യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നു ശാലിനി. ഇതുവരെ പോകാത്ത പുതിയൊരു സ്ഥലത്തേക്ക്‌ നാലാം വിവാഹ വാർഷികത്തിൽ അവളും ഭർത്താവും ഒരു യാത്ര നിശ്ചയിച്ചു, അവരുടെ ജീവിതത്തെ ത്തന്നെ കീഴ്‌മേൽ മറിച്ച ഒരു യാത്ര! 


2012-ലായിരുന്നു ആ കംബോഡിയൻ യാത്ര. കുഞ്ഞിനെ ഗർഭം ധരിച്ച സമയം കൂടിയായിരുന്നു അത്‌. ആഹ്ലാദം നിറഞ്ഞ യാത്രയുടെ സന്തോഷം പക്ഷേ, അധികനാൾ നീണ്ടുനിന്നില്ല. തിരിച്ച്‌ ഇന്ത്യയിലെത്തിയപ്പോൾ വെറുമൊരു പനിയുടെ രൂപത്തിലായിരുന്നു ശാലിനിയുടെ യാതനകളുടെ തുടക്കം. ഡെങ്കിപ്പനിയോ മറ്റോ ആയിരിക്കുമെന്നോർത്തു. പതിയെപ്പതിയെ രോഗം കൂടുതൽ ഗുരുതരമായി. പല അവയവങ്ങളുടെയും പ്രവർത്തനത്തെ അതു ബാധിച്ചു. വൈകാതെ അബോധാവസ്ഥയിലേക്കും അവൾ വഴുതി വീണു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ ഇടറിനീങ്ങിയ ദിവസങ്ങൾ. മരണംവരെ സംഭവിക്കാമെന്ന്‌ ഡോക്ടർമാർ വിധിയെഴുതിയ കാലം.


വിശദമായ പരിശോധനയിലാണ്‌ ആ സത്യം തെളിഞ്ഞത്‌, വളരെ അത്യപൂർവമായ റിക്കെറ്റ്‌സിയൽ ബാക്ടീരിയ മൂലമുണ്ടായ ഒരു അണുബാധയാണ് വില്ലൻ. കംബോഡിയയിലെ താമസത്തിനിടെയാവാം ബാക്ടീരിയകൾ ശരീരത്തിൽ കയറിപ്പറ്റിയത്. ഈ അസുഖം ബാധിച്ചിട്ടുള്ളവരിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്‌ തിരികെ ജീവിതത്തിലേക്ക്‌ മടങ്ങിവന്നതെന്ന്‌ ഡോക്ടർമാർ പറഞ്ഞപ്പോൾ അവൾ കരഞ്ഞു.
പതുക്കെ അണുബാധ ശരീരത്തിലെ അവയവങ്ങളോരോന്നിനെയും പിടികൂടി. ആദ്യം ഇടതു കൈയിലായിരുന്നു ആക്രമണം. പഴുപ്പുപടർന്ന കൈയിൽനിന്ന്‌ ദുർഗന്ധം വമിച്ചുതുടങ്ങി. കൈ മുറിച്ചുമാറ്റിയില്ലെങ്കിൽ അണുബാധ മറ്റ്‌ അവയവങ്ങളുടെ പ്രവർത്തനത്തെയും നിശ്ചലമാക്കുമെന്നതിനാൽ അതുടൻ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.ഞെട്ടലോടെയാണ്‌ ശാലിനി ആ വാക്കുകൾ കേട്ടത്‌.  പ്രമുഖ മൾട്ടി നാഷണൽ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി തിളങ്ങി ഭർത്താവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടെയാണ്‌ തന്റെ ഒരു കൈ മുറിച്ചു മാറ്റണമെന്ന നിർദേശം!


വൈകാതെ ശാലിനിയുടെ ഇടതുകൈ മുറിച്ചുമാറ്റപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞു. ബെംഗളൂരുവിലെ ആസ്പത്രിവാസത്തിനിടെ ഒരു ദിവസം അപ്രതീക്ഷിതമായി ശാലിനിയുടെ വലതുകൈ തനിയെ അറ്റ്‌ താഴേക്കുവീണു. തൊട്ടടുത്തുണ്ടായിരുന്ന സഹോദരന്റെ മടിയിലേക്കാണ് വലതുകൈ അറ്റുവീണത്. വിശദമായ പരിശോധനയിൽ ശാലിനിയുടെ കാലുകളിലേക്കും അണുബാധ ബാധിക്കാനിടയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.  ജീവനുതന്നെ ഭീഷണിയായതിനാൽ ഇരുകാലുകളും മുറിച്ചുമാറ്റുകയാണ് ഒരേയൊരു പോംവഴിയെന്ന് അവർ ശബ്ദമിടറാതെ പറഞ്ഞു. 


