുത്തശ്ശിയെ തന്റെ കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. 

ഗ്രാമത്തിലെ പച്ചക്കറി കച്ചവടക്കാര്‍ മാസ്‌ക് ധരിക്കാതെ നടക്കുന്നതു കണ്ടപ്പോഴാണ് അവര്‍ക്ക് അതു വാങ്ങാന്‍ നിര്‍വാഹമില്ലെന്നു പറയുന്നത്, ഇതോടെയാണ് അമ്മ അവര്‍ക്കു വേണ്ടി മാസ്‌ക് തുന്നാന്‍ തീരുമാനിച്ചത്- ഗുര്‍ദേവിന്റെ മകള്‍ അമര്‍ജിത് പറയുന്നു. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഗുര്‍ദേവിനെ അഭിനന്ദിച്ച് രംഗത്തെത്തി. പഞ്ചാബിലെ കരുത്തയായ കൊറോണ പോരാളിയാണ് ഗുര്‍ദേവ് എന്നും ഇത്തരത്തിലുള്ള ആത്മാര്‍പ്പണം എത്ര കരുത്തരാണ് തങ്ങളെന്നു തെളിയിക്കുന്നുവെന്നും ഏതു വെല്ലുവിളിയെയും തരണം ചെയ്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം കുറിച്ചു. 

Content Highlights: 98-Year-Old From Punjab Stitching Mask For People In Need