ജീവിതത്തിലെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിന് പ്രായം ഒരു ഘടകമല്ലെന്നു തെളിയിച്ച മുത്തശ്ശിയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഭജന്‍ കൗര്‍. തൊണ്ണൂറ്റിനാലാം വയസ്സിലും ചുറുചുറുക്കോടെ തനിക്കേറ്റവും പ്രിയപ്പെട്ട ബര്‍ഫിയുണ്ടാക്കി വിജയം നേടിയിരിക്കുകയാണ് ഹര്‍ഭജന്‍. ഇപ്പോഴിതാ താന്‍ തൊണ്ണൂറുകളില്‍ വിശ്രമിക്കാതെ സംരംഭകയാകാന്‍ തീരുമാനിച്ച അവസരം വ്യക്തമാക്കുകയാണ് ഹര്‍ഭജന്‍. 

അടുത്തിടെയാണ് ഹര്‍ഭജന്റെ മധുരപലഹാര സംരംഭം വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും മുത്തശ്ശിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ട്ട് അപ്പ് എന്നു കേള്‍ക്കുമ്പോള്‍ സിലിക്കണ്‍ വാലിയിലെയും ബെംഗളൂരുവിലെയുമൊക്കെ കോടികളുടെ ബിസിനസ് നടത്തുന്ന ലക്ഷക്കണക്കിനു പേരുടെ മുഖം മനസ്സില്‍ തെളിയാറുണ്ട്, ഇന്നുതൊട്ട് സ്റ്റാര്‍ട്ട്അപ് തുടങ്ങാന്‍ പ്രായം തടസ്സമല്ലെന്നു തെളിയിച്ച ഈ തൊണ്ണൂറ്റിനാലുകാരി കൂടി അതിലിടം നേടണം. അവരാണ് എന്റെ ഈ വര്‍ഷത്തെ മികച്ച സംരംഭക-എന്നു കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഹര്‍ഭജന്റെ വാര്‍ത്ത പങ്കുവച്ചത്. 

ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്​സ്ബുക്ക് പേജിലൂടെ തന്റെ ജീവിതാനുഭവം പങ്കുവെക്കുകയാണ് ഹര്‍ഭജന്‍ കൗര്‍. 

ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്...

നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് തൊണ്ണൂറു വയസ്സായ സമയത്താണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ഒരു രൂപ പോലും സമ്പാദിച്ചില്ലല്ലോ എന്നു ചിന്തിക്കുന്നത്. എന്റെ ജീവിതകാലം മുഴുവന്‍ വീടും കുടുംബവുമൊക്കെ നോക്കി കഴിയലായിരുന്നു. കുട്ടികള്‍ സ്‌കൂളിലും ഭര്‍ത്താവ് ജോലിസ്ഥലത്തുമാവുമ്പോള്‍ പുതിയ റെസിപ്പികള്‍ പരീക്ഷിക്കലായിരുന്നു എന്റെ വിനോദം. അത്രത്തോളം എനിക്കിഷ്ടമായിരുന്നു പാചകം. പക്ഷേ എനിക്ക് എണ്‍പത്തിനാലു വയസ്സായ സമയത്താണ് ഭര്‍ത്താവ് മരിക്കുന്നത്, മക്കളും കൂടെയില്ലാതിരുന്നപ്പോള്‍ എനിക്കൊറ്റപ്പെടല്‍ അനുഭവപ്പെട്ടു തുടങ്ങി. 

പിന്നീട് മകള്‍ക്കൊപ്പം ജീവിതം ആരംഭിച്ചതോടെ എനിക്കെന്തെങ്കിലും ചെയ്യണം എന്ന് അവളോടു പറഞ്ഞു. പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും പറഞ്ഞു. അതോടെ സമീപത്തുള്ള മാര്‍ക്കറ്റില്‍ അച്ചാറും ബര്‍ഫിയും തയ്യാറാക്കി വില്‍ക്കാമെന്ന് മകള്‍ പറഞ്ഞു. വൈകാതെ അവിടെ എന്റെ സ്റ്റാളൊരുക്കി. എല്ലാം വേഗത്തില്‍ വിറ്റഴിഞ്ഞുപ്പോയി. ആദ്യദിവസം എട്ടു ബോക്‌സ് ബര്‍ഫി വിറ്റപ്പോള്‍ കിട്ടിയത് 2000 രൂപയാണ്. എന്റെ കണ്ണുകള്‍ നിറഞ്ഞുതൂവുകയായിരുന്നു. തൊണ്ണൂറുവയസ്സിനിടയ്ക്കുള്ള എന്റെ ആദ്യത്തെ ശമ്പളമായിരുന്നു അത്. 

അധികം താമസിയാതെ നഗരത്തില്‍ മുഴുവന്‍ എന്റെ ബര്‍ഫിയെക്കുറിച്ച് പാട്ടായി, പലര്‍ക്കും അതു കഴിക്കുമ്പോള്‍ കുട്ടിക്കാലം ഓര്‍മ വരുന്നുവെന്നു പറഞ്ഞു. അങ്ങനെ എന്റെ കൊച്ചുമകള്‍ വ്യത്യസ്തമായി ബോക്‌സ് ഡിസൈന്‍ ചെയ്തു തന്നു. 'സ്‌നേഹത്തോടെ ഹര്‍ഭജന്‍, കുട്ടിക്കാലത്തെ ഓര്‍ക്കാം' എന്നായിരുന്നു അത്. ആ വര്‍ഷത്തിനുശേഷം പിന്നീടെല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്. പത്രങ്ങളിലും മറ്റും എന്നെക്കുറിച്ച് എഴുത്തുകള്‍ വന്നുതുടങ്ങി. അഞ്ചുമാസം മുമ്പ് ആനന്ദ് മഹീന്ദ്ര എന്നെക്കുറിച്ചു പറഞ്ഞ പത്രക്കുറിപ്പ് മകള്‍ ഓടിവന്നു കാണിച്ചുതന്നു. ഞാനാണ് അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ സംരംഭക എന്നായിരുന്നു അതിലുണ്ടായിരുന്നത്. അതിന്റെ അര്‍ഥം പോലും എനിക്കറിയുമായിരുന്നില്ല.

ഇന്ന് ജീവിതം തിരക്കിട്ടതായി മാറി. വലിയ ഓര്‍ഡറുകളെല്ലാം ലഭിക്കുമ്പോള്‍ രാവിലെ എട്ടുമണി തൊട്ട് വൈകീട്ട് ആറുമണിവരെ ജോലി ചെയ്യും. ഇക്കാലത്ത് ഒരിക്കലും ബോറടിക്കുകയോ ഒറ്റപ്പെട്ടുവെന്നു തോന്നുകയോ ചെയ്തിട്ടില്ല. എന്റെ മക്കളോ കൊച്ചുമക്കളോ അവരുടെ കരിയര്‍ സംബന്ധിച്ച് ആശങ്കപ്പെടുമ്പോള്‍ ഞാനവരോട് പറയുന്നത് ഇതാണ്, ''നിങ്ങളുടെ മനസ്സു മാറ്റാന്‍ സമയം ഇനിയും വൈകിയിട്ടില്ല. മുത്തശ്ശിക്ക് തൊണ്ണൂറാം വയസ്സില്‍ ഇങ്ങനെ ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം''.

Content Highlights: 94 YO Entrepreneur Harbhajan Kaur story Viral