അസുഖം തുടങ്ങുമ്പോൾ ഗർഭിണിയായിരുന്നു ശാലിനി. പിറക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി കുട്ടിയുടുപ്പുകളും സമ്മാനങ്ങളുമായി കാത്തിരുന്ന ദിനങ്ങളുടെ തിളക്കം പതുക്കെ മങ്ങിമങ്ങി ഇരുട്ടിലേക്ക് വഴിമാറി. അങ്ങനെ  കുഞ്ഞിക്കാലിനായുള്ള സ്വപ്നം ഗർഭാവസ്ഥയിൽ തന്നെ  ഉപേക്ഷിക്കേണ്ടിവന്നു ശാലിനിക്ക്. അണുബാധയെത്തുടർന്ന് ഗർഭം അലസിപ്പോയതോടെ ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം വീണുടയുന്നത് അവൾ നേരിൽ കണ്ടു. 
ആ ദിവസങ്ങളിലെല്ലാം വാക്കുകൾ കൊണ്ടും സാമീപ്യം കൊണ്ടും ആശ്വസിപ്പിച്ചും പ്രാർഥനകൾകൊണ്ട് ആത്മബലം നൽകിയും ഭർത്താവും മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം അവളുടെ ഒപ്പമുണ്ടായിരുന്നു. 
“പ്രയാസമേറിയ ആ സാഹചര്യങ്ങളെ  അതിജീവിക്കാൻ എനിക്കു കരുത്തായത് എന്റെ ഭർത്താവിന്റെ സാന്നിധ്യമായിരുന്നു”, ഭർത്താവ് പ്രശാന്ത് ചൗദപ്പയെക്കുറിച്ച് ശാലിനിയുടെ വാക്കുകൾ. പ്രമുഖ മൾട്ടി നാഷണൽ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് പ്രശാന്ത്. 


“എന്റെ ജീവിതത്തിൽ എന്തെങ്കിലും അദ്‌ഭുതം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, പ്രതിസന്ധികൾ വീണ്ടും കൂട്ടുകൂടിയപ്പോൾ ദേഷ്യവും സങ്കടവും അസ്വസ്ഥതയുമെല്ലാം എന്റെ ജീവിതത്തെ പൊതിഞ്ഞു” -ശാലിനി അക്കാലം ഓർമിക്കുന്നു. 


“ഞാൻ മാനസികമായി തയ്യാറെടുത്തു, എന്റെ ഇരു കാലുകളും മുറിച്ചുമാറ്റുന്ന നിമിഷത്തെ അംഗീകരിക്കാൻ. കാലുകൾ 
മുറിക്കുന്നതിന്റെ തലേദിവസം എനിക്കേറ്റവും ഇഷ്ടപ്പെട്ട പർപ്പിൾ കളറിലുള്ള നെയിൽപോളിഷ് ഇരുകാലുകളിലെയും നഖങ്ങളിൽ ഇട്ടു. മുറിച്ചുമാറ്റപ്പെടുമ്പോഴും എന്റെ കാലുകൾ മനോഹരമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മനസ്സുകൊണ്ട് മാറാൻ ഞാൻ തയ്യാറെടുത്തു. ഒന്നും ശാശ്വതമല്ല എന്ന് തിരിച്ചറിവുണ്ടായി. പക്ഷേ, ജീവിതത്തിൽ ഇതുപോലെയുള്ള നിമിഷങ്ങൾ പ്രിയപ്പെട്ടവരുടെ സ്നേഹം തിരിച്ചറിയാൻ സഹായിക്കും. എന്റെ ജീവിതത്തെ കൂടുതൽ ആസ്വദിക്കുവാനും ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്തി ജീവിക്കുവാനും ആ പ്രതിസന്ധിഘട്ടങ്ങൾ എന്നെ സഹായിച്ചു”,
-തന്റെ ജീവിതാവസ്ഥകളെ പുതിയൊരു വീക്ഷണകോണിലൂടെ കണ്ട ശാലിനിയുടെ വാക്കുകൾ. 


ആയുർവേദമുൾപ്പെടെ പരീക്ഷിച്ചത് ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരുത്തി. “ഇരുകാലുകളും ഇരുകൈകളും മുറിച്ചുമാറ്റപ്പെട്ട അവസ്ഥയിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു. അതിനായി എന്റെ ജീവിതത്തിൽ ഓരോ ദിവസവും കൊച്ചുകൊച്ചു ലക്ഷ്യങ്ങൾ  നിശ്ചയിച്ചു. നല്ല പുസ്തകങ്ങൾ വായിച്ചു. സുഹൃത്തുക്കളെ കാണുന്നതിൽ സന്തോഷം കണ്ടെത്തി. എന്റെ ഓരോ നാളെകളും കൂടുതൽ മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്തു. മഴയത്ത് നടക്കുന്നതും മഴത്തുള്ളികളെ നാവുനീട്ടി സ്വീകരിക്കുന്നതും കൈക്കുമ്പിളിൽ മഴത്തുള്ളികൾ ഏറ്റുവാങ്ങുന്നതും പുല്ലിനു മുകളിലൂടെ നഗ്നപാദരായി നടക്കുന്നതും പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുന്നതും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതും പുസ്തകമെഴുതുന്നതും യാത്ര പോകുന്നതുമെല്ലാം പുതിയൊരു തിളക്കത്തോടെ അനുഭവിക്കാൻ കഴിഞ്ഞു”, ശാലിനിയുടെ വാക്കുകൾ.


"ആശുപത്രിയിലെ ആദ്യത്തെ മൂന്നുമാസക്കാലം എനിക്ക് വലിയ പ്രയാസമുണ്ടായില്ല. എന്നാൽ ആദ്യം, ജീവിതത്തിൽ അപ്രതീക്ഷിതമായി ഓരോന്നായി നഷ്ടപ്പെട്ടപ്പോൾ ആരെയും കാണാൻ ഞാൻ ആഗ്രഹിച്ചില്ല. ആ അവസ്ഥയിൽ ഒരു കാഴ്ചവസ്തു ആകാൻ 
എനിക്കിഷ്ടമല്ലായിരുന്നു. എല്ലാവരെയും ഞാൻ വെറുത്തു. ലോകത്തിനുമുന്നിൽ ജീവിതം 
കൊട്ടിയടക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, ജീവൻ തിരിച്ചുകിട്ടാൻ അഞ്ചുശതമാനം സാധ്യത മാത്രമുള്ള സമയത്തും അനേകർ എനിക്കുവേണ്ടി പ്രാർഥിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാനിന്നും വിശ്വസിക്കുന്നു, ഞാനിന്നും ജീവിച്ചിരിക്കുന്നത്‌ അവരുടെ പ്രാർഥനകൊണ്ടുമാത്രമാണ്‌.” 


മാതാപിതാക്കൾ കൊല്ലം സ്വദേശികളായിരുന്നെങ്കിലും ശാലിനി വളർന്നതും പഠിച്ചതും ബെംഗളൂരുവിലാണ്‌. ബാംഗ്ളൂർ സെയ്‌ന്റ്‌ മേരീസ്‌ ഹൈസ്കൂളിലും മൗണ്ട്‌ കാർമൽ കോളേജിലുമായിട്ടാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. അച്ഛൻ ബെംഗളൂരു ഡി.ആർ.ഡി.ഒ.യിലാണ്‌ ജോലി ചെയ്തിരുന്നത്‌. രണ്ടു പെൺമക്കളിൽ ഇളയ ആളാണ്‌ ശാലിനി. മൗണ്ട്‌ കാർമൽ കോളേജിൽനിന്ന്‌ കൊമേഴ്‌സിൽ ബിരുദമെടുത്തശേഷം 2000-ത്തിൽ ആദ്യമായി ജോലിക്ക്‌ കയറി. പിന്നീട്‌ പല സ്ഥാപനങ്ങളിലും പ്രവർത്തിച്ച്‌ 2007-ൽ ‘ഫസ്റ്റ്‌ സോഴ്‌സ്‌ സൊലൂഷനിലെത്തി. 
ജീവിതത്തിൽ എങ്ങനെ ആയിരുന്നോ ആ സന്തോഷം തുടർന്നും നിലനിർത്തണമെന്ന്‌ ശാലിനി നിശ്ചയിക്കുന്നത് അക്കാലത്താണ്. സാധാരണജീവിതം നയിക്കാനുള്ള തയ്യാറെടുപ്പിൽ അവൾ കൃത്രിമ കൈകാലുകൾ ഉപയോഗിക്കാൻ ശീലിച്ചു.  ഒപ്പം ജോലിയിലും തിരിച്ചെത്തി. ഫസ്റ്റ്‌ സോഴ്‌സ്‌ സൊലൂഷനിൽ ഡെപ്യൂട്ടി ജനറൽ മാനേജരാണ്‌ ശാലിനി ഇപ്പോൾ.


കൃത്രിമ കൈകാലുകൾ ഉപയോഗിച്ച്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരുന്നതിനിടെയാണ്‌ ശാരീരികക്ഷമതാ പരിശീലകനായ അച്ചപ്പയെ പരിചയപ്പെടുന്നത്‌. അദ്ദേഹമാണ്‌ മാരത്തണിൽ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നത്‌. ‘‘അതുവരെ അക്കാര്യത്തെക്കുറിച്ച്‌ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അങ്ങനെ ടി.സി.എസ്‌. മാരത്തൺ ലക്ഷ്യമാക്കി പരിശീലനം തുടങ്ങി. ആദ്യത്തെ വർഷം കുറെദൂരം നടന്ന്‌ പരിശീലിച്ചു. ശാരീരികക്ഷമത വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. തിങ്കൾമുതൽ വെള്ളിവരെ ദിവസവും ഒന്നരമണിക്കൂറോളം പരിശീലിക്കുമായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നത്‌ ഞാൻ പലതവണ മനസ്സിൽ സങ്കല്പിച്ചു. പക്ഷേ, ഞാൻ പ്രതീക്ഷിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല മാരത്തൺ. അന്തരീക്ഷ ഈർപ്പം അന്ന്‌ വളരെ കൂടുതലായിരുന്നു. നിർജലീകരണംമൂലം ക്ഷീണിച്ചുപോയ എനിക്ക് രണ്ടുപ്രാവശ്യം ഓട്ടം നിർത്തി ബ്ലേയ്‌ഡ്‌ (കൃത്രിമകാൽ) വീണ്ടും ഉറപ്പിക്കേണ്ടിയും വന്നു. ആദ്യത്തെ ആറു കിലോമീറ്റർ വലിയ കുഴപ്പമില്ലാതെ ഓടി. പക്ഷേ, തുടർന്ന്‌ കൃത്യമായി ബാലൻസ്‌ കിട്ടാത്ത അവസ്ഥയുണ്ടായി.വിയർപ്പ്  ബ്ലേയ്‌ഡിനുള്ളിൽ നിറഞ്ഞതും പ്രയാസമുണ്ടാക്കി”, ശാലിനി തന്റെ ജീവിതത്തിലേക്കുള്ള മടക്കക്കുതിപ്പ് ഒാർക്കുന്നു. 
പിന്നീട്‌ പിറന്നത്‌ ചരിത്രം. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും വേദനകളെയും നഷ്ടങ്ങളെയും നേരിടാനുള്ള മനസ്സുമായി ശാലിനി 10 കിലോമീറ്ററോളം കൃത്രിമക്കാലുകളുമായി രണ്ടു മണിക്കൂറിൽ പിന്നിട്ട് വിജയതീരമണഞ്ഞു.


ഇരു കൈ കാലുകളും നഷ്ടപ്പെട്ടെങ്കിലും ഇന്ന്‌ ശാലിനി നയിക്കുന്നത്‌ സാധാരണ ജീവിതം. പ്രമുഖ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായും ഉത്തരവാദിത്വമുള്ള ഭാര്യയായും സന്തോഷത്തോടെ അവൾ ജീവിക്കുന്നു. ജോലി കഴിഞ്ഞുള്ള ശാലിനിയുടെ സമയവും തിരക്കേറിയതാണ്‌. തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്‌ ബ്ലോഗിൽ എഴുതുന്നതിനൊപ്പം കുട്ടികൾക്കും മറ്റുമായി പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്താനും ശാലിനി സമയം കണ്ടെത്തുന്നു. അസുഖം വന്ന്‌ രണ്ടുവർഷത്തിനുശേഷം 2014-ലാണ്‌ ശാലിനി ബ്ലോഗെഴുത്ത്‌ ആരംഭിക്കുന്നത്‌. അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക്‌ പകർത്തുമ്പോൾ സമാധാനമെന്ന്‌ ശാലിനി.


“ഇനിയുള്ള ജീവിതം സന്തോഷപ്രദമായിരിക്കണമെന്ന്‌ ഞാൻ തീരുമാനിച്ചു. കഴിഞ്ഞകാല നഷ്ടങ്ങളെയും നോക്കിയിരിക്കുന്നതാണ്‌ പലരുടെയും അസംതൃപ്തിക്ക്‌ കാരണം. എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതിലും മോശമായി ഇനിയൊന്നും സംഭവിക്കാനില്ല എന്ന്‌ ഞാൻ വിശ്വസിച്ചു. അതോടെ ചിന്തകളിലും ജീവിതത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നു.  പലരും ചിന്തിക്കുന്നത്‌ നല്ലൊരു ജോലി, വീട്‌, പണം, കാർ ഇവയൊക്കെയാണ്‌ ഏറ്റവും പ്രധാനമെന്നാണ്‌. പക്ഷേ, ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ ഇവയൊന്നും നമുക്ക്‌ ആശ്വാസം തരില്ല.  ഒരു യാത്ര, പൂക്കളുടെ സുഗന്ധം, കിളികൾ ... കൊച്ചുകൊച്ചു കാര്യങ്ങൾ പോലും മനസ്സിൽ വലിയ സന്തോഷം നിറയ്ക്കുന്നു”, ശാലിനി പറയുന്നു.

sskottaram@gmail.com